Monday, February 13, 2012

ജിസിഡിഎ ഭൂമി കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നല്‍കാന്‍ നീക്കം

കൊച്ചി: നഗരകേന്ദ്രത്തില്‍ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) ഭൂമി കുറഞ്ഞ തുകയ്ക്ക് ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാന്‍ നീക്കം. മണപ്പാട്ടിപ്പറമ്പിലെ 1.80 ഏക്കര്‍ ഭൂമിയാണ് ഷോപ്പിങ് മാള്‍ നിര്‍മാണത്തിനായി സ്വകാര്യ കമ്പനിക്ക് 37 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച ചേരും. മുഖ്യമന്ത്രിയുടെ ബന്ധുവായ മുതിര്‍ന്ന ജിസിഡിഎ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കോടികളുടെ കമീഷനില്‍ കണ്ണുനട്ടുള്ള ചരടുവലി. അധികാരത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും ജിസിഡിഎ ചെയര്‍മാനെ നിയമിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വടംവലിയും രൂക്ഷമാണ്. ഇതു മുതലെടുത്താണ് ഈ ഉദ്യോഗസ്ഥന്‍ ഭൂമി ഇടപാടിനായി നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് സൂചന. ജിസിഡിഎയിലെ മറ്റൊരു ഉദ്യോഗസ്ഥനും കച്ചവടത്തിന് മുഖ്യ പങ്കുവഹിക്കുന്നു. പുതിയ ചെയര്‍മാന്‍ എത്തും മുമ്പ് ഭൂമി സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായാണ് തിരക്കുപിടിച്ച് തിങ്കളാഴ്ച എക്സിക്യൂട്ടീവ് യോഗം നിശ്ചയിച്ചത്.

സര്‍ക്കാര്‍ കണക്കുപ്രകാരം 200 കോടിയോളം രൂപ ആസ്തിയുള്ള ഭൂമി പ്രതിവര്‍ഷം കേവലം 50 ലക്ഷം രൂപയ്ക്കാണ് പാട്ടത്തിനു നല്‍കാന്‍ ഒരുങ്ങുന്നത്. ഇവിടെ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ കോടികളുടെ ആസ്തിയാണ് സ്വകാര്യകമ്പനിക്ക് ഉണ്ടാവുക; സര്‍ക്കാരിനാകട്ടെ കനത്ത നഷ്ടവും. ഭൂമിവില അടിക്കടി വര്‍ധിക്കുന്ന കൊച്ചിയെ സംബന്ധിച്ചിടത്തോളം ഓരോവര്‍ഷം കഴിയുന്തോറും നഷ്ടവും കൂടും. പദ്ധതിക്കായുള്ള ടെന്‍ഡറിനൊപ്പം സമര്‍പ്പിക്കേണ്ട ബിഡ് സെക്യൂരിറ്റി 50 ലക്ഷമായാണ് ആദ്യം നിശ്ചയിച്ചതെങ്കിലും കമ്പനിയുടെ അഭ്യര്‍ഥന മാനിച്ച് അഞ്ചുലക്ഷം രൂപയായി കുറയ്ക്കാനും ശ്രമമുണ്ട്. ഇക്കാര്യത്തെക്കുറിച്ചും തിങ്കളാഴ്ച തീരുമാനമുണ്ടാവും. അപേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് ബിഡ് സെക്യൂരിറ്റി കുറയ്ക്കുന്നത് ഒത്തുകളിക്കു തെളിവാണ്. പദ്ധതിനടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കലും യോഗലക്ഷ്യമാണ്. ഐസിഐസിഐ-കിന്‍ഫ്ര കമ്പനികളുടെ ആഭിമുഖ്യത്തിലുള്ള കണ്‍സല്‍ട്ടന്‍സി രൂപകല്‍പ്പനചെയ്ത പദ്ധതിയില്‍ ഒരു കമ്പനി കൂടി ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്്. 37 വര്‍ഷത്തില്‍ കൂടുതലാണ് ഇവര്‍ ആവശ്യപ്പെട്ട കാലാവധി. ഇടപാടിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍ മാര്‍ച്ചില്‍ വിരമിക്കുകയാണ്. ഇതിനുമുമ്പ് നടപടി പൂര്‍ത്തിയാക്കാനും ലക്ഷ്യമുണ്ട്. മുന്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് നഗരമധ്യത്തിലെ അഞ്ചുസെന്റ് ഭൂമി തട്ടിയെടുത്ത കേസില്‍ ജിസിഡിഎയിലെ ഒരു ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. അതിനു പിന്നാലെയാണ് പുതിയ തട്ടിപ്പിന് കളമൊരുങ്ങുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani 130212

1 comment:

  1. നഗരകേന്ദ്രത്തില്‍ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) ഭൂമി കുറഞ്ഞ തുകയ്ക്ക് ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാന്‍ നീക്കം. മണപ്പാട്ടിപ്പറമ്പിലെ 1.80 ഏക്കര്‍ ഭൂമിയാണ് ഷോപ്പിങ് മാള്‍ നിര്‍മാണത്തിനായി സ്വകാര്യ കമ്പനിക്ക് 37 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച ചേരും. മുഖ്യമന്ത്രിയുടെ ബന്ധുവായ മുതിര്‍ന്ന ജിസിഡിഎ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കോടികളുടെ കമീഷനില്‍ കണ്ണുനട്ടുള്ള ചരടുവലി. അധികാരത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും ജിസിഡിഎ ചെയര്‍മാനെ നിയമിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വടംവലിയും രൂക്ഷമാണ്. ഇതു മുതലെടുത്താണ് ഈ ഉദ്യോഗസ്ഥന്‍ ഭൂമി ഇടപാടിനായി നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് സൂചന. ജിസിഡിഎയിലെ മറ്റൊരു ഉദ്യോഗസ്ഥനും കച്ചവടത്തിന് മുഖ്യ പങ്കുവഹിക്കുന്നു. പുതിയ ചെയര്‍മാന്‍ എത്തും മുമ്പ് ഭൂമി സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായാണ് തിരക്കുപിടിച്ച് തിങ്കളാഴ്ച എക്സിക്യൂട്ടീവ് യോഗം നിശ്ചയിച്ചത്.

    ReplyDelete