Wednesday, December 21, 2011

ജനസമ്പര്‍ക്ക പരിപാടിയുടെ മറുവശം:ദര്‍ബാര്‍ നടത്തി കണ്ണീരൊപ്പാനാകില്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വലിയ ജനക്കൂട്ടമാണ്. ആഹാരംപോലും ഉപേക്ഷിച്ചുകൊണ്ടു രാവിലെമുതല്‍ അര്‍ധരാത്രിവരെ ജനങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ ഇരുന്നും നിന്നും മുഖ്യമന്ത്രി ആയിരക്കണക്കിനു പരാതികള്‍ക്കാണു തീര്‍പ്പ് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ തൃശൂരില്‍ ഒരൊറ്റദിവസം കൊണ്ട് 88621 പരാതികള്‍ക്കാണ് അദ്ദേഹം തീര്‍പ്പാക്കിയതെന്നാണു മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ചികിത്സാധനസഹായത്തിനായി മുഖ്യമന്ത്രിയെ കാണാന്‍ ആംബുലന്‍സുകളില്‍ രോഗികളേയും കൊണ്ട് ബന്ധുക്കളെത്തിയതും വികലാംഗര്‍ ഇഴഞ്ഞെത്തിയതും മാധ്യമങ്ങള്‍ക്ക് കൗതുകവാര്‍ത്തകളായി.

മാധ്യമങ്ങള്‍ ജനസമ്പര്‍ക്കപരിപാടിക്ക് അകമഴിഞ്ഞ പിന്തുണയാണു നല്‍കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ എം എല്‍ എമാരും സജീവമായി സഹകരിക്കുന്നുണ്ട്.
പക്ഷേ, വാര്‍ധക്യകാല, വിധവ, വികലാംഗ പെന്‍ഷനുകള്‍ക്കും ചികിത്സാധനസഹായം, വൈദ്യുതകണക്ഷന്‍ വീണ്ടെടുക്കാനുള്ള സഹായം, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം തുടങ്ങിയവക്കാണു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതികളില്‍ ബഹുഭൂരിപക്ഷവും.

അനുബന്ധമായി ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകളും പ്രത്യേകം പരിഗണിക്കുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഓഫീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും അപേക്ഷ നല്‍കി, കയറിയിറങ്ങി നട്ടംതിരിഞ്ഞവരാണു മുഖ്യമന്ത്രിയുടെ മുന്‍പാകെ പരാതിയുമായി എത്തുന്നവരില്‍ അധികവും.
അവരുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രി ഒപ്പം ചെയ്യേണ്ട സുപ്രധാനമായൊരു കാര്യമുണ്ട്. അതെക്കുറിച്ച് മാത്രം ആരും എവിടെയും മിണ്ടിയതായി അറിവില്ല. ഇത്രകാലവും ഫയലുകള്‍ പൂഴ്ത്തിവെക്കുകയും പാവങ്ങളെ അതുമിതുമൊക്കെപ്പറഞ്ഞ് പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? ഭരണയന്ത്രം കാര്യക്ഷമമാണെങ്കില്‍, താഴെത്തട്ടില്‍ പരിഹരിക്കാവുന്ന ഇത്തരം ഒരൊറ്റ പരാതിപോലും സംസ്ഥാനഭരണത്തലവന്റെ മുന്നിലെത്തുകയില്ല. വിധവാപെന്‍ഷനും വീടുവെക്കാനുള്ള ധനസഹായവും കറന്റ് കണക്ഷനുമൊക്കെ നല്‍കാന്‍ മുഖ്യമന്ത്രിക്കുമുന്നില്‍ പരാതി നല്‍കണമെന്നുവരുന്നതില്‍പ്പരം കെടുകാര്യസ്ഥത എന്തുണ്ട്?

മുഖ്യമന്ത്രി പണ്ടത്തെ രാജാക്കന്മാരെപ്പോലെ ജനങ്ങളുടെ സങ്കടമെല്ലാം കേട്ട് ഖജനാവില്‍ നിന്നും കാശെടുത്തു നല്‍കാന്‍ കല്‍പ്പിച്ച് സങ്കടങ്ങളൊപ്പാന്‍ തുടങ്ങിയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എല്ലാറ്റിനും നിയതമായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ട്. ഓരോ വകുപ്പിനും മന്ത്രിയും സെക്രട്ടറിയും ഉദ്യോഗസ്ഥരുമുണ്ട്. അവര്‍ക്കൊക്കെ പരിഹരിക്കാനാകാത്ത, നയപരമായ തീരുമാനങ്ങള്‍ വേണ്ട പരാതികളിന്മേലേ മുഖ്യമന്ത്രി ഇടപെടേണ്ട ആവശ്യമുള്ളൂ. അതാണു കീഴ്‌വഴക്കവും നിയമവും. വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിനേ തീരുമാനമെടുക്കാനാകൂ. അതിനു മന്ത്രിസഭയുടെ അംഗീകാരവും വേണം. ദൈനംദിന ഭരണകാര്യങ്ങളില്‍ ഇങ്ങനെ നിരന്തരം ഒരു ഭരണാധികാരിക്ക് ഇടപെടാന്‍ കഴിയുകയില്ല. അതിന്റെ അവശ്യമില്ല. താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരേയും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളേയും കൊണ്ടു സത്യസന്ധമായി, കാര്യക്ഷമമായി പണിയെടുപ്പിക്കുകയാണു ഏതൊരു ഭരണകൂടത്തിന്റേയും പ്രാഥമിക കടമ.

