Tuesday, February 14, 2012

സാമ്രാജ്യത്വ ശക്തികള്‍ സമ്പത്ത് കൈയടക്കുന്നു: ബിഷപ്പ് മാലു എസ് പുംവാന

സാമ്രാജ്യത്വ ശക്തികളും വ്യാവസായിക ശക്തികളും ലോകത്ത് സമ്പത്ത് കൈയടക്കുകയാണെന്നും വന്‍കിടക്കാര്‍ക്ക് മാത്രമാണ് രക്ഷ എന്നതാണ് സ്ഥിതിയെന്നും എത്യോപ്യന്‍ എപ്പിസ്കോപ്പല്‍ സഭാ ബിഷപ്പും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിന്റെ ഉപദേശക സമിതിയംഗവുമായ മാലു എസ് പുംവാന പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷന്റെ തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം നിലനില്‍ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ജീവന്റെ നിലനില്‍പ്പിനും പുതിയ മുന്നേറ്റം ഉണ്ടാവണം. പാശ്ചാത്യ ശക്തികളുടെ ആധിപത്യത്തില്‍ നിന്ന് ലോകം കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യത്തിലേക്ക് കടന്നുവരികയും മൂന്നാം ലോകരാജ്യങ്ങള്‍ മുന്നിലേക്ക് എത്തുകയും ചെയ്യുന്ന കാലഘട്ടം കൂടിയാണിത്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സഭകളുടെ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കണം. ബ്രസീല്‍ , റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സാമ്പത്തികം സഹകരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ബ്രിക്( ബ്രസീല്‍ ,റഷ്യ, ഇന്ത്യ, ചൈന) പ്രവര്‍ത്തിക്കുന്നത്. ഇത്തരം രാജ്യങ്ങളുടെ സഭകള്‍ ചേര്‍ന്ന് മുതലാളിത്ത ലോകക്രമത്തില്‍ ഇടപെടാന്‍ കഴിയണം. മൂല്യങ്ങളുടെ സംരക്ഷണത്തിനും സമ്പത്തിന്റെ ക്രമമായ വിതരണത്തിനും ഇത് ആവശ്യമാണ്. ഇതിന് മാര്‍ത്തോമ്മാസഭ നേതൃത്വം നല്‍കണം.

പാശ്ചാത്യര്‍ ആഫ്രിക്കയിലേക്ക് വന്നത് ഒരു കയ്യില്‍ വേദപുസ്തകം പിടിച്ചും മറ്റേ കയ്യ് പോക്കറ്റില്‍ ഇട്ടും കൊണ്ടാണ്. ചെറുപ്പ കാലങ്ങളില്‍ ആഫ്രിക്കയിലെ വര്‍ണ വിവേചനങ്ങള്‍ കണ്ടപ്പോള്‍ ഇതിനിടയില്‍ ഒരു ദൈവം ഉണ്ടോ എന്നുപോലും താന്‍ സംശയിച്ചു. വര്‍ണവെറിയുടെ ഭീകരത അനുസ്മരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. ഗാന്ധിജിക്കും മണ്ടേലയ്ക്കും പ്രചോദനമായത് ക്രിസ്തുവിന്റെ ദര്‍ശനങ്ങളാണ്. ഈ ദര്‍ശനങ്ങള്‍ ലോകത്തിന്റെ സുരക്ഷിതത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ തോമസ് തിത്തൂസ് എപ്പിസ്കോപ്പ അധ്യക്ഷനായി. റവ. ഏബ്രഹാം സ്കറിയ പ്രസംഗം പരിഭാഷപ്പെടുത്തി.

"പിടിച്ചെടുക്കല്‍ പ്രക്ഷോഭം" സ്വകാര്യവല്‍ക്കരണത്തിന്റെ ഫലം: സാല്‍വഡോര്‍ സ്ഥാനപതി

തിരു: അമേരിക്കയിലെയും യൂറോപ്പിലെയും "പിടിച്ചെടുക്കല്‍" പ്രക്ഷോഭം നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമാണെന്ന് ഇന്ത്യയിലെ എല്‍സാല്‍വഡോര്‍ സ്ഥാനപതി റൂബന്‍ ഇഗ്നാഷ്യോ സമോറ റിവാസ് പറഞ്ഞു. കേരള സര്‍വകലാശാല വി കെ കൃഷ്ണമേനോന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ "നവ ഉദാരനയങ്ങളും ലാറ്റിന്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ബദലും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രതലത്തിലും രാജ്യങ്ങള്‍ക്കകത്തും ആഗോളവല്‍ക്കരണം അസമത്വം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ അമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ജനപ്രിയമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ നിലവില്‍വന്നുകഴിഞ്ഞു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ പുരോഗമനശക്തികള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് തെളിഞ്ഞു. വെനസ്വേല, അര്‍ജന്റീന, ഉറൂഗ്വേ, ഇക്വഡോര്‍ , നിക്കരാഗ്വ, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ബാലറ്റിലൂടെയാണ് അധികാരം നേടിയത്. കരുത്തരായ നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ട്.

ജനപ്രിയപരിപാടികളെ കുറിച്ച് കേള്‍ക്കാതിരുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ കാലം ലാറ്റിന്‍ അമേരിക്കയില്‍ അവസാനിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ചും ദരിദ്രരെ കുറിച്ചുമാണ് ലാറ്റിന്‍ അമേരിക്ക ഇപ്പോള്‍ സംസാരിക്കുന്നത്. പുതിയ ലോകസാഹചര്യത്തില്‍ ഒറ്റതിരിഞ്ഞ് നില്‍ക്കാന്‍ ലാറ്റിന്‍ അമേരിക്കയ്ക്ക് സാധ്യമല്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ വിദേശബന്ധങ്ങളിലുണ്ടാകുന്ന മാറ്റം ഈ സാഹചര്യത്തിലാണെന്നും സമോറ പറഞ്ഞു. കെ എന്‍ ബാലഗോപാല്‍ എംപിയും സംസാരിച്ചു. വി കെ കൃഷ്ണമേനോന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഷാജി വര്‍ക്കി സ്വാഗതം പറഞ്ഞു.

deshabhimani 140212

1 comment:

  1. സാമ്രാജ്യത്വ ശക്തികളും വ്യാവസായിക ശക്തികളും ലോകത്ത് സമ്പത്ത് കൈയടക്കുകയാണെന്നും വന്‍കിടക്കാര്‍ക്ക് മാത്രമാണ് രക്ഷ എന്നതാണ് സ്ഥിതിയെന്നും എത്യോപ്യന്‍ എപ്പിസ്കോപ്പല്‍ സഭാ ബിഷപ്പും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിന്റെ ഉപദേശക സമിതിയംഗവുമായ മാലു എസ് പുംവാന പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷന്റെ തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete