Wednesday, December 21, 2011

താലിബാന്‍ ശത്രുവല്ലെന്ന് അമേരിക്ക

യാഥാസ്ഥിതിക ഇസ്ലാമിക തീവ്രവാദി സംഘമായ താലിബാന്‍ തങ്ങളുടെ ശത്രുവല്ലെന്ന് അമേരിക്ക. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ന്യൂസ്വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാനോട് മൃദുസമീപനം വ്യക്തമാക്കിയത്. പിന്നീട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണിയും ഈ നിലപാട് ആവര്‍ത്തിച്ചു. താലിബാന്‍ ഒരു സംഘടന എന്ന നിലയില്‍ തങ്ങളുടെ ശത്രുവല്ലെന്ന് ബൈഡന്‍ പറഞ്ഞു. താലിബാനെ ശത്രുവായി പ്രഖ്യാപിച്ച് ഒരു പ്രസ്താവനപോലും അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.താലിബാന്‍ ഭരിച്ചതുകൊണ്ടല്ല അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയതെന്നും അല്‍ ഖായ്ദ അഫ്ഗാനിസ്ഥാന്‍ താവളമാക്കി അമേരിക്കയെ ആക്രമിച്ചതിനാലാണ് അവിടെ ആക്രമണം നടത്തിയതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍നിന്ന് തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ താലിബാന്‍ പ്രീണനം എന്നാണ് സൂചന. ഇതേസമയം, നാറ്റോസേന അഫ്ഗാനിസ്ഥാനില്‍ തുടരുന്ന രാത്രികാല ആക്രമണങ്ങളും ഭവന പരിശോധനകളും ഉടന്‍ അവസാനിപ്പിക്കണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആവശ്യപ്പെട്ടു.

ഇന്ത്യയിലേക്ക് കോള്‍ സെന്ററുകള്‍ മാറ്റുന്നത് തടയാന്‍ യുഎസ് നീക്കം

ഹൂസ്റ്റണ്‍ : ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോള്‍ സെന്ററുകള്‍ ആരംഭിക്കുന്നതില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ തടയാന്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭയില്‍ ബില്‍ . മറ്റു രാജ്യങ്ങളില്‍ കോള്‍ സെന്ററുകള്‍ തുടങ്ങുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സഹായധനവും വായ്പകളും തടയുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് വന്‍തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. പുറംജോലിക്കരാര്‍ തങ്ങളുടെ സമ്പദ്ഘടനയ്ക്ക് വിപത്താണെന്നും ഇതുവഴി ഉണ്ടാകുന്ന തൊഴിലില്ലായ്മ കുറയ്ക്കാനാണ് ബില്ലെന്നുമാണ് അമേരിക്കയുടെ വാദം. കോള്‍ സെന്റര്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് പുതിയ ബില്‍ പ്രകാരം 120 ദിവസംമുമ്പ് അറിയിക്കണം. അമേരിക്കയിലെ കോള്‍ സെന്റര്‍ ജീവനക്കാരുടെ യൂണിയനായ കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ഓഫ് അമേരിക്ക ബില്ലിനെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. തട്ടിപ്പ് തടയാന്‍ മതിയായ സംവിധാനമില്ലാത്തതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റിയ കോള്‍ സെന്ററുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും യൂണിയന്‍ ആരോപിച്ചിട്ടുണ്ട്.

deshabhimani 211211

1 comment:

  1. യാഥാസ്ഥിതിക ഇസ്ലാമിക തീവ്രവാദി സംഘമായ താലിബാന്‍ തങ്ങളുടെ ശത്രുവല്ലെന്ന് അമേരിക്ക. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ന്യൂസ്വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാനോട് മൃദുസമീപനം വ്യക്തമാക്കിയത്. പിന്നീട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണിയും ഈ നിലപാട് ആവര്‍ത്തിച്ചു.

    ReplyDelete