Wednesday, March 19, 2014

ഓഹരിവിപണിയില്‍ 43 ലക്ഷം ജോസ് കെ മാണിക്കും ഭാര്യക്കും 11.96 ലക്ഷം ബാങ്ക് നിക്ഷേപം

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്കും ഭാര്യക്കും ബാങ്ക് നിക്ഷേപമായുള്ളത് 11,96,526.79 രൂപ. സ്ഥാനാര്‍ഥിയുടെ സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ജോസ് കെ മാണിക്ക് ആറ് ബാങ്ക് അക്കൗണ്ടുകളിലായി 6,54,613.71 രൂപയുള്ളപ്പോള്‍ ഭാര്യ നിഷാ ജോണിന് നാല് അക്കൗണ്ടുകളിലായി 5,41,913 രൂപയാണ് നിക്ഷേപം. ഇതിനുപുറമെ ജോസിന്റെ കൈവശം 30,000 രൂപയും ഭാര്യയുടെ കൈയില്‍ 15,000 രൂപയുമുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്ത് പലയിടത്തായി ജോസ് കെ മാണിക്കും ഭാര്യക്കും ഭൂസ്വത്തുണ്ട്. സ്വര്‍ണം, വാഹനം, കെട്ടിടം, ഷെയര്‍ എന്നിവയെല്ലാമായി നിക്ഷേപമുണ്ട്. ജോസ് കെ മാണിക്ക് നാല് കമ്പനികളിലായി 1,57,710 രൂപയുടെ ഓഹരിയുണ്ട്. ഭാര്യ നിഷാ ജോണിന് 34 കമ്പനികളിലായി 41,61,525.10 രൂപയുടെ ഓഹരിയും. കൊച്ചിയിലെ റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷനില്‍ നിഷയ്ക്ക് മൂലധനവും മറ്റുമായി 37,47,293.20 രൂപയുടെ ആസ്തിയുമുണ്ട്. 10,05,642.51 രൂപയാണ് പോസ്റ്റല്‍ സേവിങ്സ്, ഇന്‍ഷുറന്‍സ് എന്നീ ഇനത്തില്‍ ജോസിനും കുടുംബാംഗങ്ങള്‍ക്കുമായുള്ളത്. അച്ഛന്‍ കെ എം മാണിയുടെയും അമ്മ കുട്ടിയമ്മയുടെയും സ്വത്തുവിവരം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജോസിന് കോട്ടുളി, കുമാരനല്ലൂര്‍, പൊന്‍കുന്നം എന്നിവിടങ്ങളില്‍ സ്ഥലമുണ്ട്. കോട്ടുളിയില്‍ 4.25 സെന്റും കുമാരനല്ലൂരില്‍ 2.81 ഏക്കറും പൊന്‍കുന്നത്ത് 2.08 സെന്റ് സ്ഥലവും വീതമാണ്. മതിപ്പുവിലയായി കാണിച്ചിരിക്കുന്നത് 83,40,000 രൂപയാണ്. കൂടാതെ കോട്ടുളിയില്‍ 33,31,000 രൂപ വിലമതിക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടവുമുണ്ട്. നിഷയ്ക്ക് ചേവായൂര്‍ വില്ലേജില്‍ 14,42,500 രൂപ വിലമതിക്കുന്ന 28.85 സെന്റ് ഭൂമിയുമുണ്ട്. കൂടാതെ ജോസിന്റെ പേരില്‍ 1.25 ലക്ഷത്തിന്റെ ഹൂണ്ടായി ആക്സന്റ് കാറും കുടുംബാംഗങ്ങളുടെ പേരില്‍ 18,41,400 രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉണ്ട്.

