Sunday, February 12, 2012

മാധ്യമങ്ങള്‍ക്കും അവഗണിക്കാനാകാത്ത അജയ്യത

അഭിമാനം പകര്‍ന്ന ജനമുന്നേറ്റം

തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് അഭിമാനം പകര്‍ന്ന അഭൂതപൂര്‍വമായ ജനമുന്നേറ്റത്തിനാണ് വെള്ളിയാഴ്ച തലസ്ഥാനനഗരം സാക്ഷ്യംവഹിച്ചത്. സിപിഐ എം സംസ്ഥാന സമ്മേളനസമാപന റാലി അച്ചടക്കത്തിന്റെയും കരുത്തിന്റെയും ജനകീയാടിത്തറയുടെയും വിളംബരമായി. പ്രസ്ഥാനത്തെ നെഞ്ചേറ്റി കാത്തുസൂക്ഷിക്കുന്ന ജനലക്ഷങ്ങളും പോരാളികളുടെ വീര്യവുമായി സൈനികച്ചിട്ടയില്‍ വീഥികളെ ത്രസിപ്പിച്ച ചെമ്പടയും തലസ്ഥാനം കണ്ട ഏറ്റവും മനുഷ്യസംഗമമായി. നഗരം ജനസമുദ്രമായി മാറിയിട്ടും എങ്ങും ഒരപസ്വരവുമുണ്ടായില്ല, അച്ചടക്കത്തോടെ ആ പ്രവാഹത്തിലലിഞ്ഞുചേര്‍ന്നവര്‍ പ്രസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച് നാടിനു മാതൃകയായി. ഈ മുന്നേറ്റത്തിന് സാക്ഷികളായവര്‍ മൂന്നു ലക്ഷത്തോളം വരുന്ന ജനാവലിയെ ഒരേസ്വരത്തില്‍ അഭിനന്ദിച്ചു. രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കാനാണ് പാര്‍ടി തീരുമാനിച്ചത്. എന്നാല്‍ , എല്ലാ കണക്കുകൂട്ടലും തെറ്റിച്ച മനുഷ്യമഹാപ്രവാഹമാണ് ഉണ്ടായത്.
ജില്ലയിലെങ്ങും നിന്ന് അതിരാവിലെ മുതല്‍ കുടുബസമേതം ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. പ്രത്യേക പ്രേരണയേതുമില്ലാതെ സ്വമേധയാ പുറപ്പെട്ടവരായിരുന്നു ഏറെയും. ചെങ്കൊടിയുടെ അഭിമാനം കാക്കാനുള്ള ഒരേ വികാരവുമായി നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയ കൊച്ചുപ്രകടനങ്ങള്‍ വൈകിട്ടോടെ അനന്തപുരിയില്‍ ചെങ്കടലായി ഇരമ്പി. പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ചെറിയ ശതമാനത്തിനു പോലും പൊതുസമ്മേളനം ചേര്‍ന്ന ഇ ബാലാനന്ദന്‍ നഗറിലേക്ക് (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) പ്രവേശിക്കാനായില്ല. അഞ്ചു കേന്ദ്രത്തില്‍ നിന്ന് തിരിച്ച പ്രകടനങ്ങള്‍ ചുവപ്പുസേന അണിനിരന്ന സ്റ്റേഡിയത്തിലേക്ക് കടക്കാനാകാതെ എത്രയോ അകലെ വച്ച് അവസാനിപ്പിക്കേണ്ടിവന്നു. ഒരുലക്ഷം സ്ത്രീകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് നിശ്ചയിച്ചത്. എന്നാല്‍ , അവരുടെ എണ്ണം ഒരുലക്ഷവും കവിഞ്ഞു. പുതുതലമുറയുടെ പ്രാതിനിധ്യം ആവേശകരമായ സൂചനയായി.

തിരുവനന്തപുരത്ത് ആദ്യമായെത്തിയ സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ ചെയര്‍മാനും ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച സ്വാഗതസംഘം ചിട്ടയായ പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചത്. പതിനായിരക്കണക്കിനു പ്രവര്‍ത്തകരും അനുഭാവികളും സംഘാടനത്തില്‍ രാപ്പകല്‍ പങ്കാളികളായി. ഒരുമാസത്തോളം നീണ്ട അനുബന്ധപരിപാടികള്‍ പുതിയ അനുഭവമാണ് കാഴ്ചവച്ചത്. സെമിനാറുകളും കല-കായിക-സാംസ്കാരിക പരിപാടികളും പ്രദര്‍ശനവും ലക്ഷങ്ങളെ ആകര്‍ഷിച്ചു. രാഷ്ട്രീയ പാര്‍ടിനേതാക്കളും വൈദികരും കായികപ്രതിഭകളും സാംസ്കാരിക നായകരുമൊക്കെ പങ്കാളികളായ അനുബന്ധപരിപാടികള്‍ സമ്മേളനം വന്‍വിജയമാകുമെന്ന സൂചനയായിരുന്നു. റാലിയും ചുവപ്പുസേനാ മാര്‍ച്ചും സിപിഐ എം വിരുദ്ധശക്തികളെ അമ്പരപ്പിച്ചു. സമ്മേളനനടപടികള്‍ ആരംഭിച്ചതു മുതല്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കിണഞ്ഞുശ്രമിച്ച മാധ്യമങ്ങള്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ജനങ്ങളുടെ കുത്തൊഴുക്ക്. എത്രതന്നെ ശ്രമിച്ചാലും പാര്‍ടിക്ക് പോറലേല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന പ്രഖ്യാപനമാണ് വെള്ളിയാഴ്ച ഉയര്‍ന്നത്. ജില്ലയില്‍ പാര്‍ടിയുടെ ജനകീയാടിത്തറ എത്രമാത്രം വിപുലവും സുദൃഢവുമാണെന്നും റാലിയും ചുവപ്പുസേനാ പരേഡും തെളിയിച്ചു.

മാധ്യമങ്ങള്‍ക്കും അവഗണിക്കാനാകാത്ത അജയ്യത

"അണപൊട്ടിയെത്തിയ ചെങ്കടലില്‍ നഗരം മുങ്ങി"യെന്ന്മനോരമ. പാര്‍ടിയുടെ സംഘടനാശേഷിയും കെട്ടുറപ്പും കരുത്തും വിളിച്ചോതിയ റാലി "ചരിത്രത്തിലിടം പിടിക്കുന്ന മഹാപ്രവാഹ"മായെന്ന് മാതൃഭൂമി. അണയാത്ത വിപ്ലവവീര്യവുമായി "ചെമ്പട തലസ്ഥാനം കീഴടക്കി"യെന്ന് മാധ്യമം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനലക്ഷങ്ങള്‍ അലകടലായി നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കും അത് അവഗണിക്കാനാകാത്ത അജയ്യശക്തിയായി. മഴയിലും തോരാത്ത ആവേശമെന്നും കരുത്ത് തെളിയിച്ച പ്രകടനമെന്നുമാണ് കേരള കൗമുദി റിപ്പോര്‍ട്ട്. റാലിയില്‍ അണിനിരന്ന മൂന്നുലക്ഷം പേര്‍ക്ക് ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം വിതരണംചെയ്തതിന് പിന്നിലെ സംഘാടനമികവിനെക്കുറിച്ചും കൗമുദിയില്‍ റിപ്പോര്‍ട്ടുണ്ട്. രക്തനക്ഷത്ര ശോഭയുമായി ജനസാഗരം ആവേശത്തിരമാല തീര്‍ത്തെന്നാണ് മംഗളം റിപ്പോര്‍ട്ട്. സമ്മേളനത്തെക്കുറിച്ചുള്ള മംഗളം പ്രത്യേക സപ്ലിമെന്റും പുറത്തിറക്കി. നഗരത്തെ ചുവപ്പിച്ച ചിട്ടയായ റാലിയെക്കുറിച്ച് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും മികച്ച വാര്‍ത്തയായി.
ജനലക്ഷങ്ങള്‍ അണിനിരന്ന റെഡ്വളന്റിയര്‍ മാര്‍ച്ചും റാലിയും തത്സമയം റിപ്പോര്‍ട്ടുചെയ്യാന്‍ വന്‍ ദൃശ്യ മാധ്യമപ്പടയും മത്സരിച്ചു. റാലി തുടങ്ങേണ്ട സമയത്ത് അപ്രതീക്ഷിതമായി മഴയെത്തിയിട്ടും ആവേശം ഒട്ടും ചോരാതെ ചിട്ടയായി റാലി നടത്തിയത് വാര്‍ത്താ ചാനലുകളിലും പ്രധാന വാര്‍ത്തയായി. ദേശീയ, അന്തര്‍ദേശീയ ചാനലുകളും പൊതുസമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിരുന്നു. ബംഗാള്‍ , ത്രിപുര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പത്രങ്ങളിലും സിപിഐ എം സമ്മേളനം പ്രധാന വാര്‍ത്തയായി. തമിഴ്നാട്ടിലെ പ്രമുഖപത്രങ്ങളിലും ചാനലുകളിലും സമ്മേളനവും മാര്‍ച്ചും പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചു.

deshabhimani 120212

1 comment:

  1. "അണപൊട്ടിയെത്തിയ ചെങ്കടലില്‍ നഗരം മുങ്ങി"യെന്ന്മനോരമ. പാര്‍ടിയുടെ സംഘടനാശേഷിയും കെട്ടുറപ്പും കരുത്തും വിളിച്ചോതിയ റാലി "ചരിത്രത്തിലിടം പിടിക്കുന്ന മഹാപ്രവാഹ"മായെന്ന് മാതൃഭൂമി. അണയാത്ത വിപ്ലവവീര്യവുമായി "ചെമ്പട തലസ്ഥാനം കീഴടക്കി"യെന്ന് മാധ്യമം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനലക്ഷങ്ങള്‍ അലകടലായി നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കും അത് അവഗണിക്കാനാകാത്ത അജയ്യശക്തിയായി.

    ReplyDelete