Tuesday, February 14, 2012

'വാട്ട് എ ഡേര്‍ട്ടി, നാസ്റ്റി സ്‌കൂള്‍'- എം പി പത്‌നിയുടെ ശകാരം

തിരുവനന്തപുരം: സര്‍ക്കാരിന്റെ മാതൃകാ വിദ്യാലയം എം പി പത്‌നിക്ക് വൃത്തികെട്ട സ്‌കൂള്‍. പോരാത്തതിന് അധ്യാപകര്‍ക്ക് എം പി പത്‌നിവക ശകാരവര്‍ഷവും. തിരുവനന്തപുരം എം പി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറാണ് ഇന്നലെ മണക്കാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'അനൗദ്യോഗിക' മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. സ്‌കൂളില്‍ ഇ - ടോയ്‌ലറ്റ് ഇല്ലെന്നതായിരുന്നു ശശിതരൂരിന്റെ പത്‌നിയെ വിറളിപിടിപ്പിച്ചത്.

സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നേരത്തേ എം പി ഫണ്ടില്‍നിന്നും പി ടി എ സഹായം ചോദിച്ചിരുന്നു. ഇന്നലെ രാവിലെ 11 ന് സ്‌കൂളില്‍ പരിശോധനകള്‍ക്കായി മാഡം എത്തുന്നുണ്ട് എന്ന് സ്‌കൂള്‍ അധികൃതരെ എം പിയുടെ ഓഫീസില്‍നിന്നും അറിയിക്കുകയായിരുന്നു. മാഡം ആരെന്നറിയാതെ അധ്യാപകര്‍ അങ്കലാപ്പിലായി.  അധ്യാപകരേയും വിദ്യാര്‍ഥികളേയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ഉച്ചയ്ക്ക് 2.30 ന് സുനന്ദ പുഷ്‌കറും അനുചരന്‍മാരും സ്‌കൂളിലെത്തി.  ശശി തരൂരിന്റെ ഭാര്യയെന്ന് സ്വയം പരിചയപ്പെടുത്തിയ സുനന്ദ പുഷ്‌കര്‍ സ്‌കൂളിലെ പശ്ചാത്തല സൗകര്യങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ നടത്താന്‍ ആരംഭിച്ചു.

ആധുനിക ലോകത്തിന്റെ സകല ഭോഷ്‌കിലും ജീവിച്ച് വളര്‍ന്ന മാഡത്തിന് സ്‌കൂളിന്റെ ഇല്ലായ്മകള്‍ ദഹിച്ചില്ല. ആദ്യം കുട്ടികളോടാണ് തട്ടിക്കയറിയത്. സ്‌കൂളിലെ പരാധീനതകള്‍ സംബന്ധിച്ച് സുനന്ദ നടത്തിയ ആക്രോശത്തിന് മറുപടി നല്‍കാന്‍ പേടിച്ചരണ്ട കുട്ടികള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ  സുനന്ദ പുഷ്‌കറിന്റെ തട്ടിക്കയറല്‍ അധ്യാപകര്‍ക്കുനേരെയായി. 'വാട്ട് എ ഡെര്‍ട്ടി ആന്റ് നാസ്റ്റി സ്‌കൂള്‍' എന്നായിരുന്നു മാഡത്തിന്റെ കമന്റ്.  

സ്‌കൂളിന്റെ ഇല്ലായ്മകള്‍ സംബന്ധിച്ച് തന്റെ  ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സ്‌കൂളിലെ ഒരു വിഭാഗം അധ്യാപകര്‍ സ്‌കൂള്‍ പിശോധിക്കാന്‍ എം പിയുടെ ഭാര്യക്ക് അധികാരമുണ്ടോ എന്ന കാര്യം സര്‍വീസ് വിദഗ്ധരോട് തിരക്കി. ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കയറി പരിശോധിക്കാനുള്ള അവകാശം സംബന്ധിച്ച് യാതൊരുത്തരവും   നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും പറഞ്ഞു. ഇത് കേട്ട് അധ്യാപകര്‍ മാഡത്തോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. പന്തികേട് ഉള്‍ക്കൊണ്ട മാഡം അനുചരന്‍മാരേയും കൂട്ടി സ്ഥലം വിട്ടു.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എം പി ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ എം പിയുടെ ഓഫീസില്‍ നിവേദനം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള നിവേദനങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി അവരാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തുക അനുവദിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ചെറുതായല്ല പാടുപെടുന്നത്. എം പി ഫണ്ടില്‍നിന്നും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് തുക അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍ എം പി ആയി വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ഒരു രൂപാ പോലും എം പി ഫണ്ടില്‍നിന്നും അനുവദിച്ചിട്ടില്ല. ഇതില്‍ പരാതിപ്പെടാതെ തങ്ങളുടെ കുട്ടികള്‍ക്ക് ആഹാരം നല്‍കുന്നതുപോലെ തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ആഹാരം നല്‍കണം എന്നത് ഒരു തപസ്യയായി സ്വീകരിച്ചാണ് അധ്യാപകര്‍ ഇതിനുള്ള തുക കണ്ടെത്തുന്നത്. ഇതിനിടയിലാണ് സര്‍ക്കാര്‍ വിദ്യാലയത്തെ അവഹേളിച്ചുകൊണ്ട് എം പി പത്‌നിവക മിന്നല്‍ പരിശോധനയും ശകാരവും.

വിമാനത്തിലെ ഇക്കണോമി ക്ലാസിനെ കന്നുകാലി വിഭാഗം എന്ന് വിശേഷിപ്പിച്ച എം പി ശശിതരൂരിന്റെ പത്‌നിക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വൃത്തികെട്ട സ്‌കൂളായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ഭരണ- പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

janayugom 140212

2 comments:

  1. സര്‍ക്കാരിന്റെ മാതൃകാ വിദ്യാലയം എം പി പത്‌നിക്ക് വൃത്തികെട്ട സ്‌കൂള്‍. പോരാത്തതിന് അധ്യാപകര്‍ക്ക് എം പി പത്‌നിവക ശകാരവര്‍ഷവും. തിരുവനന്തപുരം എം പി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറാണ് ഇന്നലെ മണക്കാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'അനൗദ്യോഗിക' മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. സ്‌കൂളില്‍ ഇ - ടോയ്‌ലറ്റ് ഇല്ലെന്നതായിരുന്നു ശശിതരൂരിന്റെ പത്‌നിയെ വിറളിപിടിപ്പിച്ചത്.

    ReplyDelete
  2. മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് തന്റെ പിതാവിന്റെ പേരിലുള്ള ചന്ദ്രന്‍ തരൂര്‍ ഫൗണ്ടേഷനില്‍നിന്നാണ് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ധനസഹായം നല്‍കുന്നതെന്ന് ശശി തരൂര്‍ എംപി അറിയിച്ചു. എംപി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്റെ പത്നി മണക്കാട് സ്കൂള്‍ സന്ദര്‍ശിച്ചതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് വൃത്തിയും സൗകര്യവുമുള്ള ടോയ്ലറ്റുകള്‍ നിര്‍മിച്ചുകൊടുക്കുന്നതിന്റെ ഭാഗമായാണ് സുനന്ദ പുഷ്കര്‍ മണക്കാട് സ്കൂള്‍ സന്ദര്‍ശിച്ചത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത സ്കൂളുകളിലാണ് ആധുനിക ടോയ്ലറ്റുകള്‍ സജ്ജീകരിക്കുന്നത്.(deshabhimani)

    ReplyDelete