കെ വി തോമസിന്റെ നിക്ഷേപവും സമ്പാദ്യവും വര്‍ധിച്ചെന്ന് കണക്ക്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. കെ വി തോമസിന്റെയും ഭാര്യ ഷെര്‍ളിയുടെയും പേരിലുള്ള നിക്ഷേപത്തില്‍ വര്‍ധന. 2009ല്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ കണക്കുപ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കെ വി തോമസിന് 11,34,829.45 രൂപയും ഭാര്യക്ക് 15,90,720.30 രൂപയുമായിരുന്നു നിക്ഷേപം. ഇത്തവണ കെ വി തോമസിന്റെ പേരില്‍ ബാങ്ക്നിക്ഷേപമായി 24.76 ലക്ഷം രൂപയും ഭാര്യക്ക് 18.40 ലക്ഷം രൂപയുമുണ്ടെന്ന് തിങ്കളാഴ്ച നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ പറയുന്നു. 2009ല്‍ 2.90 ലക്ഷത്തിന്റെ മാരുതി ആള്‍ട്ടോ കാറായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 9.13 ലക്ഷം രൂപയുടെ ഹോണ്ട സിറ്റി കാറുണ്ട്. 2009ല്‍ സ്വന്തമായി വാഹനമില്ലാതിരുന്ന ഭാര്യ ഷെര്‍ളിക്ക് ഇപ്പോള്‍ മഹീന്ദ്രയുടെ 7.27 ലക്ഷം രൂപ വിലമതിക്കുന്ന വാഹനമുണ്ട്. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച കണക്കില്‍ ഇരുവര്‍ക്കും പലിശവരുമാനം ഉണ്ടായിരുന്നില്ല. ഇത്തവണ ഇരുവര്‍ക്കും നിക്ഷേപത്തില്‍നിന്ന് 50,000 രൂപ വീതം പലിശയായി ലഭിച്ചു.

കെ വി തോമസിന്റെയും ഭാര്യയുടെയും പക്കല്‍ 25,000 രൂപ പണമായുണ്ട്. കടബാധ്യതകള്‍ കഴിഞ്ഞ് രണ്ടുപേര്‍ക്കുമായുള്ളത് 1.18 കോടി രൂപയുടെ ആസ്തി. ഇതില്‍ 34.69 ലക്ഷം രൂപയുടെ ആസ്തി കെ വി തോമസിന്റെ പേരിലും 83.83 ലക്ഷം രൂപയുടേത് ഭാര്യയുടെ പേരിലുമാണ്. ഇതില്‍ ബാധ്യത ഒഴിവാക്കിയാല്‍ ആകെ ആസ്തി 1.13 കോടി രൂപയാണ്. സ്ഥാനാര്‍ഥിയുടെ ആസ്തി 32.69 ലക്ഷത്തിന്റെയും ഭാര്യയുടെ ആസ്തി 80.56 ലക്ഷത്തിന്റെയുമാണ്. സ്ഥാനാര്‍ഥിയുടെ കൈവശം സ്വര്‍ണമൊന്നുമില്ല. ഭാര്യയുടെ പേരില്‍ 2.84 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണാഭരണങ്ങളുണ്ട്. ഭാര്യയുടെ പേരില്‍ കണയന്നൂര്‍ താലൂക്കിലെ വെണ്ണലയില്‍ 51.30 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു സ്ഥലമുണ്ട്. ആദ്യ പ്ലോട്ടിന് 18.30 ലക്ഷംരൂപയും രണ്ടാമത്തെ പ്ലോട്ടിന് 33 ലക്ഷം രൂപയുമാണ് മതിപ്പുവില. കാര്‍ വായ്പയിനത്തില്‍ സ്ഥാനാര്‍ഥിക്ക് 1.95 ലക്ഷം രൂപയുടെയും ഭാര്യക്ക് 2.82 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്. 2009ലെ കണക്കുപ്രകാരം കെ വി തോമസിന് 1.92 കോടിയുടെ സ്വത്താണ് ഉണ്ടായിരുന്നത്. കൈവശമുണ്ടായിരുന്നത് 10,000 രൂപയും. ഭാര്യ ഷെര്‍ളിയുടെ കൈയിലുണ്ടായിരുന്നത് 1,56,956.51 രൂപ. തോമസിന്റെ പേരില്‍ മരട്, തോപ്പുംപടി, വെണ്ണല എന്നിവിടങ്ങളിലും ഭാര്യക്ക് തോപ്പുംപടിയിലും സ്ഥലവും ആകെ ആറായിരത്തോളം ചതുരശ്ര അടിയില്‍ മൂന്നു വീടുകളുമുണ്ടെന്ന് 2009ല്‍ സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ വ്യക്തമാക്കിയിരുന്നു.

deshabhimani

No comments:

Post a Comment