Friday, June 14, 2013

"പാവം പയ്യനും" സരിതയും പലവട്ടം ഫോണില്‍ വിളിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക സെക്രട്ടറി "പാവം പയ്യന്‍" തോമസ് കുരുവിളയും തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരും തമ്മില്‍ അടുത്തബന്ധം. സരിത അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പലവട്ടം തോമസ് കുരുവിള അവരെ ഫോണില്‍ വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന് സരിതയുമായുള്ള ബന്ധം പുറത്തുവന്നതിനുപിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായ കുരുവിളയ്ക്കുള്ള അടുപ്പവും വെളിച്ചത്താകുന്നത്. ഇതോടെ മുഖ്യമന്ത്രിയും അനുചരന്മാരും സരിതയെ സഹായിക്കാനായി ശ്രമിച്ചുവെന്ന് സംശയരഹിതമായി തെളിയുകയാണ്.

കുരുവിള ഉപയോഗിക്കുന്ന 9895184389 എന്ന എയര്‍ടെല്‍ നമ്പരില്‍നിന്നാണ് പലവട്ടം സരിതയുടെ ബിഎസ്എന്‍എല്‍ നമ്പരായ 9446735555ലേക്ക് കോളുകളും സന്ദേശങ്ങളും പോയത്. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തിയാല്‍ ലൈനില്‍ ലഭിക്കാന്‍ കുരുവിളയുടെ ഈ നമ്പരിലാണ് പ്രമുഖര്‍ വിളിക്കാറ്്. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണോ തോമസ് കുരുവിളയും സരിതയും തമ്മില്‍ കേസുവിവരങ്ങള്‍ സംസാരിച്ചതെന്ന വിവരംമാത്രമേ ഇനി തെളിയേണ്ടതുള്ളൂ. കുരുവിളയുടെ ബിഎസ്എന്‍എല്‍ കേരള നമ്പരില്‍നിന്നും റിലയന്‍സ് ഡല്‍ഹി നമ്പരില്‍നിന്നും പലവട്ടം സരിതയ്ക്ക് കോളുകള്‍ പോയിട്ടുണ്ട്. ജൂണ്‍ മൂന്നിനാണ് സരിത തിരുവനന്തപുരത്തെ വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. ഇതിനുതലേന്നും കുരുവിള സരിതയെ വിളിക്കുകയും രണ്ടു മിനിറ്റോളം സംസാരിക്കുകയും ചെയ്തു. മെയ് 31നും ഇരുവരും പലവട്ടം ഫോണില്‍ ബന്ധപ്പെടുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. അറസ്റ്റ് ഒഴിവാക്കുന്നതിന് സരിത പല വഴികളും തേടുമ്പോഴാണ് തോമസ് കുരുവിള പലവട്ടം ഫോണില്‍ വിളിച്ചിരിക്കുന്നത്.

മെയ് 31ന് രാവിലെ 10.16നും ഉച്ചയ്ക്ക് 1.09നും കുരുവിള സരിതയെ വിളിച്ചു. പിന്നീട് ഉച്ചയ്ക്കുശേഷം 3.33നും 3.34നും ഇരുവരും സന്ദേശം കൈമാറുകയും ചെയ്തു. രാത്രി 7.15നും സന്ദേശം അയച്ചു. ഡല്‍ഹിയിലും പതിവ് സന്ദര്‍ശകയായിരുന്ന സരിതയ്ക്ക് കുരുവിളയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്കൊപ്പം എത്തിയ പലഘട്ടങ്ങളിലും കേരള ഹൗസില്‍ സരിത സന്ദര്‍ശകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് സരിത ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയിലും അനവധിപേരെ സരിത കബളിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരുമായുള്ള അടുപ്പം കാര്യങ്ങള്‍ എളുപ്പമാക്കി. കേരളഹൗസിലെ ജീവനക്കാരനെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചത് നേരത്തെ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. സരിത തട്ടിപ്പിലൂടെ നേടിയ കോടികളുടെ വിഹിതം ഉപജാപകസംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്ന വസ്തുതയാണ് ഇനി പുറത്തുവരേണ്ടത്.
(എം പ്രശാന്ത്)

സരിതയുടെ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നതനും നിക്ഷേപം

തിരു: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ വിവാദസ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നതനും നിക്ഷേപം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും സന്തതസഹചാരിയുമായ ടെന്നി ജോപ്പനുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സരിതയ്ക്ക് വളരെ മുമ്പുതന്നെ ഈ ഉന്നതനുമായി ബന്ധമുണ്ട്. സാമ്പത്തിക-രാഷ്ട്രീയകാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്ന ഈ വ്യവസായപ്രമുഖന്റേതാണ് സ്ഥാപനത്തിന്റെ പ്രധാന നിക്ഷേപം. സാമ്പത്തികത്തട്ടിപ്പ് ലക്ഷ്യമിട്ട് സരിതയും സംഘവും ടീം സോളാര്‍ എന്ന സ്ഥാപനം തുടങ്ങിയത് തന്നെ ഈ ഉന്നതന്റെ രാഷ്ട്രീയബന്ധം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

