ഈ സാമ്പത്തികവര്‍ഷം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നടത്തുന്ന മരുന്ന് സംഭരണത്തില്‍ സര്‍ക്കാരിന് 40 കോടി രൂപയുടെ നഷ്ടം. വന്‍കിട മരുന്നു കമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടികളില്‍ അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചോരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 40.08 കോടി രൂപ ഈ വര്‍ഷം കോര്‍പറേഷന്‍ മരുന്നു കമ്പനികള്‍ക്ക് അധികം നല്‍കേണ്ടിവരും. ടെന്‍ഡറില്‍ പങ്കെടുക്കുന്ന മരുന്നു കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെയായിരുന്നത് കോര്‍പറേഷന്‍ 20 കോടി മുതല്‍ 100 കോടി രൂപവരെയാക്കി ഉയര്‍ത്തി. ഇതോടെ നിരവധി ചെറുകിട മരുന്ന് ഉല്‍പ്പാദകര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനായില്ല. മത്സരം കുറഞ്ഞതോടെ വന്‍കിട മരുന്നു കമ്പനികള്‍ വില കുത്തനെ കൂട്ടി. തുടര്‍ന്ന്, കോര്‍പറേഷന്‍ തലപ്പത്തിരിക്കുന്നവരുമായി ഒത്തുകളിച്ചാണ് വന്‍കിട മരുന്ന് ഉല്‍പ്പാദകര്‍ ഖജനാവില്‍നിന്ന് കോടികള്‍ കൊള്ളയടിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 183 ഇനം മരുന്നുകള്‍ക്ക് ഈ സാമ്പത്തികവര്‍ഷം അധികവില നല്‍കേണ്ടിവരുമെന്ന് വിവരാവകാശ നിയമപ്രകാരം കോര്‍പറേഷന്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഇതില്‍ 20 മരുന്നുകള്‍ക്ക് 100 ശതമാനത്തിനു മുകളിലാണ് വിലവര്‍ധന. ഇതിനുമാത്രം 25.16 കോടി രൂപ അധികം നല്‍കണം. പതിനേഴ് മരുന്നിന് 50 ശതമാനം മുതല്‍ 100 ശതമാനംവരെ വില നല്‍കേണ്ടിവരുന്നു. ഇതിന് 2.12 കോടിയാണ് അധികച്ചെലവ്. 32 മരുന്നിന് 30 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വിലവര്‍ധന. 7.68 കോടി നഷ്ടം. 112 മരുന്നിന് 10 ശതമാനം മുതല്‍ 30 ശതമാനംവരെ വില കൂട്ടി. 4.12 കോടി രൂപ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം നല്‍കണമെന്നും കോര്‍പറേഷന്‍ അറിയിച്ചു.
ആകെ 620 ഇനം മരുന്ന് വാങ്ങുന്നതിനാണ് ഈ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ നടപടി ആരംഭിച്ചത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും നൂറിലേറെ ഇനങ്ങളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടില്ല. ടെന്‍ഡര്‍ നടപടികളിലെ അനാവശ്യ വ്യവസ്ഥകള്‍ കാരണമാണിത്. ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ മുന്‍വര്‍ഷത്തേക്കാള്‍ 100 ശതമാനത്തില്‍ കൂടുതല്‍ വില ക്വോട്ട് ചെയ്തു. ഇതുകൂടി കണക്കാക്കിയാല്‍ ഖജനാവില്‍നിന്നുള്ള ചോര്‍ച്ച 50 കോടി കവിയും.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 166.44 കോടി രൂപയുടെ മരുന്നും അനുബന്ധ ഉപകരണങ്ങളുമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം വാങ്ങിയ അളവില്‍ മരുന്ന് വാങ്ങണമെങ്കില്‍ 210 കോടി രൂപയിലധികം വേണ്ടിവരും. ഇതു സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം വീണ്ടും താറുമാറാക്കും. ടെന്‍ഡര്‍ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഈ സാമ്പത്തികവര്‍ഷം ആദ്യംമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നിന് കടുത്ത ക്ഷാമമായിരുന്നു. ശസ്ത്രക്രിയാ നൂല്‍പോലും കിട്ടാതെ രോഗികള്‍ വലഞ്ഞു. ഇപ്പോഴും മരുന്നുവിതരണം സാധാരണ നിലയിലായിട്ടില്ല. വിറ്റുവരവ് പരിധി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഒട്ടേറെ മരുന്നുകള്‍ക്ക് വിതരണക്കാരെ കിട്ടാതെയുമായിട്ടുണ്ട്. ഈ മരുന്നുകള്‍ ലഭ്യമാക്കാന്‍ വിറ്റുവരവ് പരിധി കുറച്ചു. ഇത് ആദ്യമേ ചെയ്തിരുന്നെങ്കില്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ഫണ്ട് കൊള്ളയടിക്കാന്‍ അവസരം കിട്ടില്ലായിരുന്നു.
(എം രഘുനാഥ്)
deshabhimani 211211
ഈ സാമ്പത്തികവര്‍ഷം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നടത്തുന്ന മരുന്ന് സംഭരണത്തില്‍ സര്‍ക്കാരിന് 40 കോടി രൂപയുടെ നഷ്ടം. വന്‍കിട മരുന്നു കമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടികളില്‍ അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചോരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 40.08 കോടി രൂപ ഈ വര്‍ഷം കോര്‍പറേഷന്‍ മരുന്നു കമ്പനികള്‍ക്ക് അധികം നല്‍കേണ്ടിവരും.
ReplyDelete