Sunday, February 12, 2012

ചന്ദ്രപ്പന്റെ "ഭൂതകാലമര്‍ദനം"

സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനെന്തുപറ്റി? രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമലോകത്തും പരക്കുന്ന ചോദ്യമാണിത്. ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളിയുണ്ടാകുന്നതുപോലെ ചന്ദ്രപ്പന്‍ ഇടയ്ക്കും മുറയ്ക്കും സിപിഐ എമ്മിന്റെ മെക്കിട്ടുകേറിക്കൊണ്ടിരിക്കുകയാണ്. വെളിയം ഭാര്‍ഗവന്‍ , പി കെ വി, എന്‍ ഇ ബാലറാം എന്നിവരെല്ലാം നേരത്തെ സംസ്ഥാന സെക്രട്ടറിമാരായിരിക്കുമ്പോള്‍ ഇരുപാര്‍ടികളും തമ്മിലുള്ള സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുന്നതിനുള്ള നിലപാടാണ് സ്വീകരിച്ചത്.

ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിപ്പും ഒരേ മുന്നണിയിലെ ഘടക കക്ഷികളായുള്ള പ്രവര്‍ത്തനവും ചരിത്രത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്. രണ്ടു പാര്‍ടികളും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടര്‍ച്ചയാണ്. 1964 മുതല്‍ രണ്ടു പാര്‍ടികളായതിനുശേഷം സിപിഐ ഒരു പതിറ്റാണ്ടോളം കോണ്‍ഗ്രസുമായി കൂട്ടുകൂടി മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കൈകാര്യംചെയ്തിരുന്നു. ഇതിന് മാറ്റംവന്നത് ആകസ്മികമായല്ല. 1978ല്‍ നടന്ന രണ്ട് പാര്‍ടികളുടെയും കോണ്‍ഗ്രസുകള്‍ ഇക്കാര്യത്തില്‍ സുപ്രധാനമായ ചുവടുവയ്പ്പ് നടത്തി. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സിപിഐ കോണ്‍ഗ്രസ് ഇടതുപക്ഷ പാര്‍ടികളുമായി അടുക്കാന്‍ തീരുമാനിച്ചു. 1969 മുതല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കൈകാര്യംചെയ്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മോചനം നേടാനും കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍നിന്ന് പുറത്തുകടക്കാനുമുള്ള ചുവടുവയ്പ്പാണ് ഭട്ടിന്‍ഡ കോണ്‍ഗ്രസിലുണ്ടായത്. വാശിയേറിയ വാദ-പ്രതിവാദങ്ങളെ നേരിട്ടുകൊണ്ടാണ് കോണ്‍ഗ്രസിനെ നേരിട്ടെതിര്‍ക്കാനുള്ള തീരുമാനത്തിലെത്തിയത്. പക്ഷേ, ഭട്ടിന്‍ഡ കോണ്‍ഗ്രസ് തീരുമാനത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ഒരുവിഭാഗം സിപിഐയില്‍ ശേഷിച്ചിരുന്നു. അവരുടെ നേതാവായിരുന്ന പാര്‍ടി ചെയര്‍മാന്‍ എസ് എ ഡാങ്കേ കുറെപ്പേരെയും കൂട്ടി പാര്‍ടിവിട്ട് സ്വതന്ത്രമായ മറ്റൊരു ഗ്രൂപ്പ് സംഘടിപ്പിച്ചു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സിപിഐ, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

കേരളത്തില്‍ ഒരുപതിറ്റാണ്ടോളം തുടര്‍ന്ന കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടില്‍നിന്ന് പുറത്തുവന്ന് സിപിഐയും സിപിഐ എമ്മും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യകക്ഷികള്‍ചേര്‍ന്ന് എല്‍ഡിഎഫ് രൂപീകരിച്ചു. അതിനുശേഷമുള്ള മൂന്നുപതിറ്റാണ്ടിലെ അനുഭവവും ഇന്ത്യന്‍ രാഷ്ട്രീയവും സിപിഐ എമ്മും സിപിഐയും നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഐക്യത്തിനും ഇടതുപക്ഷ മതേതരശക്തികളുടെ കൂട്ടായ്മയ്ക്കും കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്ന ആഹ്വാനമാണ് നല്‍കുന്നത്. ഈ രാഷ്ട്രീയത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ഇരുപാര്‍ടികളും പാര്‍ടി കോണ്‍ഗ്രസുകളിലേക്കുപോകുന്നത്. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തോട് മുഖംതിരിഞ്ഞുകൊണ്ടുള്ള നിലപാടാണ് പ്രസ്താവനകളിലും ലേഖനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഇത് സ്വയംവിമര്‍ശനപരമായി വിലയിരുത്താനെങ്കിലും അദ്ദേഹം തയ്യാറാകണം. അല്ലാതെ, ചന്ദ്രപ്പന്റെ വിലകുറഞ്ഞ അഭിപ്രായങ്ങളോട് ഉചിതമായി പ്രതികരിച്ച സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനോട് സംസാരഭാഷ നന്നാക്കാന്‍ ആവശ്യപ്പെടുകയല്ല വേണ്ടത്. ബാബറിമസ്ജിദ് തകര്‍ന്നപ്പോള്‍ അതിനുകൂട്ടുനിന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് ഡോ. സുകുമാര്‍ അഴീക്കോട് ഒരു ഉപദേശം നല്‍കിയിരുന്നു. ഹൃദയത്തിന്റെ ഭാഷ അറിയാതെ, പന്ത്രണ്ടുഭാഷ അറിഞ്ഞതുകൊണ്ടു കാര്യമില്ല എന്നായിരുന്നു ആ ഉപദേശം. ഇടതുപക്ഷഐക്യത്തിന്റെ ഹൃദയഭാഷ ചന്ദ്രപ്പന് കൈമോശം വന്നിരിക്കുന്നുവെന്നാണ് സിപിഐ എമ്മിനെതിരായ തുടരെയുള്ള അപവാദപ്രചാരണത്തില്‍ തെളിയുന്നത്.

സിപിഐ എമ്മിനെതിരെ ആര് എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളും പെറുക്കിയെടുത്ത് അപവാദപ്രചാരണങ്ങളില്‍ തിമിര്‍ത്താടാന്‍ ഉത്സാഹമുള്ള പിന്തിരിപ്പന്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയനേതാക്കളുംപോലും പറയാന്‍ അറച്ച കാര്യങ്ങളാണ് ചരിത്രമായി മാറിയ സിപിഐ എമ്മിന്റെ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിനെതിരെ ചന്ദ്രപ്പനില്‍നിന്നു കേട്ടത്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള സിപിഐ എമ്മിന്റെ സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്മെന്റ് ആണെന്ന നെറികെട്ട അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്?

രണ്ടു പാര്‍ടികളും സ്വതന്ത്ര വ്യക്തിത്വമുള്ള പാര്‍ടികളാണ്. അതുകൊണ്ടുതന്നെ വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായവും നിലപാടുകളും ചിലപ്പോഴെല്ലാം ഉണ്ടായെന്നുവരും. അത് ചന്ദ്രപ്പനുമുമ്പുള്ള മൂന്നു നേതാക്കള്‍ സംസ്ഥാനസെക്രട്ടറിമാര്‍ ആയിരുന്നപ്പോഴും ഉണ്ടായിട്ടുണ്ട്. 1980 മുതലുള്ള ആദ്യവര്‍ഷങ്ങളില്‍ രണ്ടു പാര്‍ടികളിലെയും പ്രവര്‍ത്തകര്‍ ചില ജില്ലകളിലെങ്കിലും കായികമായി ഏറ്റുമുട്ടുകയും ചിലര്‍ മരണപ്പെടുകയുംചെയ്തു. അതിനുകാരണം അതിനുമുമ്പുള്ള ഒരു പതിറ്റാണ്ടിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സിപിഐ അണികള്‍ കൈകാര്യംചെയ്തതുകൊണ്ടും അവരോട് അതിന് അനുസൃതമായ നിലപാട് സിപിഐ എം അണികള്‍ സ്വീകരിച്ചതിന്റെയും ബാക്കിപത്രമായിരുന്നു. ആ അന്തരീക്ഷമെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളത്തില്‍ ഇല്ലാതായി. പക്ഷേ, ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇരുപാര്‍ടികളും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി എന്നുവരാം. ഇതേപ്പറ്റി പരസ്യമായ സംവാദവും നടന്നിട്ടുണ്ട്. നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം, ജനകീയ പൊലീസ് തുടങ്ങിയ വിഷയങ്ങളില്‍ ചില വിയോജിപ്പുമായി ഭരണത്തില്‍ പങ്കാളിയായിരിക്കുമ്പോള്‍ത്തന്നെ നിയമസഭയ്ക്കുള്ളിലും പുറത്തും സിപിഐ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം മുന്നണിയിലെ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിച്ചു.