സ്ഥാപനത്തില്‍ 30 ശതമാനത്തോളം ഓഹരി മാത്രമേ സരിതയ്ക്കുള്ളൂ. ബാക്കി മുഴുവനും ഈ ഉന്നതനും മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റുചിലര്‍ക്കും. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ സബ്സിഡി അനുവദിക്കാന്‍സര്‍ക്കാര്‍ അമിത താല്‍പ്പര്യം കാണിച്ചതിന് പിന്നിലും ഈ ബന്ധമുണ്ട്. തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡും ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡും കത്തും തന്നെ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രധാനപരാതിക്കാരനായ പെരുമ്പാവൂര്‍ മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ സജ്ജാദിന്റെ പരാതിയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ സരിത ഉന്നതരുടെ നിത്യസന്ദര്‍ശകയുമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സെക്രട്ടറിയറ്റ് ആണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും. സൗരോര്‍ജ പ്ലാന്റും കാറ്റാടി ഫാമുകളും സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞ് നൂറുകണക്കിനാളുകളില്‍നിന്ന് കോടികളാണ് സരിതയും സംഘവും തട്ടിയത്. എന്നാല്‍, മാനം ഭയന്ന് പലരും പരാതി നല്‍കുന്നില്ല. സരിത ഇവരെയെല്ലാം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും സൂചനയുണ്ട്.

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടുമുള്ള അകല്‍ച്ച ഐ ഗ്രൂപ്പ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രകടിപ്പിച്ചു. രണ്ടാളെയും പിന്തുണച്ച് സംസാരിക്കാന്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയില്‍ എ ഗ്രൂപ്പിലെ ശിവദാസന്‍നായരും ബെന്നി ബഹന്നാനും പി സി വിഷ്ണുനാഥും മാത്രമാണ് ബുധനാഴ്ച പങ്കെടുത്തത്. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനയ്ക്ക് പിന്തുണയേകി സംസാരിച്ചത് വര്‍ക്കല കഹാറും കെ മുരളീധരനും.

സരിത നായരുടെ സോളാര്‍ തട്ടിപ്പുസംഘവും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അവിശുദ്ധബന്ധം നിയമസഭയെ പ്രക്ഷുബ്ധമാക്കുകയും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലാകുകയും ചെയ്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ട് പ്രതികരിക്കാമെന്ന നിലപാടിലാണ് ഭരണപക്ഷബെഞ്ചിലെ നല്ലൊരു പങ്ക്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധവും വിവാദവും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധപ്പെടുത്തിയപ്പോള്‍, പിന്നീട് പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത് കരുതലോടെയാണ്.

ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവുമായുള്ള കലഹത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗത്തില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തെങ്കിലും വിവാദവിഷയങ്ങളുടെ ചര്‍ച്ച മാറ്റിവച്ചു. ഹൈക്കമാന്‍ഡ് പരിഗണനിക്കുന്നതിനാല്‍ മന്ത്രിസഭ പുനഃസംഘടനചര്‍ച്ച വേണ്ടെന്ന് ചെന്നിത്തല ആദ്യമേ പറഞ്ഞു. രാവിലെ 10.30ന് തുടങ്ങിയ യോഗത്തിന് ഉമ്മന്‍ചാണ്ടി എത്തിയത് ഒരുമണിക്കൂര്‍ വൈകിയാണ്. കുറച്ചുനേരം ചര്‍ച്ച കേട്ടശേഷം, ചെന്നിത്തല നയിച്ച കേരളയാത്ര ഗംഭീരമായെന്നും കേന്ദ്ര- സംസ്ഥാന ഭരണങ്ങള്‍ക്ക് പിന്തുണയേകിയെന്നും പറഞ്ഞ് അദ്ദേഹം സ്ഥലംകാലിയാക്കി. മൂന്നുമാസത്തെ സംഘടനാപരിപാടികള്‍ തയ്യാറാക്കി യോഗം പിരിഞ്ഞു. കെപിസിസി യോഗത്തലേന്ന് ഐ ഗ്രൂപ്പിന്റെ നേതാക്കള്‍ കെ സുധാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. അതിന് ബദലായി ബെന്നി ബഹന്നാന്റെയും തമ്പാനൂര്‍ രവിയുടെയും നേതൃത്വത്തില്‍ എക്കാരും ഗ്രൂപ്പുയോഗം ചേര്‍ന്നു.

ഇപ്പോള്‍ ഒന്നും പറയുന്നില്ല: ചെന്നിത്തല

തിരു: സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിസിസി ഭാരവാഹി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി പറഞ്ഞതിനപ്പുറം ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച ചെന്നിത്തല ആരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയെയോ ഓഫീസിനെയോ ചെന്നിത്തല ന്യായീകരിച്ചുമില്ല. മന്ത്രിസഭാ പുനഃസംഘടനയും തന്റെ മന്ത്രിസഭാ പ്രവേശനവും യോഗം ചര്‍ച്ച ചെയ്തില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള വിഷയമാണ്. കേരള യാത്രയ്ക്കുവേണ്ടി ഫണ്ട് പിരിക്കാത്ത പാര്‍ടി കമ്മിറ്റികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും- ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment