Sunday, February 12, 2012

സഹകരണ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധിക്കുക സിപിഐ എം

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം അട്ടിമറിച്ച് കൈപ്പിടിയിലൊതുക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധ-ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. നിയമസഭ വേണ്ടെന്നുവെച്ച സംവിധാനം ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന് സഭയെയും ജനാധിപത്യത്തെത്തന്നെയും പരസ്യമായി വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ . ഇതിനെതിരെ സഹകാരികളും ബഹുജനങ്ങളും രംഗത്തിറങ്ങണം. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമാണ് നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ വോട്ടവകാശം. സുശക്തമായ ക്രെഡിറ്റ് സംഘങ്ങളെ മറികടന്ന് കടലാസ് സംഘങ്ങളുടെ മേധാവിത്തമാണ് യുഡിഎഫ് കൊണ്ടുവരുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതേ നിലയില്‍ സഹകരണ രംഗത്തെ ജനാധിപത്യത്തെ അട്ടിമറിച്ചിരുന്നു. കേരള നിയമസഭയാണ് പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ആ തെറ്റ് തിരുത്തിയത്. ആ നിയമസഭയെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ ഗവര്‍ണണറെ നിര്‍ബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഓര്‍ഡിനന്‍സിലൂടെ കടലാസ് സംഘങ്ങളും ഭവനനിര്‍മാണസംഘങ്ങളും വനിതാ സഹകരണസംഘങ്ങളും എംപ്ലോയീസ് സഹകരണസംഘങ്ങളുമടക്കം പതിനായിരത്തിലേറെ സംഘങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും. കടലാസ് സംഘങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വോട്ടിലൂടെ അധികാരം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. നിലവിലെ ജില്ലാബാങ്ക് ഭരണസമിതികള്‍ക്ക് രണ്ടുവര്‍ഷംകൂടി കാലാവധി ബാക്കിനില്‍ക്കെയാണ് ഈ അട്ടിമറി. യുഡിഎഫ് അധികാരമേറ്റശേഷം സഹകരണസംഘം ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് പതിവായി. സഹകരണ മേഖലയെ ഏതുമാര്‍ഗമുപയോഗിച്ചും യുഡിഎഫിന്റെ കാല്‍ച്ചുവട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും നേരിട്ട് നേതൃത്വം നല്‍കുന്നു. വായ്പാ മേഖലയുടെ തളര്‍ച്ച സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും.

യുഡിഎഫ് ഭരണകാലത്ത് അലങ്കോലപ്പെട്ടിരുന്ന സഹകരണ രംഗം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഇടപെടലിലൂടെ അസൂയാവഹമായ പുരോഗതിയിലാണ് എത്തിച്ചത്. സഹകരണ ജനാധിപത്യ കശാപ്പിനും അട്ടിമറിക്കുമെതിരെ സഹകാരികളുടെയും ബഹുജനങ്ങളുടെയും പ്രക്ഷോഭത്തിന്റെ തുടക്കമായി, തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ബാങ്കുകളും ഉപരോധിക്കും. സമരത്തില്‍ എല്ലാ സഹകാരികളും ജനാധിപത്യം പുലര്‍ന്നുകാണാനാഗ്രഹിക്കുന്ന ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

deshabhimani news

1 comment:

  1. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം അട്ടിമറിച്ച് കൈപ്പിടിയിലൊതുക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധ-ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. നിയമസഭ വേണ്ടെന്നുവെച്ച സംവിധാനം ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന് സഭയെയും ജനാധിപത്യത്തെത്തന്നെയും പരസ്യമായി വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ . ഇതിനെതിരെ സഹകാരികളും ബഹുജനങ്ങളും രംഗത്തിറങ്ങണം.

    ReplyDelete