Tuesday, February 14, 2012

മോഡല്‍ പരീക്ഷയുടെ മോഡലും മാറ്റി; പലയിടത്തും അച്ചടിച്ച ചോദ്യപേപ്പറില്ല

കോഴിക്കോട്: അധ്യാപകരും വിദ്യാര്‍ഥികളും അറിയാതെ എസ്എല്‍സി മോഡല്‍ പരീക്ഷാ രീതിയില്‍ മാറ്റം. ആദ്യ പരീക്ഷയായ മലയാളം ഒന്നാം പേപ്പറാണ് കുട്ടികള്‍ക്ക് കല്ലുകടിയായത്. ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും ചില രീതിയിലുള്ള ചോദ്യങ്ങള്‍ ഉപേക്ഷിച്ചതുമാണ് വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കിയത്. പകുതി ചോദ്യങ്ങള്‍ക്കുപോലും ഉത്തരമെഴുതാനാവാതെ കീട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തു. മോഡല്‍ പരീക്ഷ തിങ്കളാഴ്ചയാണ് തുടങ്ങിയത്.

ഒന്നര മണിക്കൂര്‍ സമയം കൊണ്ട് ഒമ്പതുചോദ്യത്തിന് ഉത്തരമെഴുതേണ്ട രീതിയാണ് നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 14 ചോദ്യങ്ങളാക്കി. 12 എണ്ണത്തിന് ഉത്തരം എഴുതണം. സമയം ഒന്നര മണിക്കൂര്‍ തന്നെ. പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ മിക്കവയ്ക്കും ഉത്തരമെഴുതാനായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നേരത്തെ എസ്എസ്എല്‍സി ഓണപ്പരീക്ഷയ്ക്ക് മറ്റൊരു മാതൃകയിലായിരുന്നു ചോദ്യപേപ്പര്‍ . ഇതുപ്രകാരമാണ് മോഡല്‍ പരീക്ഷയ്ക്കും കുട്ടികള്‍ തയ്യാറായത്. ബ്രാക്കറ്റില്‍ നിന്നും തെരഞ്ഞെടുത്ത് എഴുതുന്നതുപോലുള്ള ചോദ്യങ്ങള്‍ ഇത്തവണ ഒഴിവാക്കി. ക്ലസ്റ്റര്‍ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്താണ് നേരത്തെ പരീക്ഷ രീതി സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തിയിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരം ഈ സംവിധാനവും ഇല്ലാതാക്കി.

കാസര്‍കോട് ജില്ലയില്‍ സംസ്കൃതം പരീക്ഷയില്‍ എഴുതി തയ്യാറാക്കിയ ചോദ്യപേപ്പര്‍ കിട്ടിയതും കുടികളെ വലച്ചു. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ നല്‍കിയ ചോദ്യം വായിക്കാന്‍പോലും കഴിഞ്ഞില്ല. പത്തുരൂപ ഫീസ് വാങ്ങിയാണ് മോഡല്‍ പരീക്ഷ നടത്തുന്നത്. മുന്‍കാലങ്ങളില്‍ ക്വസ്റ്റ്യന്‍ ബാങ്ക് തയ്യാറാക്കിയിരുന്നത് എസ്സിഇആര്‍ടി ആയിരുന്നു. "പടവുകള്‍" എന്നപേരില്‍ സൗജന്യമായി സ്കൂളുകളില്‍ എത്തിച്ച സൈറ്റില്‍ നിന്ന് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു.

deshabhimani 140212

1 comment:

  1. അധ്യാപകരും വിദ്യാര്‍ഥികളും അറിയാതെ എസ്എല്‍സി മോഡല്‍ പരീക്ഷാ രീതിയില്‍ മാറ്റം. ആദ്യ പരീക്ഷയായ മലയാളം ഒന്നാം പേപ്പറാണ് കുട്ടികള്‍ക്ക് കല്ലുകടിയായത്. ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും ചില രീതിയിലുള്ള ചോദ്യങ്ങള്‍ ഉപേക്ഷിച്ചതുമാണ് വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കിയത്. പകുതി ചോദ്യങ്ങള്‍ക്കുപോലും ഉത്തരമെഴുതാനാവാതെ കീട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തു. മോഡല്‍ പരീക്ഷ തിങ്കളാഴ്ചയാണ് തുടങ്ങിയത്.

    ReplyDelete