Tuesday, February 14, 2012

സിപിഐയുമായി രാഷ്ട്രീയപ്രശ്നമില്ല: കോടിയേരി

സിപിഐയുമായി രാഷ്ട്രീയമായി ഒരു തര്‍ക്കവുമില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വാദപ്രതിവാദങ്ങള്‍ രണ്ടു കക്ഷികളുമായുള്ള യോജിപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയസാഹചര്യമാണ് ദേശീയതലത്തിലും കേരളത്തിലുമുള്ളത്. സിപിഐ എമ്മുമായി രാഷ്ട്രീയമായി അടുത്തുനില്‍ക്കുന്ന പാര്‍ടി സിപിഐയാണ്. നിസ്സാരപ്രശ്നങ്ങള്‍ പര്‍വതീകരിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയെന്നത് കുത്തകമാധ്യമങ്ങള്‍ പരിപാടിയാക്കി മാറ്റുകയാണെന്നും കോടിയേരി പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ പാര്‍ടികളുമായി യോജിച്ച് നില്‍ക്കേണ്ട ഇടതുപക്ഷ ഗ്രൂപ്പുകളുമായും ഇടതുപക്ഷ ചിന്താഗതിക്കാരുമായും ചേര്‍ന്നുകൊണ്ട് വിശാലമായ ഇടതുപക്ഷപ്രസ്ഥാനം വളര്‍ത്താനുള്ള സാധ്യതയാണ് കേരളത്തിലും ദേശീയതലത്തിലും ഉള്ളത്. ഇപ്പോഴത്തെ അസ്വാരസ്യങ്ങള്‍ താല്‍ക്കാലികമാണ്. അത് തുടര്‍ച്ചയായ വിവാദമാക്കി കൊണ്ടുനടക്കുകയെന്ന താല്‍പര്യം സിപിഐ എമ്മിനില്ല. ഞങ്ങള്‍ക്കെതിരെ പറഞ്ഞ കാര്യത്തിന് ആ സന്ദര്‍ഭത്തില്‍ മറുപടി നല്‍കി. സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദപരാമര്‍ശത്തില്‍ സി കെ ചന്ദ്രപ്പന്‍ ഖേദംപ്രകടിപ്പിച്ചതാണ്. ഇതിനുശേഷം മറ്റുള്ളവര്‍ ഏറ്റുപിടിച്ചത് ശരിയല്ല. സിപിഐ എമ്മിന് സമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സഹായം ആവശ്യമില്ല. ആരോപണത്തിനിരയായ ഗ്രൂപ്പുതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പാര്‍ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളാണ് ഓരോ സമ്മേളനവും വിജയിപ്പിക്കുന്നത്. നന്നായി, മാന്യമായ ഭാഷയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളും. ഇതിന്റെ ഫലമായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ടിയായി മാറിയത്. ദിവസേന വാദപ്രതിവാദങ്ങള്‍ ഉന്നയിക്കുന്നത് മുന്നണിക്ക് നല്ലതല്ലെന്നും കോടിയേരി പറഞ്ഞു.

മുന്നണി വിടുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: ചന്ദ്രപ്പന്‍

സിപിഐ എല്‍ഡിഎഫ് വിട്ടുപോകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിപിഐയും സിപിഐ എമ്മും തമ്മില്‍ കൂടുതല്‍ ദൃഢമായ ഐക്യം സാധ്യമാക്കുന്നതിനെക്കുറിച്ചും എല്‍ഡിഎഫ് അടിത്തറ കൂടുതല്‍ വിപുലമാക്കേണ്ടതിന്റെ ആവശ്യകതയുമാണ് കൊല്ലത്ത് താന്‍ ഊന്നിപ്പറഞ്ഞത്. അതിനു വിരുദ്ധമായി എല്‍ഡിഎഫ് വിട്ടുപോകുമെന്ന ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു.

deshabhimani 140212

1 comment:

  1. സിപിഐയുമായി രാഷ്ട്രീയമായി ഒരു തര്‍ക്കവുമില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വാദപ്രതിവാദങ്ങള്‍ രണ്ടു കക്ഷികളുമായുള്ള യോജിപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയസാഹചര്യമാണ് ദേശീയതലത്തിലും കേരളത്തിലുമുള്ളത്. സിപിഐ എമ്മുമായി രാഷ്ട്രീയമായി അടുത്തുനില്‍ക്കുന്ന പാര്‍ടി സിപിഐയാണ്. നിസ്സാരപ്രശ്നങ്ങള്‍ പര്‍വതീകരിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയെന്നത് കുത്തകമാധ്യമങ്ങള്‍ പരിപാടിയാക്കി മാറ്റുകയാണെന്നും കോടിയേരി പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete