Thursday, March 20, 2014

അദ്വാനിയെ ഒതുക്കി

മധ്യപ്രദേശിലെ ഭോപാലില്‍ മത്സരിക്കണമെന്ന എല്‍ കെ അദ്വാനിയുടെ ആവശ്യം ബിജെപി തള്ളി. നരേന്ദ്രമോഡിയുമായി തുറന്ന യുദ്ധത്തിലേര്‍പ്പെട്ട അദ്വാനിയോട് സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ തന്നെ മത്സരിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം നിര്‍ദേശിച്ചു. എന്നാല്‍, പാര്‍ടി തീരുമാനം അദ്വാനി അംഗീകരിച്ചോ എന്ന് വ്യക്തമല്ല. രാത്രി മുതിര്‍ന്നനേതാവ് സുഷ്മ സ്വരാജും മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും അദ്വാനിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

മോഡിക്ക് വന്‍സ്വാധീനമുള്ള ഗാന്ധിനഗറില്‍ മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്ന് കരുതിയാണ് ഭോപാല്‍ മണ്ഡലം അദ്വാനി ആവശ്യപ്പെട്ടത്. അഞ്ചുതവണയായി താന്‍ പ്രതിനിധാനംചെയ്യുന്ന ഗാന്ധിനഗറില്‍ മത്സരിച്ചാല്‍ മോഡിയും സംഘവും കാലുവാരുമെന്ന ഭയത്തിലാണ് അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിനോടു തന്നെ അദ്വാനി ഭോപാല്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം എല്‍ കെ അദ്വാനി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനുമായും ഫോണില്‍ ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് ഭോപാലില്‍ സീറ്റ് നല്‍കുമെന്ന് ചൗഹാന്‍ പ്രഖ്യാപിച്ചു. മുതിര്‍ന്നനേതാക്കള്‍ സീറ്റുകള്‍ സ്വയം തെരഞ്ഞെടുക്കുകയാണെന്നും തനിക്കും ആ അവകാശം ഉറപ്പുവരുത്തണമെന്നും അദ്വാനി യോഗത്തില്‍ തുറന്നടിച്ചതായി അറിയുന്നു.

എന്നാല്‍, ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട യോഗമാണ് അദ്വാനിയുടെ ആവശ്യം തള്ളി ഗാന്ധിനഗറിലേക്കു തന്നെ തള്ളിവിട്ടത്. അതേസമയം, ഉത്തര്‍പ്രദേശിലെ വാരാണസിക്കു പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിക്കാന്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി തീരുമാനിച്ചു. 67 അംഗ സ്ഥാനാര്‍ഥി പട്ടിക ബിജെപി ചൊവ്വാഴ്ച പുറത്തിറക്കി. അദ്വാനി തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കണമെന്നും ഗാന്ധിനഗര്‍ മോഡിക്കായി വിട്ടുകൊടുക്കണമെന്നുമായിരുന്നു ബിജെപി ഗുജറാത്ത് ഘടകം ആദ്യം നിലപാടു സ്വീകരിച്ചത്. ഇത് അദ്വാനി തള്ളിയിരുന്നു. ഇതോടെ പാര്‍ടിക്കുള്ളിലെ ആഭ്യന്തരകലഹം പുറത്തറിയുമെന്ന് ഭയന്നാണ് അദ്വാനിയെ ഗാന്ധിനഗറില്‍ പരിഗണിക്കാന്‍ പാര്‍ടി നേതൃത്വം തയ്യാറായത്. ഭോപാലില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. ബോളിവുഡ് നടി ഹേമമാലിനി യുപിയിലെ മഥുരയിലും ഒളിംപിക്സ് മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍സിങ് റാത്തോഡ് ജയ്പുര്‍ റൂറലിലും മത്സരിക്കും.

തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും വിട്ടുനിന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മല്‍സരിയ്ക്കാന്‍ അദ്വാനി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്വാനി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടക്കത്തില്‍ കേന്ദ്രനേതൃത്വം അദ്വാനിയുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിലും പിന്നീട് നിലപാടില്‍ അയവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

16 വര്‍ഷമായി ഗാന്ധിനഗറിലെ സിറ്റിങ് എംപിയാണ് അദ്വാനി. അദ്ദേഹം ഇത്തവണയും ഗാന്ധിനഗറില്‍ത്തന്നെ മത്സരിക്കണമെന്ന് ഗുജറാത്തിലെ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശങ്ങളും നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് അദ്ദേഹം ഭോപ്പാലിലേക്ക് മാറുന്നതെന്നാണ് അഭ്യൂഹം.

അദ്വാനിയുടെ വിശ്വസ്തനായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയപ്പെടുന്നത്. അദ്വാനി ഭോപ്പാലില്‍ മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലില്‍ വ്യാപകമായി പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്.

കിരണ്‍ഖേറിനും അനുപംഖേറിനും ബിജെപിക്കാരുടെ ചീമുട്ടയേറ്

ചണ്ഡീഗഢ്: ബിജെപി സ്ഥാനാര്‍ഥിയും ചലച്ചിത്രനടിയുമായ കിരണ്‍ഖേറിനെ പാര്‍ടിക്കാര്‍ വിമാനത്താവളത്തില്‍ എതിരേറ്റത് ചീമുട്ടയെറിഞ്ഞും കരിങ്കൊടി വീശിയും. ചണ്ഡീഗഢില്‍ ബിജെപി സ്ഥാനാര്‍ഥിയായി കിരണ്‍ഖേറിനെ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രവാക്യം മുഴക്കി. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഭര്‍ത്താവും നടനുമായ അനുപംഖേറിനൊപ്പം ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കിരണ്‍ഖേറിന് സ്വന്തം പാര്‍ടിക്കാരുടെ പ്രതിഷേധം നേരിടേണ്ടി വന്നത്. "കിരണ്‍ ഖേര്‍ ഗോ ബാക്ക്" എന്ന മുദ്രാവാക്യമാണ് വിമാനത്താവളത്തില്‍ എത്തിയ അവരെ സ്വീകരിച്ചത്. ചീമുട്ടയേറില്‍നിന്ന് രക്ഷപ്പെടാന്‍ അനുപംഖേറും ഭാര്യയും ഏറെ ബുദ്ധിമുട്ടി. നടി ഗുല്‍ പനാഗാണ് ചണ്ഡീഗഢിലെ ആം ആദ്മി സ്ഥാനാര്‍ഥി. സിറ്റിങ് എംപി പവന്‍കുമാര്‍ ബന്‍സലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആം ആദ്മി സ്ഥാനാര്‍ഥിയായി ഗുല്‍ പനാഗിനെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബിജെപി കിരണ്‍ഖേറിനെ രംഗത്തിറക്കുന്നത്. സീറ്റ് പ്രതീക്ഷിച്ച പ്രാദേശിക നേതാക്കളാണ് കിരണ്‍ഖേറിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത

deshabhimani

No comments:

Post a Comment