അത് മറന്നുകൊണ്ട് പ്രകടനപരത കൂടുതലുള്ളതും ആത്യന്തികമായി ഭരണയന്ത്രത്തെ താറുമാറാക്കാനിടയുള്ളതും ഉദ്യോഗസ്ഥരെ കയറൂരിവിടുന്നതുമായ ഇത്തരം ഗിമ്മിക്കുകള്‍ ജനാധിപത്യസംവിധാനത്തെ ദുര്‍ബലപ്പെടുത്തും. പരാതികള്‍ക്കിടവരുത്തുന്ന ഉദ്യോഗസ്ഥരെ കര്‍ക്കശമായി കൈകാര്യം ചെയ്യാതിരുന്നാല്‍ ഇനിയും പരാതിക്കാരുടെ എണ്ണം അനുദിനം ഉയരും. അതെല്ലാം പരിഹരിക്കാന്‍ വര്‍ഷം തോറും മുഖ്യമന്ത്രി ജനസമ്പര്‍ക്കപരിപാടികള്‍ നടത്തുമോ?

അഴിമതിക്കാരും സാമൂഹികപ്രതിബദ്ധത തീരെയില്ലാത്തവരുമായ ഇത്തിള്‍ക്കണ്ണികളുടെ വന്‍ നിര സംസ്ഥാനസര്‍ക്കാരിന്റെ ഉദ്യോഗസ്ഥവൃന്ദത്തിലുണ്ട്. 23400 സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ബി പി എല്‍ കാര്‍ഡ് സമ്പാദിച്ചുവെന്ന് സിവില്‍സര്‍വീസ് കമ്മിഷണറേറ്റ് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാത്ത ആയിരക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ക്ക് എ പി എല്‍ കാര്‍ഡ് നല്‍കിയവരാണു, തങ്ങളെ ദാരിദ്ര്യരേഖക്ക് കീഴിലാക്കി രേഖസംഘടിപ്പിച്ചെടുത്ത് ആനുകൂല്യങ്ങള്‍ കണ്ണില്‍ ചോരയില്ലാതെ തട്ടിയെടുക്കുന്നത്.

പാവങ്ങളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ടുവാരുന്ന ഈ സാമൂഹികവിരുദ്ധര്‍ക്കെതിരായി കടുത്ത അച്ചടക്കനടപടി സ്വീകരിക്കാന്‍ എന്തുകൊണ്ട് ആരും ആവശ്യപ്പെടുന്നില്ല? ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരി അടിയന്തരമായി ചെയ്യേണ്ടത് ഇതില്‍ ഇടപെട്ടുകൊണ്ടു, ഇവറ്റകളെ ചത്ത എലിയെപ്പോലെ, വാലില്‍ തൂക്കി പുറത്തേക്ക് എറിയുകയാണു.

ഇത്തരം പെരുംകള്ളമ്മാരെ വെച്ചുകൊണ്ട്, ഇവര്‍ ദുഷിപ്പിച്ച ഭരണസംവിധാനം നിലനിര്‍ത്തിക്കൊണ്ട്, മുഖ്യമന്ത്രീ, അങ്ങ് എന്തു ചെയ്യാനാണു പോകുന്നത്? പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങള്‍ക്കുമേല്‍ ഇവര്‍ ഇനിയും അടയിരിക്കും. അവരുടെ മുറിവുകളില്‍ മുളക് തേയ്ക്കും. ലോകത്തെ ഒരു ഭരണാധികാരിക്കും ദര്‍ബാര്‍ നടത്തി ഈ കണ്ണീരൊപ്പാന്‍ കഴിയുകയില്ല.

ഡി പ്രദീപ്കുമാര്‍ janayugom 211211

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വലിയ ജനക്കൂട്ടമാണ്. ആഹാരംപോലും ഉപേക്ഷിച്ചുകൊണ്ടു രാവിലെമുതല്‍ അര്‍ധരാത്രിവരെ ജനങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ ഇരുന്നും നിന്നും മുഖ്യമന്ത്രി ആയിരക്കണക്കിനു പരാതികള്‍ക്കാണു തീര്‍പ്പ് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ തൃശൂരില്‍ ഒരൊറ്റദിവസം കൊണ്ട് 88621 പരാതികള്‍ക്കാണ് അദ്ദേഹം തീര്‍പ്പാക്കിയതെന്നാണു മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ചികിത്സാധനസഹായത്തിനായി മുഖ്യമന്ത്രിയെ കാണാന്‍ ആംബുലന്‍സുകളില്‍ രോഗികളേയും കൊണ്ട് ബന്ധുക്കളെത്തിയതും വികലാംഗര്‍ ഇഴഞ്ഞെത്തിയതും മാധ്യമങ്ങള്‍ക്ക് കൗതുകവാര്‍ത്തകളായി.

    ReplyDelete