പക്ഷേ, അന്നുള്ളതില്‍നിന്നെല്ലാം വ്യത്യസ്തമായി രണ്ടു പാര്‍ടികളിലെയും അണികളെ അകറ്റാന്‍ പാകത്തിലുള്ള വൈകാരികവിഷയങ്ങളെ ബോധപൂര്‍വം കുത്തിയിളക്കുകയാണോ ചന്ദ്രപ്പന്‍ ചെയ്യുന്നതെന്ന് ആരും സംശയിക്കുന്ന രൂപത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടുന്ന വിനോദം കുറെനാളായി അദ്ദേഹം തുടരുകയാണ്. രണ്ട് ടേം തുടര്‍ച്ചയായി എംഎല്‍എയായവരെ മത്സരിപ്പിക്കില്ലെന്ന് തീരുമാനിക്കുകയും അത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സിപിഐ നടപ്പാക്കുകയുംചെയ്തു. 1970-77ല്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെ പിന്നീട് മത്സരിപ്പിച്ചില്ല. ഈ കാര്യങ്ങളിലൊന്നും സിപിഐ എം ഇടപെട്ടിട്ടില്ല. എന്നാല്‍ , സിപിഐ എമ്മിന്റെ നേതാവായി ആരു മത്സരിക്കണമെന്ന വിഷയത്തില്‍വരെ ഇടപെടാനും അതിന്മേല്‍തൂങ്ങിയുള്ള ചര്‍ച്ച ഇപ്പോഴും തുടരാനും ഉത്സാഹം കാട്ടുകയാണ്. ഇരുപാര്‍ടികളും യോജിച്ച് എല്‍ഡിഎഫ് രൂപീകരിച്ചശേഷം സിപിഐ എമ്മിന്റെ നിയമസഭാ ടീമിനെ നയിക്കുന്ന ചുമതലയില്‍നിന്ന് ഇ എം എസും ഇ കെ നായനാരും പിന്മാറിയിട്ടുണ്ട്. അന്നൊന്നും സിപിഐയുടെ സംസ്ഥാന സെക്രട്ടറിമാര്‍ സിപിഐ എമ്മിനെതിരെ ചന്ദ്രപ്പനെപ്പോലെ ചന്ദ്രഹാസമിളക്കിയിട്ടില്ല. അതിനുള്ള വകതിരിവും മുന്നണിമര്യാദയും ആ നേതാക്കള്‍ കാട്ടി. കൊല്ലക്കടയില്‍ സൂചി വില്‍ക്കാനിറങ്ങുമ്പോലെ പ്രകാശ് കാരാട്ടിന്റെ പേര് ഉദ്ധരിച്ച് സിപിഐ എമ്മിന്റെ നയം പിണറായി വിജയനെ പഠിപ്പിക്കാനുള്ള സാഹസത്തിനും ചന്ദ്രപ്പന് മടിയില്ലെന്ന് ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

സിപിഐ എം അണികളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുക എന്നത് ബോധപൂര്‍വമായ ഒരു വിനോദമായി ചന്ദ്രപ്പന്‍ ഏറ്റെടുത്തിരിക്കുകയാണെന്നു തോന്നുന്നു. ജനയുഗത്തില്‍ കഴിഞ്ഞ ജനുവരി 10ന് വന്ന ചന്ദ്രപ്പന്റെ സി അച്യുതമേനോന്‍ ജന്മശതാബ്ദി അനുസ്മരണലേഖനം ഇതിന് ദൃഷ്ടാന്തമാണ്. എ കെ ജി നയിച്ച മിച്ചഭൂമിസമരത്തെ അനുചിതമായ മതില്‍ചാട്ടസമരമായും കുടികിടപ്പുകാര്‍ അഞ്ചുസെന്റ് വളഞ്ഞുകെട്ടിയതിനെ അപഹാസ്യസമരമായും ചിത്രീകരിച്ചു. ദീര്‍ഘകാലത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ചരിത്രപുരുഷനായ സി അച്യുതമേനോനെ ചന്ദ്രപ്പന്‍ വിലയിരുത്തിയത് 1970 മുതല്‍ "77 വരെ അദ്ദേഹം നയിച്ച മാര്‍ക്സിസ്റ്റ്വിരുദ്ധ മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍മാത്രമാണ്. അതിനുമുമ്പ് അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയുടെ സംസ്ഥാനസെക്രട്ടറിയും ഒളിവിലും ജയിലിലും കഴിഞ്ഞ കമ്യൂണിസ്റ്റ്നേതാവും ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്നു. അതേപ്പറ്റി അനുസ്മരിക്കാന്‍ ചന്ദ്രപ്പന്‍ തയ്യാറായില്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിപിഐ എം നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ബഹുജനസമരങ്ങളെ താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്തി.

"ഭൂതകാലമര്‍ദനം" എന്ന ഒരു മാനസികാവസ്ഥയുണ്ട്. വര്‍ത്തമാനകാലത്ത് ജീവിക്കുമ്പോള്‍ത്തന്നെ ഭൂതകാലത്തിന്റെ സ്വാധീനത്തില്‍ നിപതിക്കുന്നതിനെയാണ് "ഭൂതകാലമര്‍ദനം" എന്നു പറയുന്നത്. ഒരുപതിറ്റാണ്ടില്‍ സിപിഐ കൈകാര്യംചെയ്ത മാര്‍ക്സിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തിന്റെ തടവറയിലാണോ ചന്ദ്രപ്പന്‍ എന്ന സംശയം ആരെങ്കിലും പ്രകടിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അച്യുതമേനോന്‍ ഭരണകാലത്താണ് സിപിഐ എം നേതൃത്വത്തില്‍ മിച്ചഭൂമിസമരവും കര്‍ഷകത്തൊഴിലാളികളുടെ ഭൂമിയിന്മേലുള്ള അവകാശപ്രഖ്യാപന സമരവുമുണ്ടായത്. എ കെ ജി നയിച്ച മിച്ചഭൂമിസമരത്തെ കേവലം മതിലുചാട്ടവും 1970ല്‍ പ്രഖ്യാപിച്ച കര്‍ഷകത്തൊഴിലാളികളുടെ ഭൂമിപിടിച്ചെടുക്കല്‍ സമരത്തെ കേവലം വേലികെട്ടലായും അന്ന് സിപിഐയും കോണ്‍ഗ്രസും അപഹസിച്ചിരുന്നു. അതേ വാചകങ്ങള്‍ ചന്ദ്രപ്പന്‍ ഈ ഘട്ടത്തില്‍ ഉദ്ധരിച്ചിരിക്കുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉത്സാഹിച്ചത്. പക്ഷേ, ശത്രുവര്‍ഗത്തിന്റെയടക്കം കടന്നാക്രമണങ്ങളെ നേരിട്ടാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയായി സിപിഐ എം മാറിയത്. അതിനുപിന്നില്‍ ത്യാഗത്തിന്റെയും സമര്‍പ്പിതപ്രവര്‍ത്തനത്തിന്റെയും നീണ്ട ചരിത്രമുണ്ട്. ആ ചരിത്രം വിസ്മരിച്ച് മനുഷ്യര്‍ കേട്ടാല്‍ അറപ്പുളവാക്കുന്നവിധമുള്ള ആശയങ്ങള്‍ കുത്തിനിറച്ച് ഒരു ഘടകകക്ഷി നേതാവ് പരസ്യയുദ്ധം നടത്തുന്നത് അപഹാസ്യമാണ്.

ആര്‍ എസ് ബാബു deshabhimani 130212

2 comments:

  1. സിപിഐ എമ്മിനെതിരെ ആര് എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളും പെറുക്കിയെടുത്ത് അപവാദപ്രചാരണങ്ങളില്‍ തിമിര്‍ത്താടാന്‍ ഉത്സാഹമുള്ള പിന്തിരിപ്പന്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയനേതാക്കളുംപോലും പറയാന്‍ അറച്ച കാര്യങ്ങളാണ് ചരിത്രമായി മാറിയ സിപിഐ എമ്മിന്റെ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിനെതിരെ ചന്ദ്രപ്പനില്‍നിന്നു കേട്ടത്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള സിപിഐ എമ്മിന്റെ സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്മെന്റ് ആണെന്ന നെറികെട്ട അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്?

    ReplyDelete
  2. ഇപ്പോഴുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. തര്‍ക്കങ്ങള്‍ താല്‍ക്കാലികമാണ്. അതൊന്നും ഇടതുപക്ഷത്തിന്റെ യോജിപ്പിനെ ബാധിക്കില്ല. ഇതിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകുമെന്നു കരുതുന്നില്ല. ചെറിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്. വിവാദമുണ്ടാക്കുകയാണ് അവരുടെ ഉദ്ദ്യേശം. ചന്ദ്രപ്പന്റെ ആരോപണങ്ങള്‍ക്ക് പിണറായി തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്്. സിപിഐഎം നേതാക്കള്‍ വളരെ മാന്യമായ ഭാഷയാണ് ജനങ്ങളോട് ഉപയോഗിക്കുന്നത്. അതു കൊണ്ടാണ് സിപിഐ എം കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായതെന്നും കോടിയേരി പറഞ്ഞു.

    ReplyDelete