Saturday, June 15, 2013

മാറ്റിയതോ പുറത്താക്കിയതോ? തിരുവഞ്ചൂര്‍ ഉരുണ്ടുകളിക്കുന്നു

സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുകേസിലെ പ്രതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടിസംബന്ധിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉരുണ്ടുകളിക്കുന്നു. പ്രതിയെ സംരക്ഷിച്ച് കുടുക്കിലായ മുഖ്യമന്ത്രിയുടെ മുഖംരക്ഷിക്കാനായി വാര്‍ത്താസമ്മേളനം നടത്തിയ തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായ പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പന്‍ മൊബൈല്‍ഫോണിലും ഗണ്‍മാന്‍ സലിംരാജ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവീട്ടിലെ ഫോണില്‍നിന്നും സരിതയെ വിളിച്ചതായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇവരെ മാറ്റിനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ഇത് തിരുവഞ്ചൂരും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. മാറ്റിനിര്‍ത്തല്‍ എന്നതുകൊണ്ട് എന്തുനടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാല്‍, റിപ്പോര്‍ട്ടിലെ ശുപാര്‍ശ എന്തെന്നു പറയാന്‍ മന്ത്രി തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ എഡിജിപി എ ഹേമചന്ദ്രന്റെ അന്വേഷണറിപ്പോര്‍ട്ട് മൂന്നുമാസത്തിനകം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. പൊലീസിന് പലരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ട്. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട കാര്യമില്ല. ക്രിമിനല്‍ നടപടി ചട്ടപ്രകാരം ആരോപണമുണ്ടാകുമ്പോള്‍ ആദ്യം പൊലീസ് അന്വേഷണമാണ് നടത്തേണ്ടത്. പ്രതികള്‍ രക്ഷപ്പെടാന്‍ ജുഡീഷ്യല്‍ അന്വേഷണം വഴിയൊരുക്കും. സരിത എസ് നായരെ അറസ്റ്റുചെയ്ത വിവരം താനറിഞ്ഞിരുന്നില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.

ഫോണ്‍ നല്‍കിയത് ഡിവൈഎസ്പി പറഞ്ഞിട്ടെന്ന് എഎസ്ഐ

കൊച്ചി/പെരുമ്പാവൂര്‍: ഡിവൈഎസ്പി നിര്‍ദേശിച്ചതനുസരിച്ചാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുംമുമ്പ് പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ സരിതയ്ക്കു ഫോണ്‍ നല്‍കിയതെന്ന് എഎസ്ഐ ജോര്‍ജ്. തന്റെ ഔദ്യോഗിക ഫോണില്‍ വിളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ് നിര്‍ദേശം നല്‍കിയതെന്ന് എഎസ്ഐ "ദേശാഭിമാനി"യോടു പറഞ്ഞു.

റിമാന്‍ഡില്‍ കഴിയുന്ന സരിതയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. സരിതയ്ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണ്‍ കൈമാറുന്നത് ചാനലുകള്‍ പകര്‍ത്തിയിരുന്നു. ഫോണ്‍ കൈമാറിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും കോടതി നടപടിയുമായി ബന്ധപ്പെട്ട കാര്യമാണ് സരിത സംസാരിച്ചതെന്നും ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ഫോണില്‍ സംസാരിക്കാന്‍ സൗകര്യം നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം റൂറല്‍ പൊലീസാണ് അന്വേഷിക്കുക. ഉന്നത ബന്ധമുള്ള സരിത സമാന സ്വഭാവമുള്ള മറ്റു നിരവധി കേസില്‍ പ്രതിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കൂടുതല്‍ ചോദ്യംചെയ്യലിന് സരിതയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. വിവിധ ജില്ലകളിലായി നിലവില്‍ 13 കേസുകള്‍ സരിതയ്ക്കെതിരെയുണ്ട്. സരിതയെ കസ്റ്റഡിയില്‍ ചോദിച്ച് ആറന്മുള പൊലീസും പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നാംപ്രതിയും സരിതയുടെ ഭര്‍ത്താവുമായ ബിജു ആര്‍ നായര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ടീം സോളാര്‍ കമ്പനിയുടെ എറണാകുളം ചിറ്റൂര്‍ റോഡിലെ സോണല്‍ ഓഫീസില്‍ റെയ്ഡ് നടത്തി. ബിജുവിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു.

