അഴിമതി ഇടപാടിലൂടെ യുപിഎ സര്‍ക്കാര്‍ 2ജി സ്പെക്ട്രത്തിന്റെ 122 ലൈസന്‍സ് വിതരണംചെയ്തത് റദ്ദാക്കിയ സുപ്രീംകോടതി വിധി സൃഷ്ടിച്ച സാഹചര്യം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു. തിരുത്തല്‍ഹര്‍ജി സമര്‍പ്പിക്കണമെന്ന് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ അഭിപ്രായമറിയിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. സുപ്രീംകോടതി വിധി ടെലികോംമേഖലയെയും കോര്‍പറേറ്റുകളെയും ഏതുവിധം ബാധിക്കുമെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി, ടെലികോംമന്ത്രി കപില്‍ സിബല്‍ , നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സ്പെക്ട്രം അഴിമതിയില്‍ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി പി ചിദംബരം, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, ടെലികോം സെക്രട്ടറി ആര്‍ ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോടതിവിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. അതിനുശേഷമേ തീരുമാനമെടുക്കൂ. കോടതിവിധി വിദേശഫണ്ടൊഴുക്കിനെ ബാധിച്ചേക്കുമെന്ന ആശങ്ക യോഗം പങ്കുവച്ചു. സര്‍ക്കാരിന്റെ അടുത്ത നീക്കം എന്തെന്നും ചര്‍ച്ചചെയ്തു. കോടതിവിധിയുടെ വിശദാംശവും ടെലികോംമേഖലയെ അത് എങ്ങനെ ബാധിക്കുമെന്നും ടെലികോം സെക്രട്ടറി ചന്ദ്രശേഖര്‍ വിശദീകരിച്ചെന്നും സിബല്‍ പറഞ്ഞു.
കോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കിയതോടെ സര്‍ക്കാരിന് തിരികെ ലഭിച്ച 546 മെഗാഹെര്‍ട്ട്സ് 2ജി സ്പെക്ട്രത്തിന്റെ ലേലപ്രക്രിയ ഏതുവിധത്തില്‍ വേണമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലേലത്തിന്റെ മാനദണ്ഡങ്ങള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ട്രായ് പരിഗണനാപത്രം തയ്യാറാക്കിയിട്ടുണ്ട്. ടെലികോം മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍കൂടി അറിഞ്ഞശേഷമേ മാനദണ്ഡങ്ങളില്‍ അന്തിമതീരുമാനമുണ്ടാകൂ. ലൈസന്‍സ് നഷ്ടമായ വിദേശ ടെലികോം കമ്പനികള്‍ സമ്മര്‍ദംചെലുത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. നോര്‍വേയുടെ ടെലിനോര്‍ , റഷ്യയുടെ സിസ്റ്റെമ തുടങ്ങിയ കമ്പനികള്‍ക്ക് കോടതി ഉത്തരവ് വലിയ തിരിച്ചടിയായി. ഇന്ത്യന്‍ കമ്പനികളുമായുള്ള സംയുക്തസംരംഭങ്ങളുടെ ഭാഗമായി ടെലിനോര്‍ 14,000 കോടിയും സിസ്റ്റെമ 12,000 കോടിയും ടെലികോംരംഗത്ത് മുതല്‍മുടക്കിയിട്ടുണ്ട്. നോര്‍വേ ടെലികോംമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ വാര്‍ത്താവിനിമയമന്ത്രി ഇഗോര്‍ ഷിയോഗൊലെവ് ഉടന്‍ ഡല്‍ഹിയിലെത്തുമെന്നും സൂചനയുണ്ട്.
deshabhimani 120212
No comments:
Post a Comment