Friday, January 20, 2012

ഇന്ത്യയുടെ ആകാശവും വിദേശ കുത്തകള്‍ക്ക് തീറെഴുതാന്‍ കേന്ദ്ര നീക്കം

 ഇന്ത്യയുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്ഥവും ആഗോള-വിദേശ കുത്തകകളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് വണങ്ങി നില്‍ക്കാന്‍ വെമ്പുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ വ്യോമയാന മേഖലാ മൊത്തക്കച്ചവടത്തിനെതിരേ പ്രതിഷേധം ശക്തം. ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപമിറക്കാന്‍ അനുവദിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് പരക്കെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. വിവിധ തൊഴിലാളി യൂണിയനുകളും പൈലറ്റുമാരുടെ യൂണിയനുകളുമാണ് പ്രതിഷേധവുമായി മുന്‍നിരയിലുള്ളത്.

വിദേശ നിക്ഷേപം അനുവദിച്ചാല്‍ ക്രമേണ ഇന്ത്യന്‍ വിമാന കമ്പനികളെ വിദേശ കമ്പനികള്‍പൂര്‍ണ്ണമായും വിഴുങ്ങുമെന്നും ഇന്ത്യന്‍ വിമാന കമ്പനികള്‍ ഇല്ലാതാകുമെന്ന് മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെയും വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ ആകാശത്ത് വിദേശ വിമാന കമ്പനികള്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്ന അവസ്ഥയും വിദൂരമായിരിക്കില്ല. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ വ്യോമയാന മേഖലയ്ക്കായി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ പദ്ധതിയില്‍ ഇന്ത്യയന്‍ വിമാന കമ്പനികളില്‍ വിദേശ വിമാന കമ്പനികളുടെ നിക്ഷേപം അനുവദിക്കണമെന്ന് പറയുന്നു.

ഇത് നടപ്പാക്കുന്നതിനായി കഴിവതും വേഗത്തില്‍ പൊതു സമവായമുണ്ടാക്കിയെടുക്കണമെന്നും കമ്മീഷന്‍ രേഖകളില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരാകട്ടെ എങ്ങനെയും ഇത് നടപ്പാക്കാനുള്ള ശ്രമത്തിലുമാണ്.

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചിട്ട് എത്ര നിക്ഷേപമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ്( എഫ് ഐ എ) സര്‍ക്കാര്‍ നീക്കത്തിന് എതിരാണ്. ആഗോളതലത്തില്‍ വ്യോമയാ മേഖലയില്‍ നിയന്ത്രിത വിദേശ നിക്ഷേപമേ പാടുള്ളുവെന്നിരിക്കെ ഇന്ത്യന്‍ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം അനുവദിക്കുന്നത് ഇന്ത്യന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് എഫ് ഐ എ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നുള്ള രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ വിദേശ കമ്പനികള്‍ സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ സാധ്യത.
വര്‍ദ്ധിച്ച വിദേശ നിക്ഷേപം ഇന്ത്യന്‍ വിമാന കമ്പനികളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും, ഭാവിക്കും, മൊത്തത്തിലും തിരിച്ചടിയായിരിക്കുമെന്ന് എഫ് ഐ എ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ പരമാധികാരവും രാജ്യ സുരക്ഷയും മുന്‍ നിര്‍ത്തി രാജ്യങ്ങള്‍ സ്വന്തം വ്യോമയാന മേഖല വിദേശ കമ്പനികള്‍ക്ക് അനിയന്ത്രിതമായി തുറന്നു കൊടുക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയ എഫ് ഐ എ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത് അവസ്ഥയുണ്ടാകുമെന്നും വിദേശ കമ്പനികളുടെ സര്‍വ്വാധിപത്യമാകും ഫലമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അന്താരാഷ്ട്ര ചെമ്പര്‍ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ സര്‍ക്കാരുകളും, തൊഴിലാളി യൂണിയനുകളും പൈലറ്റുമാരുടെ യൂണിയനുകളും പ്രകടിപ്പിക്കുന്ന എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വര്‍ദ്ധിച്ച വിദേശ നാണ്യം നേടിത്തരുന്ന വിമാന കമ്പനികളെ വിദേശികളുടെ കൈയ്യിലേക്ക് തന്നെ കൊടുക്കുന്നത് രാജ്യ താല്‍പ്പര്യത്തിന് യോജിച്ചതല്ലെന്നും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസ്ഥാവനയില്‍ പറഞ്ഞു

janayugom 200112

1 comment:

  1. ഇന്ത്യയുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്ഥവും ആഗോള-വിദേശ കുത്തകകളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് വണങ്ങി നില്‍ക്കാന്‍ വെമ്പുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ വ്യോമയാന മേഖലാ മൊത്തക്കച്ചവടത്തിനെതിരേ പ്രതിഷേധം ശക്തം. ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപമിറക്കാന്‍ അനുവദിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് പരക്കെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. വിവിധ തൊഴിലാളി യൂണിയനുകളും പൈലറ്റുമാരുടെ യൂണിയനുകളുമാണ് പ്രതിഷേധവുമായി മുന്‍നിരയിലുള്ളത്.

    ReplyDelete