Tuesday, February 14, 2012

യുപിയില്‍ ജാതിയും മതവും ചോദിക്കും; പറയും

ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ മുഖ്യമന്ത്രി മായാവതി നിര്‍മിച്ച വിശാലമായ പാര്‍ക്കുകളില്‍ ഗ്രാമങ്ങളില്‍നിന്നെത്തിയ ദളിതരുടെ തിരക്ക് കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശപ്രകാരം മൂടിവച്ച ബിഎസ്പി ചിഹ്നമായ ആനകളുടെ പ്രതിമകള്‍ തുണിയുടെ ഇടയിലൂടെ ചിലര്‍ നോക്കിക്കാണുന്നു. അംബേദ്കറിന്റെ പേരിലാണ് പാര്‍ക്കിന്റെ പ്രധാന കവാടം. ദളിതരുടെയും പിന്നോക്കക്കാരുടെയും മനസ്സുകള്‍ മായാവതി കീഴടക്കുന്നത് ഇത്തരം അടയാളപ്പെടുത്തലുകളിലൂടെയാണ്. മായാവതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നാലും വിമാനം പിടിച്ചുപോയി ചെരിപ്പു വാങ്ങിയാലും അവരുടെ ദളിത് വോട്ട്ബാങ്കില്‍ ഇടിവുണ്ടാകാറില്ല. കാരണം, ദളിതരുടെ അഭിമാനം മായാവതി കാത്തെന്നാണ് വാദം. ഇതിനെതിരെ ഉത്തര്‍പ്രദേശില്‍ ചോദ്യങ്ങള്‍ ഉയരാറില്ല. ഇക്കുറി അധികാരത്തില്‍ തുടരാനാവശ്യമായ ഭൂരിപക്ഷം ബിഎസ്പിക്ക് കിട്ടില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുമ്പോഴും ദളിത് വോട്ടുകളില്‍ മായാവതിക്കുള്ള അടിത്തറയ്ക്ക് കാര്യമായ ഇടിവ് വന്നിട്ടില്ല.

"ജാതീയത ഉപയോഗിച്ച് ഏറ്റവും തീവ്രമായ വിലപേശലാണ് മായാവതി നടത്തുന്നത്"- നിയമസഭാ മന്ദിരമായ വിധാന്‍ഭവന് എതിര്‍വശത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എസ് പി കശ്യപ് പറഞ്ഞു. "ദളിതര്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ ബിജെപിക്കാരനായ സവര്‍ണന്‍ നിയമസഭയിലേക്കു പോകുമെന്നാണ് സാലേംപുര്‍ മണ്ഡലത്തില്‍ മായാവതി പ്രചരിപ്പിക്കുന്നത്. സിപിഐ എം സ്ഥാനാര്‍ഥി സതീഷ് നല്ലനിലയില്‍ മത്സരം നടത്തുന്ന മണ്ഡലമാണിത്. ഇടതുപക്ഷത്തുള്ള ദളിതരെക്കൂടി ഇളക്കാനാണ് മായാവതി ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്"- കശ്യപ് പറഞ്ഞു. "ബിജെപിക്കാരും ഈ തന്ത്രമാണ് പയറ്റുന്നത്. നജീബാബാദില്‍ ഏതാണ്ടെല്ലാ പാര്‍ടികളും മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കി. മുസ്ലിംവോട്ടുകള്‍ നിര്‍ണായകമാണ് ഇവിടെ. മറ്റേതു പാര്‍ടിക്ക് വോട്ട് ചെ്താലും മുസല്‍മാനായിരിക്കും നിയമസഭയിലെത്തുക എന്നാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയുടെ ഹിന്ദുസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ഥന. പരസ്യമായിട്ടാണ് ഈ പ്രചാരണം" -കശ്യപ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ജാതി, മതം, മാഫിയ തുടങ്ങിയവയുടെ സ്വാധീനം കുപ്രസിദ്ധമാണെങ്കിലും തെരഞ്ഞെടുപ്പില്‍ അവ ഉപയോഗിച്ചുള്ള വിലപേശല്‍ ഏറ്റവും നീചമായ അവസ്ഥയിലേക്ക് അധഃപതിക്കുമ്പോള്‍ പോലും മാധ്യമങ്ങള്‍പോലും നിശ്ശബ്ദമാണ്. സ്ഥാനാര്‍ഥിയുടെ ജാതിയും മതവും പ്രചാരണരംഗത്ത് വന്‍ പ്രചാരണായുധമാകുമ്പോള്‍ ലഖ്നൗവില്‍ നിത്യോപയോഗ സാധനവില ആകാശത്തേക്ക് കുതിക്കുകയാണ്. ഇതു പറഞ്ഞ് വോട്ട് ചോദിക്കാന്‍ അധികം പാര്‍ടികള്‍ ഇല്ല. അതേസമയം, അവികസിതമായ സംസ്ഥാനത്തിന്റെ ദുഃസ്ഥിതി വിവരിച്ചും വിലക്കയറ്റം ചൂണ്ടിക്കാട്ടിയുമാണ് മത്സരിക്കുന്ന 17 സീറ്റിലും ഇടതുപാര്‍ടികള്‍ വോട്ട് ചോദിക്കുന്നത്.

(ദിനേശ്വര്‍മ) deshabhimani 140212

1 comment:

  1. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ മുഖ്യമന്ത്രി മായാവതി നിര്‍മിച്ച വിശാലമായ പാര്‍ക്കുകളില്‍ ഗ്രാമങ്ങളില്‍നിന്നെത്തിയ ദളിതരുടെ തിരക്ക് കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശപ്രകാരം മൂടിവച്ച ബിഎസ്പി ചിഹ്നമായ ആനകളുടെ പ്രതിമകള്‍ തുണിയുടെ ഇടയിലൂടെ ചിലര്‍ നോക്കിക്കാണുന്നു. അംബേദ്കറിന്റെ പേരിലാണ് പാര്‍ക്കിന്റെ പ്രധാന കവാടം. ദളിതരുടെയും പിന്നോക്കക്കാരുടെയും മനസ്സുകള്‍ മായാവതി കീഴടക്കുന്നത് ഇത്തരം അടയാളപ്പെടുത്തലുകളിലൂടെയാണ്. മായാവതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നാലും വിമാനം പിടിച്ചുപോയി ചെരിപ്പു വാങ്ങിയാലും അവരുടെ ദളിത് വോട്ട്ബാങ്കില്‍ ഇടിവുണ്ടാകാറില്ല. കാരണം, ദളിതരുടെ അഭിമാനം മായാവതി കാത്തെന്നാണ് വാദം. ഇതിനെതിരെ ഉത്തര്‍പ്രദേശില്‍ ചോദ്യങ്ങള്‍ ഉയരാറില്ല. ഇക്കുറി അധികാരത്തില്‍ തുടരാനാവശ്യമായ ഭൂരിപക്ഷം ബിഎസ്പിക്ക് കിട്ടില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുമ്പോഴും ദളിത് വോട്ടുകളില്‍ മായാവതിക്കുള്ള അടിത്തറയ്ക്ക് കാര്യമായ ഇടിവ് വന്നിട്ടില്ല.

    ReplyDelete