Tuesday, December 20, 2011

പ്രതിസന്ധികളില്‍ പതറാത്ത കരുത്തനായ നേതാവ്


കിം ജോങ് ഇല്‍ ഉത്തരകൊറിയന്‍ ജനതയ്ക്ക് 'പ്രിയംകരനായ നേതാവ്' ആയിരുന്നുവെങ്കില്‍ അമേരിക്കയ്ക്ക് അദ്ദേഹം ഉത്തരംകിട്ടാത്ത ഒരു ചോദ്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ചറിയാന്‍ സി ഐ എ ആവത് ശ്രമിച്ചു. കിം ജോങ് ഇലിന്റെ പരിചാരകയെ ഇന്റര്‍വ്യൂ ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ നീക്കങ്ങളും ഉദ്ദേശങ്ങളും മാനസികാവസ്ഥയും വിശകലനം ചെയ്തു.

'പിഗ്മി' എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ബുഷ് അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഉത്തരകൊറിയയെ 'തിന്മയുടെ അച്ചുതണ്ടാ'യും ചിത്രീകരിച്ചു. ദക്ഷിണകൊറിയയില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രകഥാ പുസ്തകങ്ങളില്‍ കൊമ്പുകളും ദംഷ്ട്രങ്ങളുമുള്ള ഒരു ചുവന്ന ചെകുത്താനായിട്ടാണ് കിം ചിത്രീകരിക്കപ്പെട്ടത്.

എന്നാല്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയവര്‍ അത്ഭുതപ്പെട്ടുപോയി. അവരുടെ ധാരണകളില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന ഒരു നേതാവായിരുന്നു കിം ജോങ് ഇല്‍. ലോകത്ത് ഉരുത്തിരിയുന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള ഒരു നേതാവായിരുന്നു അദ്ദേഹമെന്ന് ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവരുമായിരുന്നില്ല.
''തുറന്നു പറയുന്ന ഒരു വ്യക്തി. ഉത്തര കൊറിയയിലെ ഏറ്റവും അയവുള്ള നേതാവ്''. ദക്ഷിണ കൊറിയന്‍ പ്രസിഡന്റായിരുന്ന റോ മൂ ഹ്യുന്‍ അഭിപ്രായപ്പെട്ടതങ്ങനെയാണ്. 2007 ല്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ അഭിപ്രായപ്രകടനം.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതഉദ്യോഗസ്ഥനായ വെന്‍ഡിഷെര്‍മാന്റെ അഭിപ്രായവും മറ്റൊന്നല്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം കിമ്മിനെ സന്ദര്‍ശിച്ചശേഷം ഷെര്‍മാന്‍ പറഞ്ഞതിങ്ങനെ: ''സമര്‍ഥന്‍. വിവരമുള്ളവന്‍. ആത്മവിശ്വാസമുള്ളവന്‍. കൈവച്ചകാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്നവന്‍.'' അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ക്ലിന്റന്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പായിരുന്നു സന്ദര്‍ശനം. ആണവമിസൈല്‍ പദ്ധതി പരിമിതപ്പെടുത്താന്‍ ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സന്ദര്‍ശനം നിഷ്ഫലമായി. ഉത്തരകൊറിയക്കുമേല്‍ കിമ്മിന് യഥാര്‍ഥത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നോ എന്ന സന്ദേഹം യാത്ര പുറപ്പെടും മുമ്പ് അമേരിക്കന്‍ നേതാക്കള്‍ക്കുണ്ടായിരുന്നു.  സന്ദര്‍ശനത്തോടെ അവരുടെ സംശയമെല്ലാം തീര്‍ന്നു.

അമേരിക്കയുടെ ഭീഷണിയേയും വിരട്ടലിനെയും കൂസാതെയാണ് ആണവമിസൈല്‍ പദ്ധതിയുമായി ഉത്തരകൊറിയ മുന്നോട്ടുപോയത്. അമേരിക്കയുടെ ശ്രദ്ധ ഇറാക്ക് യുദ്ധത്തില്‍ കേന്ദ്രീകരിച്ചത് ഉത്തരകൊറിയക്ക് അനുഗ്രഹമായിത്തീര്‍ന്നു.

ഉത്തരകൊറിയ ആണവായുധങ്ങള്‍ ഉണ്ടാക്കിയാല്‍ വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ബുഷിന്റെ ഭീഷണി. എന്നാല്‍ രണ്ട് തവണ പ്രസിഡന്റായിട്ടും ഉത്തരകൊറിയക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ബുഷിനു കഴിഞ്ഞിരുന്നില്ല.

സിറിയയില്‍ ആണവ റിയാക്ടര്‍ പണിയാന്‍ ഉത്തരകൊറിയ രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് 2007ല്‍ ഇസ്രായേല്‍ പ്രസിഡന്റ് ബുഷിനെ അറിയിച്ചു. സിറിയയുടെ  ആണവനിലയം തകര്‍ക്കാനുള്ള രഹസ്യപദ്ധതിയുടെ ഭാഗമായി ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ പോലും സജ്ജമാക്കി. വിവാദം കൊഴുത്ത സമയത്തും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞഭാവം പോലും ഉത്തരകൊറിയ നടിച്ചില്ല.

ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്തിരുന്ന ബുഷിനും ഒടുവില്‍ നിലപാട് മാറ്റേണ്ടി വന്നു. ഭരണത്തിന്റെ അവസാന മൂന്നുവര്‍ഷങ്ങളില്‍ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് കൂടിയാലോചനകളുടെ പാത സ്വീകരിക്കാന്‍ ബുഷ് നിര്‍ബ്ബന്ധിതനായി. അമേരിക്കയിലെ യുദ്ധവെറിയന്മാര്‍ക്ക് ഇഷ്ടപ്പെടുന്നതായിരുന്നില്ല അത്.

സ്ഥിതിഗതികള്‍ കിം സമര്‍ഥമായി മുതലെടുത്തു. അമേരിക്കയില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതേ സമയം വികസിപ്പിച്ചെടുത്ത ആണവായുധങ്ങള്‍ വളരെ സമര്‍ഥമായി ഒളിപ്പിക്കുകയും ചെയ്തു. ഈ ആണവായുധങ്ങള്‍ തന്നെയാണ് ഇപ്പോഴും അമേരിക്കയെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. അന്നത്തെ കൂടിയാലോചനകളെക്കുറിച്ച് ഹാവാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ആണവനിര്‍വ്യാപന കാര്യങ്ങളിലെ വിദഗ്ധനായ ഗ്രഹാം അലിസന്‍ ഇങ്ങനെയെഴുതി:
''ഈ കൂടിയാലോചനകളുടെ ചരിത്രമെഴുതിയാല്‍ കിമ്മിന് എട്ടുമാര്‍ക്കും ബുഷിന് പൂജ്യം മാര്‍ക്കും ആയിരിക്കും ലഭിക്കുക''.

''എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച കരുത്തനായ നേതാവ്'' എന്നായിരുന്നു ഉത്തരകൊറിയന്‍ കാര്യങ്ങളില്‍ വിദഗ്ധനായ ആന്ദ്രെലന്‍ കോവ് പറഞ്ഞു.
സൈനികമായി കരുത്താര്‍ജ്ജിച്ച രാഷ്ട്രമാണ് ഉത്തരകൊറിയ.  11 ലക്ഷം സൈനികരുള്ള ഉത്തരകൊറിയയ്ക്ക് ലോകത്ത് അഞ്ചാം സ്ഥാനമാണുള്ളത്. 2006 ഒക്‌ടോബറില്‍ ഉത്തരകൊറിയ ആണവായുധപരീക്ഷണം നടത്തി. ആണവപരീക്ഷണം നടത്തുന്ന ലോകത്തിലെ എട്ടാമത്തെ രാഷ്ട്രമായി അത് മാറി.

കിംങ് ജോ ഇലിന്റെ ജനനം സൈബീരിയായിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കിംങ് ഇല്‍ സുങും ജാപ്പനീസ്‌വിരുദ്ധഗറിലാ പോരാട്ടങ്ങളിലേര്‍പ്പെട്ടിരുന്ന വേളയിലായിരുന്നു ജനനം. ജനനവര്‍ഷം 1941 ആണെന്നും 1942 ആണെന്നും രണ്ട് പക്ഷമുണ്ട്.

യുവാവായിരിക്കുമ്പോള്‍ പ്ലേബോയ് ശൈലിയിലായിരുന്നു ജീവിതമെന്ന് കിമ്മിനെക്കുറിച്ച് ആക്ഷേപമുണ്ട്. ഹോളിവുഡ് സിനിമകളുടെ ഒരു ആരാധകനായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ സി ഡികളുടെ വന്‍ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

ഇറാക്കില്‍ അമേരിക്ക യുദ്ധമാരംഭിച്ച വേളയില്‍ രണ്ട് മാസക്കാലത്തോളം ഉത്തരകൊറിയന്‍ നേതാവായിരുന്ന കിംങ് ജോ ഇലിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഉത്തരകൊറിയയെ അമേരിക്ക ഉടന്‍ ആക്രമിക്കുമെന്നും അത് ഭയന്ന് കിം ഒളിവില്‍ പോയതാണെന്നും കിംവദന്തികള്‍ പരന്നു. എന്നാല്‍ ആണവായുധ പരീക്ഷണങ്ങളുമായാണ് കിം വീണ്ടും രംഗത്ത് പ്രത്യക്ഷപ്പെട്ടത്.

ഒബാമ അമേരിക്കന്‍ പ്രസിഡന്റായ ഉടന്‍ രണ്ടാമതൊരു ആണവ പരീക്ഷണം കൂടി ഉത്തരകൊറിയ നടത്തി. ആദ്യത്തേതിനേക്കാള്‍ വളരെ വിജയകരമായിരുന്നു അത്. ഉത്തരകൊറിയയുമായി കൂടിയാലോചനകളുടെ മാര്‍ഗത്തിലേക്ക് വരാന്‍ അത് ഒബാമയെ നിര്‍ബന്ധിതനാക്കി.

കഴിഞ്ഞവര്‍ഷം ഉത്തരകൊറിയക്കെതിരെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസങ്ങള്‍ വരെ നടത്തി. ഉത്തരകൊറിയയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ദക്ഷിണകൊറിയയുടെ ഒരു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നായിരുന്നു അത്. ഉത്തരകൊറിയക്കെതിരെയുള്ള ഭീഷണിയെ ചെറുക്കാന്‍ ചൈന രംഗത്തുവന്നു. സമീപകാലത്ത് കിം ചൈന സന്ദര്‍ശിച്ചിരുന്നു.

ദക്ഷിണകൊറിയക്കെതിരെ ആക്രമണം നടത്തിയ സൈനിക യൂണിറ്റ് അനാരോഗ്യം വകവെക്കാതെ കിം സന്ദര്‍ശിച്ചു. സൈനികര്‍ക്ക് മെഡലുകളും നല്‍കി. പ്രതിസന്ധികളില്‍ ആത്മവീര്യം പകര്‍ന്ന് ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടതാണ് കിംനെ പ്രിയംകരനായ നേതാവാക്കി മാറ്റിയത്.

janayugom 201211

No comments:

Post a Comment