Sunday, February 12, 2012

ഗൊരഖ്പുരില്‍ വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ താരപരീക്ഷണം

കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഗൊരഖ്പുരില്‍ കോണ്‍ഗ്രസിനുവേണ്ടി താരസുന്ദരി മത്സരിക്കാനെത്തിയപ്പോള്‍ എതിരാളികള്‍ ആദ്യമൊന്നു ഞെട്ടി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഭോജ്പുരി സിനിമ-സീരിയല്‍ നടി കാജല്‍നിഷാദ് ഗൊരഖ്പുര്‍ റൂറല്‍ മണ്ഡലം ഇളക്കി മറിച്ചു. ജയിച്ചാലും മണ്ഡലത്തില്‍ കാണുമെന്നും സ്വന്തം ജാതിക്കാരുടെ മാത്രം സ്ഥാനാര്‍ഥിയല്ലെന്നുംശനിയാഴ്ചത്തെ വോട്ടെടുപ്പിനു തൊട്ടുമുന്നോടിയായി നടി പ്രഖ്യാപിച്ചു. നടിയെ പോലെ നിഷാദ് സമുദായാംഗമാണ് മുഖ്യഎതിരാളി. ബിഎസ്പി നേതാവും മുന്‍ മന്ത്രിയുമായ രാംഭുവല്‍ നിഷാദ്. മണിറാം മണ്ഡലത്തിലെ ബിജെപിയുടെ സിറ്റിങ് എംഎല്‍എ വിജയ് ബഹാദൂര്‍ , സമാജ്വാദി പാര്‍ടിയുടെ സമര്‍ അമീന്‍ ധാകു എന്നിവരും ഗൊരഖ്പുരില്‍ താരോദയം തടയാനായി മത്സരിക്കുന്നു. ശനിയാഴ്ച വോട്ടെടുപ്പ് നടക്കുപ്പോഴും മിക്ക ബൂത്തുകളിലും കാജല്‍തന്നെ സംസാരവിഷയം.

തലങ്ങും വിലങ്ങും പായുന്ന പൊലീസും പട്ടാളവുമാണ് അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടുതന്നെ നഗരത്തിലെ തട്ടുകടകള്‍ മുഴുവന്‍ അടച്ചിരുന്നു. നേപ്പാള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികള്‍ മാത്രമാണ് നിരത്തിലുള്ളത്. ചന്ദ്രഗുപ്തമൗര്യന്റെ നാടായ ഗൊരഖ്പുര്‍ ഇന്ന് മയക്കുമരുന്നു കച്ചവടവും ഗുണ്ടാപണിയും തൊഴിലാക്കിയ പതിനായിരക്കണക്കിനു യുവാക്കളുടെ നാടാണ്. റോഡിനോ സ്കൂളിനോ വ്യവസായത്തിനോ വേണ്ടി വാദിക്കാന്‍ ആരുമില്ല. പിന്നോക്ക, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗൊരഖ്പുരിന്റെ പ്രാകൃതാവസ്ഥ ഇവിടെ നിന്ന് ജയിച്ചു പോയവരുടെ "സംഭാവന" വെളിപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കാജല്‍ ഒരുവര്‍ഷം മുമ്പേ ഗൊരഖ്പുരിലെത്തി ഒരുക്കങ്ങള്‍ നടത്തി. കച്ച് സ്വദേശിനിയായ കാജല്‍ അതുവരെ അച്ഛനമ്മമാര്‍ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈയിലായിരുന്നു താമസം. സിനിമാ നിര്‍മാതാവായ ഭര്‍ത്താവ് സഞ്ജയ് നിഷാദിന്റെ ജന്മസ്ഥലാണ് ഗൊരഖ്പുര്‍ . ഭര്‍ത്താവിന്റെ നാട്ടിന്റെ മുഖഛായ മാറ്റാമെന്ന അഭ്യര്‍ഥനയുമായാണ് കാജല്‍ വോട്ടര്‍മാരെ സമീപിച്ചത്. പുരാതന കെട്ടിടങ്ങളും പാവപ്പെട്ടവര്‍ കച്ചവടം നടത്താന്‍ കെട്ടിയ കൂരകളും നിറഞ്ഞ ഗൊരഖ്പുര്‍ കാജലിന്റെ പളപളാ മിന്നുന്ന ഫ്ളക്സുകളാല്‍ നിറഞ്ഞിരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി നെഹ്റു മൂന്നുവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചത് ഇവിടെയാണ്. മൗര്യരാജ പാരമ്പര്യമുള്ളതിനാല്‍ ബുദ്ധ-ജൈനമതങ്ങള്‍ക്കും പ്രചാരമുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ സ്വഭാവം മാറ്റി മറിച്ച ചൗരിചൗരാ സംഭവം നടന്ന നാട് എന്നതുള്‍പ്പെടെ നിരവധി സമരപോരാട്ടത്തിന്റെ ചരിത്രവും ഗൊരഖ്പുരിനു സ്വന്തം. എന്നാല്‍ ക്രിമിനലുകളുടെയും ഭിക്ഷക്കാരുടെയും മയക്കുമരുന്നു വ്യാപാരത്തിന്റെയും നാടായി ഗൊരഖ്പുരിനെ മാറ്റിയതില്‍ കോണ്‍ഗ്രസിനു വലിയ പങ്കുണ്ടെന്ന് ഇവിടുത്തെ ഒരുപ്രാദേശിക പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
(ദിനേശ്വര്‍മ)

deshabhimani 120212

No comments:

Post a Comment