Tuesday, February 14, 2012

കലിക്കറ്റ് സര്‍വകലാശാലാ ഹോസ്റ്റലില്‍ റെയ്ഡ്

കലിക്കറ്റ് സര്‍വകലാശാല പുരുഷ ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്. തിരൂരങ്ങാടി സിഐ എ ഉമേഷ്, തേഞ്ഞിപ്പലം എസ്ഐ കെ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ അനുമതിയോടെയായിരുന്നു റെയ്ഡ്. തിങ്കളാഴ്ച പകല്‍ 12.30ഓടെ പൊടുന്നനെ ഹോസ്റ്റലിലെത്തിയ പൊലീസ് സംഘം ഹോസ്റ്റലില്‍ എല്ലായിടത്തും പരിശോധന നടത്തി.

പുരുഷ ഹോസ്റ്റലില്‍ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്നും അനധികൃതമായി ആളുകള്‍ താമസിക്കുന്നുണ്ടെന്നും വൈസ് ചാന്‍സലര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്യാമ്പസില്‍ സുരക്ഷ ശക്തമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശംകൂടി വന്ന സാഹചര്യത്തില്‍ റെയ്ഡിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. പരിശോധന നടത്താന്‍ അധികാരമുള്ള സംവിധാനങ്ങള്‍ സര്‍വകലാശാലയില്‍തന്നെ ഉണ്ടെന്നിരിക്കെ പൊലീസ് റെയ്ഡ് വിവാദമായിട്ടുണ്ട്.

എസ്എഫ്ഐ പഠിപ്പുമുടക്കി

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ പുരുഷ ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ക്യാമ്പസില്‍ പഠിപ്പുമുടക്കി. തിങ്കളാഴ്ച ഉച്ചക്കുശേഷം പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹോസ്റ്റലുകളിലും മറ്റും പരിശോധന നടത്താന്‍ സര്‍വകലാശാലയില്‍തന്നെ കൃത്യമായ സംവിധാനമുണ്ടായിട്ടും ഇവ നോക്കുകുത്തിയാക്കി വൈസ് ചാന്‍സലര്‍ പൊലീസിനെ രംഗത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

വാര്‍ഡന്മാര്‍ , അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി, എക്സിക്യൂട്ടീവ് എന്നീ സംവിധാനങ്ങള്‍ക്ക് ഹോസ്റ്റലുകളിലും മറ്റും പരിശോധന നടത്താന്‍ അധികാരമുണ്ട്. പൊലീസ് റെയ്ഡ് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. പുരുഷ ഹോസ്റ്റല്‍ പ്രശ്നബാധിത കേന്ദ്രമാണെന്ന പ്രചാരണം നടത്തി രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള വൈസ് ചാന്‍സലറുടെ തരംതാണ രാഷ്ട്രീയ കളിയുടെ ഭാഗമാണീ സംഭവമെന്ന് എസ്എഫ്ഐ ആരോപിച്ചു. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും മുന്നോട്ടുപോകാനാകില്ല. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്നും എസ്എഫ്ഐ ഭാരവാഹികള്‍ അറിയിച്ചു.

deshabhimani 140212

1 comment:

  1. പുരുഷ ഹോസ്റ്റലില്‍ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്നും അനധികൃതമായി ആളുകള്‍ താമസിക്കുന്നുണ്ടെന്നും വൈസ് ചാന്‍സലര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്യാമ്പസില്‍ സുരക്ഷ ശക്തമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശംകൂടി വന്ന സാഹചര്യത്തില്‍ റെയ്ഡിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. പരിശോധന നടത്താന്‍ അധികാരമുള്ള സംവിധാനങ്ങള്‍ സര്‍വകലാശാലയില്‍തന്നെ ഉണ്ടെന്നിരിക്കെ പൊലീസ് റെയ്ഡ് വിവാദമായിട്ടുണ്ട്.

    ReplyDelete