Monday, February 13, 2012

നേഴ്സ് സമരം: ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ് ഭീഷണി


നേഴ്സുമാരുടെ സമരം 15 ദിവസത്തിനകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് തിരിയുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭീഷണി. സംസ്ഥാനവ്യാപകമായി പടരുന്ന സമരം ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുമ്പോഴും സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന നേഴ്സുമാരുടെ സമരം "സര്‍ക്കാര്‍ സ്പോണ്‍സേഡ്" ആണെന്ന് മാനേജുമെന്റുകള്‍ ആരോപിക്കുന്നു. സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ നിരവധിതവണ തൊഴില്‍മന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മിനിമം വേജസ് നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. നേഴ്സുമാര്‍ ശത്രുക്കളല്ല. അവരുടെ അവകാശമായ മിനിമം വേതനം നടപ്പാക്കണം. ബിഎസ്സി നേഴ്സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരുവര്‍ഷം സ്റ്റൈപെന്‍ഡോടുകൂടിയ ഇന്റേണ്‍ഷിപ് സമ്പ്രദായം തിരികെ കൊണ്ടുവരണം. എന്നാല്‍ , ട്രെയ്നികളായി വരുന്നവര്‍ക്ക് സ്ഥിരംജോലിക്കാര്‍ക്കുനല്‍കുന്ന മിനിമം വേതനം നല്‍കാനാകില്ല. സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്ത് സമരത്തിന് പരിഹാരമുണ്ടാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി അബ്ദുള്‍ ബഷീറും ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍കോയ തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച നടത്തിയ ചര്‍ച്ചയും മാനേജ്മെന്റിന്റെ പിടിവാശിയെത്തുടര്‍ന്ന് പരാജയപ്പെട്ടു. ജില്ലാ അഡീഷണല്‍ ലേബര്‍ കമീഷണര്‍ ടോണി വിന്‍സന്റിന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ച അവസാനിക്കുംമുമ്പേ തൊഴില്‍വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നുപറഞ്ഞ് മാനേജ്മെന്റ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. തങ്ങള്‍ക്ക് നഷ്ടമാണെങ്കില്‍ക്കൂടി സമവായത്തിലെത്താന്‍ സര്‍ക്കാര്‍നിര്‍ദേശം അംഗീകരിക്കാന്‍ നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ തയ്യാറായെങ്കിലും ധിക്കാരപരമായ മറുപടിനല്‍കിയാണ് ആശുപത്രി മാനേജ്മെന്റ് ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് അസോസിയേഷന്‍ സെക്രട്ടറി സുധീഷ് രാജന്‍ പറഞ്ഞു. പുതുതായി ജോലിക്കുകയറുന്നവര്‍ക്ക് മിനിമം വേതനം നടപ്പാക്കാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. രണ്ടുവര്‍ഷമെങ്കിലും ജോലിചെയ്ത് സ്ഥിരനിയമനം ലഭിക്കുന്നവര്‍ക്കേ മിനിമം വേതനം നടപ്പാക്കാനാകൂവെന്നും മാനേജ്മെന്റ് ചര്‍ച്ചയില്‍ പറഞ്ഞു. ധിക്കാരപരമായ നിലപാട് സ്വീകരിച്ച മാനേജ്മെന്റിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ, ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ തിങ്കളാഴ്ച സമരക്കാരെ മാനേജുമെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 18ന് എറണാകുളം അമൃത ആശുപത്രിയിലും ചര്‍ച്ചയുണ്ട്. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നേഴ്സ് സംഘടനകളുടെ തീരുമാനം.

deshabhimani 130212

3 comments:

  1. നേഴ്സുമാരുടെ സമരം 15 ദിവസത്തിനകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് തിരിയുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭീഷണി.

    ReplyDelete
  2. എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ 14 ദിവസമായി നേഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ലേബര്‍ കമീഷന്‍ മുന്നോട്ടുവച്ച ഫോര്‍മുല ലേക്ഷോര്‍ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍ന്നത്. നേഴ്സുമാരുടെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാനാണ് ധാരണ. മന്ത്രിയുടെയും ലേബര്‍ കമീഷണറുടെയും സാന്നിധ്യത്തില്‍ ലേക്ഷോര്‍ മാനേജ്മെന്റും നേഴ്സസ് അസോസിയേഷനും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പ്രൊബേഷന്‍ പിരീഡില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം (8313 രൂപ) നേഴ്സുമാര്‍ക്കു ലഭിക്കും. രണ്ടുവര്‍ഷംവരെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 11,750 രൂപ, രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ 12,750 രൂപ, മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ 13,750 രൂപ, അഞ്ചുവര്‍ഷത്തിനുമേല്‍ 14,750 രൂപ എന്നിങ്ങനെ വേതനം ലഭിക്കും. ബിഎസ്സി നേഴ്സിന്റെ വേതന വ്യവസ്ഥയാണിത്. ഇതില്‍നിന്ന് 250 രൂപവീതം കുറവായിരിക്കും ജനറല്‍ നേഴ്സിനു ലഭിക്കുക. 2012 ജനുവരി ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ ഈ ശമ്പളം ലഭിക്കും.

    ReplyDelete
  3. നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാത്ത ആശുപത്രി മാനേജ്മെന്റുകളുമായി തൊഴില്‍പ്രശ്നം സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ . ലേക്ഷോര്‍ ആശുപത്രിയിലെ സമരം പരിഹരിക്കാന്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോലഞ്ചേരി മാനേജ്മെന്റിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോലഞ്ചേരി മാനേജ്മെന്റുമായി ഇനി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല. തുടര്‍നടപടികള്‍ക്ക് നിയമപരമായ മാര്‍ഗം തേടും.

    ReplyDelete