Wednesday, March 19, 2014

ഗ്രൂപ്പ് രക്തസാക്ഷികളുടെ വീട്ടില്‍നിന്ന് യുഡിഎഫ് പ്രചാരണം തുടങ്ങണം: ബേബിജോണ്‍

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി കെ പി ധനപാലന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത് ഗ്രൂപ്പിന്റെ പേരില്‍ കൊന്നൊടുക്കിയ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ കുടുംബങ്ങളില്‍ നിന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍പറഞ്ഞു. എല്‍ഡിഎഫ് ഒല്ലൂര്‍ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് വെട്ടേറ്റ് മരിച്ച അയ്യന്തോളില്‍നിന്ന് ധനപാലന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമായിരുന്നു. യൂത്ത്കോണ്‍ഗ്രസ് നേതാവായിരുന്ന ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റുമരിച്ച സ്ഥലത്ത് പുഷ്പചക്രം വയ്ക്കാനും പോകാമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിസ്ഥാനത്തേക്ക് മത്സരിച്ചതിന്റെ പേരില്‍ വീടിനകത്തിട്ട് വെട്ടിനുറുക്കിയ ലാല്‍ജിയുടെ സഹോദരന്‍ പ്രേംജി കൊള്ളന്നൂരിനെയും ധനപാലന് കാണാമായിരുന്നു. ചേരിപ്പോരിന്റെ പേരില്‍ ജീവിക്കുന്ന രക്തസാക്ഷിയായി ചേര്‍പ്പിലെ വീട്ടില്‍ വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ജോര്‍ജിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ധനപാലനോട് പറയണം. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള യമുന ടൂറിസ്റ്റ് ഹോമിലിട്ട് തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ക്വട്ടേഷന്‍ കൊടുത്ത് ഷിബുവിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു. ആഴ്ചകള്‍ കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് സംഭവത്തെക്കുറിച്ച് ഷിബു വെളിപ്പെടുത്തിയത്.

ബൈക്കപകടത്തില്‍ മരിച്ച ഡിസിസി ഭാരവാഹി സെബാസ്റ്റ്യന്റെ കയ്പ്പമംഗലത്തെ വീട്ടില്‍ പോകാന്‍ ധനപാലനോ ചാക്കോയ്ക്കോ കഴിയുമായിരുന്നില്ലേ. സെബാസ്റ്റ്യനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞത് എല്‍ഡിഎഫുകാരല്ല, അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളുമാണ്. ആ നേതാവിന്റെ മൃതദേഹം ഡിസിസിയില്‍ കയറ്റേണ്ടെന്ന് പറഞ്ഞ്് അവഹേളിച്ചത് മന്ത്രി സി എന്‍ ബാലകൃഷ്ണനാണ്. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ സെബാസ്റ്റ്യന്റെ കുടുംബം പടിക്കുപുറത്തുനിര്‍ത്തിയ സംഭവവും ആരും മറക്കില്ല. പെരിഞ്ഞനത്ത് ദുരൂഹസാഹചര്യത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം ആര്‍എസ്എസ് തന്ത്രമാണ്. കൊലക്കുറ്റം സിപിഐ എമ്മിന്റെ തലയില്‍കെട്ടിവച്ചുള്ള തിരക്കഥയെഴുതി ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസിന് വഴിയൊരുക്കുക്കുകയാണ്. കോണ്‍ഗ്രസിനുവേണ്ടി മനോരമ സപ്ലിമെന്റിറക്കിയാലും അവര്‍ ഈ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ലെന്നും ബേബിജോണ്‍ പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ജോണ്‍സണ്‍ ടി തോമസ് അധ്യക്ഷനായി.

നവാസ് വധത്തില്‍ സിപിഐ എമ്മിന് പങ്കില്ല: എ സി മൊയ്തീന്‍

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്തെ നവാസ് വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്നും നവാസിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. കയ്പമംഗലം മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈകേസില്‍ സിപിഐ എം പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറി എന്‍ കെ രാമദാസിനെ പ്രതിയാക്കിയത്. ബിജെപി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ ഉപയോഗപ്പെടുത്തി ലോക്കല്‍ സെക്രട്ടറിയെ പ്രതിയാക്കിയത്. ഈകേസില്‍ ഏത് അന്വേഷണവും സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവാസിന്റെ കൊലപാതകം നടന്ന് നാളുകള്‍ക്ക് ശേഷം സിപിഐ എം ലോക്കല്‍ സെക്രട്ടറി എന്‍ കെ രാമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോണ്‍ഗ്രസുകാര്‍ കള്ളക്കണ്ണീരുമായി എത്തുന്നത്. പി സി ചാക്കോയെ വിജയിപ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസ് അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണം. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള പദ്ധതിയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഉള്ളതെങ്കില്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment