Wednesday, December 21, 2011

പ്രധാനമന്ത്രി ഒട്ടകപ്പക്ഷി ആവരുത്

പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ദേശരക്ഷയുടേയും രാഷ്ട്രീയ അഖണ്ഡതയുടേയും സൂക്ഷിപ്പുകാരനാണ് അദ്ദേഹം. എന്നാല്‍ താന്‍ വഹിക്കുന്ന ഉന്നതമായ പദവിയുടെ അര്‍ഥമറിയാത്ത ഒരാളെപ്പോലെയാണ് അദ്ദേഹം പലപ്പോഴും പെരുമാറുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ രാജയെക്കാള്‍ വലിയ കുറ്റവാളി ചിദംബരം ആണെന്ന് സൂചിപ്പിക്കുന്ന ഗൗരവമേറിയ ഒരു കത്ത് രാജ്യം മറന്നുപോയിട്ടില്ല. ആ കത്ത് എഴുതിയത് യി പി എ സര്‍ക്കാരിലെ ''ട്രബിള്‍ ഷൂട്ടര്‍'' ആയ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയും ഇന്നത്തെ ധനമന്ത്രിയുമായ പ്രണബ് പറഞ്ഞത് ചിദംബരത്തിന്റെ അറിവും അനുമതിയും നേടിക്കൊണ്ടാണ് 2 ജി സ്‌പെക്ട്രം മുന്നോട്ടുപോയതെന്നാണ്. ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളെ തരിമ്പും മാനിക്കാതെയാണ് ചിദംബരം ഒരു ലക്ഷത്തില്‍പ്പരം കോടി രൂപയുടെ കൂറ്റന്‍ അഴിമതിക്ക് അന്ന് വഴിയൊരുക്കിയത്. അതേ ചിദംബരം തന്റെ വക്കീല്‍ ജീവിതകാലത്തെ കക്ഷിയായിരുന്ന വമ്പന്‍ ഹോട്ടല്‍ മുതലാളിക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതും നാടിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന ധാര്‍മിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇതെല്ലാം.

ഗാന്ധി, നെഹ്‌റു പാരമ്പര്യങ്ങളുടെ അവസാനത്തെ കണികയും കോണ്‍ഗ്രസിനു കൈമോശം വന്നിരിക്കുന്നു. അതിനാല്‍ ചിദംബരം പ്രതിഭാസം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പ്രഫഷണല്‍ സമര്‍ദ്ദമേറുന്ന ടെക്‌നോക്രാറ്റുകളുടെ വിനോദപ്രവൃത്തി മേഖലയായി ബൂര്‍ഷ്വാ രാഷ്ട്രീയം മാറുകയാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങളോ ജനങ്ങളുടെ ദുരിതങ്ങളോ ഇത്തരം ടെക്‌നോക്രാറ്റുകളെ അലട്ടുകയില്ല. തന്റെ വക്കീല്‍ സാമര്‍ഥ്യത്തില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ചിദംബരത്തിന്റെ ധാരണ വാക്‌സാമര്‍ഥ്യത്തിന്റെ കലയാണ് രാഷ്ട്രീയമെന്നാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശരികളും തെറ്റുകളും സമൂഹജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാന്‍ അദ്ദേഹം മെനക്കെടാറില്ല. അതിന്റെ ഒടുവിലത്തെ തെളിവാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചിദംബരം നടത്തിയ പ്രസംഗം. കേരള-തമിഴ്‌നാട് ജനതകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറികൂടെന്നാണ് വിവേകശാലികളായ ഏവരും ചിന്തിക്കുന്നത്. 'കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം' എന്ന നിലപാട് മുന്‍വെച്ചപ്പോള്‍ കേരള സര്‍ക്കാരും കേരളത്തിലെ ജനങ്ങളും ഒന്നിച്ചുയര്‍ത്തിപ്പിടിച്ചത് ഈ വിവേകമാണ്. പ്രശ്‌നപരിഹാരത്തിനായി ഫലപ്രദമായ പങ്ക് വഹിക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. അതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന അഭ്യര്‍ഥനയുമായാണ് കഴിഞ്ഞയാഴ്ച കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടത്. തര്‍ക്ക പരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധത അറിയിച്ച പ്രധാനമന്ത്രി ഒരുപാധിയാണ് മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷമൊരുക്കണമെന്നതായിരുന്നു ആ ഉപാധി. അത്തരം അന്തരീക്ഷമൊരുക്കലില്‍ സുപ്രധാനമായ പങ്കുവഹിക്കേണ്ട ആളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി. തമിഴ്‌നാട്ടിലേയും കേരളത്തിലേയും വിവരദോഷികളായ ഏതാനും പേര്‍ സമചിത്തതയുടെ ഭാഷ മറന്നുപോകുന്നുണ്ടാവാം. മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത അത്തരക്കാര്‍ രണ്ടു സംസ്ഥാനങ്ങളിലേയും ജനതകളുടെ സൗഹാര്‍ദ ബന്ധങ്ങളുടെ പാരമ്പര്യം മറക്കുന്നവരാണ്. പുകയുന്ന അസ്വസ്ഥതകള്‍ ആളിക്കത്താതിരിക്കാന്‍ ശ്രമിക്കുന്നതിനുപകരം അതിലേക്ക് എണ്ണ പകരാനാണ് അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ഏതാനും കുബുദ്ധികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഐക്യം അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നത്. അത് രാജ്യദ്രോഹത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. വിവരദോഷം വിളമ്പുന്നതില്‍ അത്തരക്കാരുമായി മത്സരിക്കാനാണ് ചിദംബരത്തിന്റെ പുറപ്പാട്. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചിദംബരത്തെ സംബന്ധിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് പ്രശ്‌നമായിരിക്കാം. ആരുടെയോ കൈയടിക്കു വേണ്ടി അങ്ങനെ പ്രസ്താവിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേയും കരണത്തടിക്കുകയായിരുന്നു ചിദംബരം. പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നപ്പോള്‍ ആ രാഷ്ട്രീയവങ്കത്തം പിന്‍വലിക്കാന്‍ ചിദംബരം നിര്‍ബന്ധിതനായി. അതോടെ കൈകഴുകി ശുദ്ധനായി എന്ന ഭാവത്തിലാണ് അദ്ദേഹത്തിന്റെ നില്‍പ്പ്.

സാങ്കേതികമായും നിയമപരമായും ഭരണഘടനാപരമായും തന്നെ ചിദംബരം ചെയ്ത ഗുരുതരമായ തെറ്റ് ഇപ്പോഴും പിന്‍വലിക്കപ്പെടാതെ ബാക്കി നില്‍ക്കുന്നു. സുപ്രിംകോടതിയുടെ വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പഴക്കമേറിയ തര്‍ക്കവിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി ഇങ്ങനെ പ്രസ്താവിച്ചതിന്റെ സാംഗത്യമെന്താണ്? നീതിന്യായവ്യവസ്ഥയുമായി പലതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലക്കാരന്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്? കോടതിയെ ഒരു പ്രത്യേക ഭാഗത്തേക്ക് സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു ചിദംബരം. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തികള്‍ നോക്കുമ്പോള്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സമ്പത്തിനും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത (കു)ബുദ്ധിമാനായ ഒരു വക്കീലിന് ഇതെല്ലാം കേമമാണെന്ന തോന്നലുണ്ടാവാം. എന്നാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദവി വഹിക്കുന്ന ഒരാള്‍ ഇത്രയും സങ്കുചിതമായും നിയമവിരുദ്ധമായും പറയാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ദേശീയശ്രദ്ധ ആകര്‍ഷിച്ച കുറ്റത്തിലെ ഒരു കക്ഷിയോട് പ്രീതിയും പക്ഷപാതിത്വവും കാണിച്ചുകൊണ്ട് നീതിപീഠത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി നാടിന് നാണക്കേടാണ്. നെറികെട്ട ഒരു പ്രസ്താവനയുടെ ഒരു ഭാഗം പിന്‍വലിച്ചുകൊണ്ട് ഗുരുതരമായ തെറ്റ് നിറഞ്ഞ ശിഷ്ടഭാഗം ഉയര്‍ത്തിപ്പിടിക്കാനാണ് ചിദംബരം ശ്രമിക്കുന്നത്. ആ ദേശവിരുദ്ധ, നിയമവിരുദ്ധ പ്രവൃത്തി ശിക്ഷിക്കപ്പെടാതെ പോകരുത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഥയറിയാത്ത ടെക്‌നോക്രാറ്റായിട്ടല്ല ഇപ്പോള്‍ പെരുമാറേണ്ടത്. രാജ്യതാല്‍പര്യങ്ങളുടെ കസ്റ്റോഡിയനാവാനുള്ള ഭരണഘടനാദത്തമായ ചുമതല അദ്ദേഹം നിറവേറ്റുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെറ്റുകള്‍ ചെയ്തുകൂട്ടുന്ന ചിദംബരത്തെ പുറത്താക്കാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുമോ? അതോ, മണ്ണിനടിയില്‍ തലപൂഴ്ത്തി നില്‍ക്കുന്ന ഒട്ടകപക്ഷിയാണ് താനെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിക്കുമോ? മന്‍മോഹന്‍സിംഗിനെ സംബന്ധിച്ച് ഇത് പരീക്ഷണത്തിന്റെ മുഹൂര്‍ത്തമാണ്. ഈ പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ യു പി എ ഗവണ്‍മെന്റിന്റെ ദയനീയമായ അന്ത്യത്തിന് അദ്ദേഹം കാര്‍മ്മികത്വം വഹിക്കേണ്ടി വരും.

janayugom editorial 211211

1 comment:

  1. പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ദേശരക്ഷയുടേയും രാഷ്ട്രീയ അഖണ്ഡതയുടേയും സൂക്ഷിപ്പുകാരനാണ് അദ്ദേഹം. എന്നാല്‍ താന്‍ വഹിക്കുന്ന ഉന്നതമായ പദവിയുടെ അര്‍ഥമറിയാത്ത ഒരാളെപ്പോലെയാണ് അദ്ദേഹം പലപ്പോഴും പെരുമാറുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ രാജയെക്കാള്‍ വലിയ കുറ്റവാളി ചിദംബരം ആണെന്ന് സൂചിപ്പിക്കുന്ന ഗൗരവമേറിയ ഒരു കത്ത് രാജ്യം മറന്നുപോയിട്ടില്ല. ആ കത്ത് എഴുതിയത് യി പി എ സര്‍ക്കാരിലെ ''ട്രബിള്‍ ഷൂട്ടര്‍'' ആയ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയും ഇന്നത്തെ ധനമന്ത്രിയുമായ പ്രണബ് പറഞ്ഞത് ചിദംബരത്തിന്റെ അറിവും അനുമതിയും നേടിക്കൊണ്ടാണ് 2 ജി സ്‌പെക്ട്രം മുന്നോട്ടുപോയതെന്നാണ്. ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളെ തരിമ്പും മാനിക്കാതെയാണ് ചിദംബരം ഒരു ലക്ഷത്തില്‍പ്പരം കോടി രൂപയുടെ കൂറ്റന്‍ അഴിമതിക്ക് അന്ന് വഴിയൊരുക്കിയത്. അതേ ചിദംബരം തന്റെ വക്കീല്‍ ജീവിതകാലത്തെ കക്ഷിയായിരുന്ന വമ്പന്‍ ഹോട്ടല്‍ മുതലാളിക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതും നാടിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന ധാര്‍മിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇതെല്ലാം.

    ReplyDelete