Tuesday, April 1, 2014

ജനദ്രോഹത്തിന് മറുപടി നല്‍കാന്‍

കോട്ടയം: ജനക്ഷേമം മറന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയാവും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ്് മാത്യു ടി തോമസ്. ""മുടക്കിയാല്‍ ലാഭം കിട്ടണമെന്നതാണ് ഭരണകൂടത്തിന്റെ ദൗത്യമെന്ന തരത്തിലാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്. ഈ ചിന്ത ഭരണകൂടത്തില്‍ ശക്തിപ്പെട്ടതോടെയാണ് ജനക്ഷേമപദ്ധതികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്"" കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേരള ജനത തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കും. ഇത് എല്‍ഡിഎഫിന് വന്‍ വിജയം നല്‍കുമെന്ന് ജനതാദള്‍ എസ് സംസ്ഥാനപ്രസിഡന്റ് മാത്യു ടി തോമസ് "ദേശാഭിമാനി"യോട് പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നു. ജനകോടികള്‍ക്ക് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ നയം. 1991ല്‍ ധനമന്ത്രിയായിരിക്കുമ്പോള്‍തന്നെ മൂലധനശക്തികള്‍ക്ക് ഇന്ത്യയുടെ വാതായനങ്ങള്‍ തുറന്നു കൊടുക്കാന്‍ മന്‍മോഹന്‍സിങ് ശ്രമിച്ചിരുന്നു. 2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു മന്ത്രിസഭ എന്നതിനാല്‍, ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനായില്ല. 2009ല്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ രണ്ടാം യുപിഎ അധികാരമേറ്റശേഷം ഈ നയങ്ങള്‍ തീവ്രമായി നടപ്പാക്കിത്തുടങ്ങി. സോണിയ ഗാന്ധി എന്ന ഹൈക്കമാന്‍ഡ് എന്തുപറഞ്ഞാലും അതു നടപ്പാക്കി.

?ജനക്ഷേമം മറന്നുള്ള ഭരണത്തിന് തിരിച്ചടി പ്രതീക്ഷിക്കാമോ

കോണ്‍ഗ്രസിന്റെ നയങ്ങളാണ് ഇവിടെ വിലക്കയറ്റം രൂക്ഷമാക്കിയത്. നാട്ടിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാതായി. ഉല്‍പ്പാദനപ്രക്രിയക്ക് തിരിച്ചടി നേരിട്ടപ്പോള്‍ സമ്പദ്ഘടന തകര്‍ന്നു. പെട്രോള്‍, ഡീസല്‍, പാചകവാതക വില കുത്തനെ ഉയര്‍ത്തി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്ന നിബന്ധന അടിച്ചേല്‍പ്പിച്ചു. സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പെന്‍ഷന്‍ എന്നത് മാറ്റിവയ്ക്കപ്പെട്ട വേതനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്നു.

? കാര്‍ഷികമേഖലയുടെ പ്രതികരണം എങ്ങനെയാവും

കേരളത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ റബര്‍ കര്‍ഷകരോട് ഈ സര്‍ക്കാര്‍ചെയ്തത് കൊടുംചതിയല്ലേ. കര്‍ഷക പാര്‍ടിയുടെ നേതാവെന്ന് പറയുന്ന ധനമന്ത്രി കെ എം മാണിക്ക് പ്രസ്താവനകള്‍ നടത്താനല്ലാതെ അവരെ സഹായിക്കാന്‍ സാധിച്ചോ? രാജ്യത്ത് ആവശ്യമുള്ളത്ര റബര്‍ ഉല്‍പ്പാദിപ്പിക്കുമ്പോഴാണ് ഇവിടേക്ക് തീരുവ കുറച്ച് യഥേഷ്ടം ഇറക്കുമതിചെയ്യാന്‍ വ്യവസായികളെ പ്രോത്സാഹിപ്പിച്ചു. സര്‍ക്കാരിനെ പിന്താങ്ങുന്ന കെ എം മാണിയും ഇതിന് കൂട്ടുനിന്നു എന്നത് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കേവലം വോട്ട് ലക്ഷ്യമാക്കി ഇപ്പോള്‍ സംഭരണം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.

?കേരളം വികസനക്കുതിപ്പിലാണെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ വസ്തുതയുണ്ടോ

പ്രഖ്യാപനങ്ങളും പ്രചാരണ കോലാഹലങ്ങളുമല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടോ. ജനജീവിതത്തെ ഗുണപരമായി സ്പര്‍ശിക്കുന്ന സ്ഥായിയായ വികസനം നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് കുത്തഴിഞ്ഞു. ഖജനാവില്‍ മൂവായിരം കോടിയിലേറെ രൂപ മിച്ചം വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫിനെ ഭരണം ഏല്‍പ്പിച്ചത്. ഈ പണം എവിടെപ്പോയെന്ന് വിശദീകരിക്കണം. കരാറുകാര്‍ക്ക് രണ്ടായിരം കോടിയിലേറെ കുടിശ്ശികയാണ്. ക്ഷേമപെന്‍ഷനുകളും മുടങ്ങി.

? ആര്‍എസ്പി വിട്ടുപോക്ക് എല്‍ഡിഎഫിനെ ബാധിച്ചിട്ടുണ്ടോ

ആര്‍എസ്പി സീറ്റിന്റെ പേരില്‍ യുഡിഎഫിലേക്ക് പോയത് തികഞ്ഞ ആത്മവഞ്ചനയാണ്. ഇത് ഒരുതരത്തിലും എല്‍ഡിഎഫിനെ ബാധിക്കില്ല. ആദര്‍ശത്തിന്റെ പേരിലല്ല ആര്‍എസ്പി പോയത്. അതുകൊണ്ടുതന്നെ, പ്രമാണങ്ങളിലും ആദര്‍ശങ്ങളിലും വിശ്വസിക്കുന്ന ഒരു ആര്‍എസ്പി പ്രവര്‍ത്തകനും എന്‍ കെ പ്രേമചന്ദ്രന്റെയും എ എ അസീസിന്റെയും നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. യുഡിഎഫിലേക്കുള്ള ആര്‍എസ്പിയുടെ പോക്ക് ആസൂത്രിതമായിരുന്നു. രണ്ട് എംഎല്‍എമാര്‍ കൂറുമാറിപ്പോയി എന്ന സംഖ്യാബലത്തിലുള്ള ഇടിവല്ലാതെ എല്‍ഡിഎഫിന്റെ ആശയപരമായ ദൃഢതയോ ആര്‍എസ്പിയിലെ പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെ പിന്തുണയോ നഷ്ടപ്പെട്ടിട്ടില്ല.

കെ എസ് ഷൈജു deshabhimani

No comments:

Post a Comment