Thursday, March 20, 2014

പ്രവേശനം പഴയതുപോലെ: തീരുമാനം സര്‍ക്കാര്‍ തലത്തില്‍

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ പ്രവേശനം കഴിഞ്ഞ തവണത്തേതുപോലെ നടത്താനുള്ള തീരുമാനം ഉന്നതതല കൂടിയാലോചനയെ തുടര്‍ന്ന്. ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും എംഡിയും പങ്കെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് മാര്‍ച്ച് പത്തിനാണ് കോളേജിന് ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. അതിനാല്‍ പ്രവേശനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേതുപോലെയാകും. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനം പുകമറയാണെന്ന് വ്യക്തമായി. പ്രവേശനം പഴയതുപോലെ തുടരണമെന്നതിനര്‍ഥം സഹകരണ മേഖലയില്‍ കോളേജിനെ നിലനിര്‍ത്തണമെന്നാണ്. എംഡിയുടെ ഡപ്യൂട്ടേഷന്‍ കാലാവധി നീട്ടിയതും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നതിന്റെ സൂചനയാണ്.

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഫലമായി ജീവനക്കാര്‍ക്ക് ഒരു മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല. ആശുപത്രിയുടെ പ്രവര്‍ത്തനവും താറുമാറായി. കലക്ടറുടെ ശുപാര്‍ശ പ്രകാരമാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഇപ്പോഴത്തെ ഭരണസമിതിയെ പിരിച്ചുവിടാന്‍ ആവശ്യമായ ഒരു കാരണവും നിരത്തിയിട്ടില്ല. റിപ്പോര്‍ട്ടിലുടനീളം കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസ് ലിമിറ്റഡി (കെസിഎച്ച്സി)ന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരുന്നുവെന്നാണ് പറയുന്നത്. പരിയാരത്ത് എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നശേഷം വിദ്യാര്‍ഥി പ്രവേശനത്തില്‍ സാമൂഹ്യനീതിയും മെറിറ്റും നടപ്പാക്കി. സര്‍ക്കാര്‍ മെറിറ്റ് സീറ്റും മാനേജ്മെന്റ് ക്വാട്ടയും 50 ശതമാനം വീതമാണ്. ഇതില്‍ മാനേജ്മെന്റ് സീറ്റില്‍ 15 ശതമാനം എന്‍ആര്‍ഐ ക്വാട്ടയാണ്. അവശേഷിക്കുന്ന 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം സര്‍ക്കാര്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നത്. എന്‍ആര്‍ഐ സീറ്റില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത് പരിയാരത്തെയാണ്. അക്കാദമിക് നിലവാരവും പ്രവേശനത്തിലെ സുതാര്യതയുമാണ് ഇതിനുകാരണം.

deshabhimani

No comments:

Post a Comment