Monday, February 13, 2012

നിബന്ധനകള്‍ കാറ്റില്‍പറത്തുന്നു; ആനകള്‍ക്ക് പീഡനകാലം


കൊല്ലം: ഉത്സവകാലം ആരംഭിച്ചതോടെ ആനകള്‍ക്കെതിരായ പീഡനവും പെരുകുന്നു. അമിതജോലിഭാരവും പാപ്പാന്‍മാരുടെ പീഡനവും കാരണം ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനിടെ ആനകള്‍ ഇടയുന്നത് പതിവായി. കഴിഞ്ഞ ഒരുമാസത്തിനിടെ നഗരത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കൊണ്ടുവന്ന അഞ്ച് ആനകളാണ് ഇടഞ്ഞത്. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് വനം വന്യജീവി വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആനപ്രേമികള്‍ പരാതിപ്പെടുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടികളാകുന്ന പാപ്പാന്‍മാരുടെ മൂന്നാംമുറയ്ക്ക് ആനകള്‍ ഇരയാകുന്നതും പതിവാണ്.

ഉത്സവകാലം തുടങ്ങിയതോടെ നാല് ക്ഷേത്രങ്ങളിലായി അഞ്ച് ആനകളാണ് ഇടഞ്ഞത്. കഴിഞ്ഞദിവസം ശക്തികുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിയ ചിറയ്ക്കല്‍ മഹാദേവന്‍ എന്ന ആനയെ കാറിടിച്ചു. വിരണ്ട ആന പത്ത് കിലോമീറ്റര്‍ ഓടി വീടുകളുടെ മതിലും ഗേറ്റുകളും തകര്‍ത്തു. തുടര്‍ന്ന് കടലില്‍ ചാടിയ ആന പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ആനയെ നാലുപ്രാവശ്യം മയക്കുവെടിവച്ചശേഷമാണ് തളച്ചത്. ശനിയാഴ്ച ഉമയനല്ലൂര്‍ മുണ്ടിച്ചിറ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയടി ബാബു എന്ന ആന സമീപത്തുനിന്ന ആനകളെ കുത്താന്‍ ശ്രമിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മണ്‍ട്രോത്തുരുത്ത് പേഴുംതുരുത്ത് ദേവീക്ഷേത്രത്തില്‍ ഗജമേളയ്ക്കിടെയും ആനകള്‍ വിരണ്ടു. ഭരണിക്കാവില്‍ ഗജമേളക്കിടെ ആനവിരണ്ടതും പരിഭ്രാന്തി പരത്തി. കഴിഞ്ഞ രണ്ടിന് കിഴക്കേകല്ലട പൈങ്ങാവില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗണപതി എന്ന ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ അഞ്ചല്‍ അലയമണ്‍ സുപ്രഭ ഭവനില്‍ വിക്രമന്‍പിള്ള (62) ശനിയാഴ്ച മരിച്ചു. കഴിഞ്ഞ മാസം പേരൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് കൊണ്ടുവന്ന ആന പാപ്പാനെ നിലത്തടിച്ച് കൊന്നു.

ഒന്നുമുതല്‍ അഞ്ചുമാസംവരെ നീണ്ടുനില്‍ക്കുന്ന മദപ്പാട് സാധാരണ ഉത്സവകാലങ്ങളിലാണ് കണ്ടുവരുന്നത്. എന്നാല്‍ , ആനഉടമകള്‍ സാമ്പത്തികലാഭം ലക്ഷ്യമാക്കി തീറ്റയും വെള്ളവും കുറച്ചും ഹോമിയോ മരുന്നും ഹോര്‍മോണ്‍ കുത്തിവയ്പും നല്‍കിയും മദപ്പാടിന് താല്‍ക്കാലിക ശമനം വരുത്തും. ഗജഘോഷയാത്രകളില്‍ ആനകള്‍ തമ്മില്‍ പതിനഞ്ചടി അകലം പാലിക്കണമെന്നാണ് നിബന്ധന. എന്നാലത് കൃത്യമായി പാലിക്കാറില്ല. ഇടയുന്ന ആനകള്‍ മറ്റാനകളെ ആക്രമിക്കുന്നതിനും ഇത് വഴിയൊരുക്കും. കമ്പവും വെടിക്കെട്ടുകളും ആനകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനുശേഷം മാത്രമെ നടത്താവൂ എന്ന നിര്‍ദേശവും പാലിക്കാറില്ല. ആനകളെ ഗജഘോഷയാത്രകളിലും ഉത്സവങ്ങളിലും ആറുമണിക്കൂര്‍ മാത്രമെ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ആനകളുടെ ഉറക്കക്കുറവ് ഇടയാനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. ദിവസം 20 മണിക്കൂര്‍ ഭക്ഷണം കഴിക്കുന്ന ആനയ്ക്ക് നാലുമണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധനിര്‍ദേശം.
(ഷാനു കേരളപുരം)

deshabhimani 130212

1 comment:

  1. ഉത്സവകാലം ആരംഭിച്ചതോടെ ആനകള്‍ക്കെതിരായ പീഡനവും പെരുകുന്നു. അമിതജോലിഭാരവും പാപ്പാന്‍മാരുടെ പീഡനവും കാരണം ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനിടെ ആനകള്‍ ഇടയുന്നത് പതിവായി. കഴിഞ്ഞ ഒരുമാസത്തിനിടെ നഗരത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കൊണ്ടുവന്ന അഞ്ച് ആനകളാണ് ഇടഞ്ഞത്. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് വനം വന്യജീവി വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആനപ്രേമികള്‍ പരാതിപ്പെടുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടികളാകുന്ന പാപ്പാന്‍മാരുടെ മൂന്നാംമുറയ്ക്ക് ആനകള്‍ ഇരയാകുന്നതും പതിവാണ്.

    ReplyDelete