സരിതയെ ഫോണില്‍ വിളിച്ചെന്ന് മന്ത്രി കെ സി ജോസഫ്

തിരു: സരിത എസ് നായരുമായി മന്ത്രി കെ സി ജോസഫും ഫോണില്‍ ബന്ധപ്പെട്ടു. സരിതയുടെ സ്ഥാപനമായ ടീം സോളാറിന്റെ കോട്ടയം ഓഫീസ് ഉദ്ഘാടനംചെയ്തതും മന്ത്രി കെ സി ജോസഫ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചശേഷമാണ് മന്ത്രി സരിതയുമായി ബന്ധപ്പെട്ടതെന്നും വ്യക്തമായി. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു. വിവാദ സോളാര്‍ കമ്പനിയുടെ പരിപാടി താനാണ് ഉദ്ഘാടനംചെയ്തത്. ഹരിജന്‍ കോളനികള്‍ക്കുള്ള പദ്ധതിയാണെന്നു പറഞ്ഞ് കടുത്തുരുത്തിയില്‍നിന്ന് വിളിച്ചിരുന്നു. പങ്കെടുക്കുകയും ചെയ്തു. തന്റെ മണ്ഡലത്തിലെ വിദൂരസ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കാമോ എന്ന് സരിതയോട് ചോദിച്ചപ്പോള്‍, നടപ്പാക്കാമെന്ന് മറുപടിയും പറഞ്ഞു. പിന്നീട് ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ ചീഫ് വിപ്പ് പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയില്‍നിന്ന് ഒരു കോടി തട്ടി

കോഴഞ്ചേരി: സരിത എസ് നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറ്റാടിപ്പാടത്തിന്റെ ഓഹരി നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് തിരുവനന്തപുരം സ്വദേശി ടി സി മാത്യുവില്‍നിന്ന് ഇവര്‍ കൈക്കലാക്കിയത് 1.04 കോടി. തിരുവനന്തപുരം സ്വദേശി വില്‍സണ്‍ തോമസ്, പൊന്‍കുന്നം സ്വദേശി സലേഷ് എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി. തിരുവനന്തപുരം ധന്യ, രമ്യ തിയേറ്ററിന് സമീപം മുളമൂട്ടില്‍ സോളാര്‍ സിസ്റ്റമെന്ന പേരില്‍ സ്ഥാപനം നടത്തിവന്ന ടി സി മാത്യുവിന്റെയും വില്‍സണ്‍ തോമസിന്റെയും പക്കല്‍ നിന്ന് തവണകളിലായാണ് ഒരു കോടി നാലു ലക്ഷം രൂപ തട്ടിയത്. കാറ്റാടി പ്പാടത്തിന്റെ ഓഹരിയും മറ്റ് വാഗ്ദാനങ്ങളും നല്‍കി. തട്ടിപ്പാണെന്നു മനസിലാക്കി പണം തിരികെ ചോദിച്ചപ്പോള്‍ ലക്ഷം രൂപമടക്കി നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ടി സി മാത്യു കേസ് ഫയല്‍ ചെയ്തു. സരിത അറസ്റ്റിലായതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച ഇദ്ദേഹം മൊഴി നല്‍കി. മാത്യുവിന്റെ പങ്കാളിയായ വില്‍സണ്‍ തോമസില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ വേറെയും സരിത തട്ടി.

ബിജു രാധാകൃഷ്ണന്‍ 2006-07ല്‍ തിരുവനന്തപുരം കവടിയാറില്‍ നടത്തിയ ക്രഡിറ്റ് ഫിനാന്‍ഷ്യല്‍ ഷോപ്പിയുടെ പേരിലാണ് പൊന്‍കുന്നം വടക്കേടത്ത് എസ് സലേഷ് വഞ്ചിതനായത്. ബാങ്കുകളില്‍ നിന്ന് "പ്രോജക്ട് ലോണുകള്‍ "സംഘടിപ്പിച്ചു നല്‍കുമെന്ന് കാണിച്ച് പ്രമുഖ പത്രങ്ങളില്‍ സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയ പരസ്യം കണ്ടാണ് സലേഷ് ബിജുവിനെ ബന്ധപ്പെട്ടത്. വായ്പ വാഗ്ദാനം നല്‍കി സലേഷില്‍ നിന്ന് പലപ്പോഴായി ബിജുവും സരിതയും അഞ്ച് ലക്ഷം തട്ടി. ക്രഡിറ്റ് ഫിനാന്‍സ് ഷോപ്പിയുടെ തട്ടിപ്പു മനസിലാക്കിയ സലേഷും സഹോദരനും പൊന്‍കുന്നം കോടതിയില്‍ കേസ് നല്‍കി. സരിതക്കും ബിജുവിനുമെതിരെ കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പ്രതികളെ കാണ്‍മാനില്ലെന്നു പറഞ്ഞ് പൊലീസ് വാറന്റ് മടക്കി.
(ബാബു തോമസ്)

deshabhimani

No comments:

Post a Comment