Thursday, March 20, 2014

കോണ്‍ഗ്രസ്-ബിജെപി ഭായ് ഭായ്

ഒരേ നാണയത്തിന്റെ രണ്ടു വശമാണ് കോണ്‍ഗ്രസും ബിജെപിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ദുരന്തവും ഇതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു ധ്രുവത്തില്‍ നില്‍ക്കുമെങ്കിലും നയപരമായ കാര്യങ്ങളില്‍ ഇരുപാര്‍ടികളും സഞ്ചരിക്കുന്നത് ഒരേ പാതയില്‍. നവഉദാരവല്‍ക്കരണനയങ്ങളെ ഇവര്‍ ഒരുപോലെ പിന്തുണയ്ക്കുന്നതാണ് രണ്ടു ദശാബ്ദമായി രാജ്യം കണ്ടത്. ധനവാന്‍ കൂടുതല്‍ അതിധനവാനും ദരിദ്രന്‍ അതിദരിദ്രനും ആകാന്‍ ഉതകുന്ന നയമാണ് ഇരുപാര്‍ടിക്കും. ഒപ്പം കോര്‍പറേറ്റ് പ്രീണനവും ഇവരുടെ മുഖമുദ്ര. വര്‍ഗീയതയുടെ കാര്യത്തില്‍മാത്രമാണ് ഇരുവരും തമ്മില്‍ അല്‍പ്പം വ്യത്യാസമുള്ളത്.

പാര്‍ലമെന്റില്‍ ഇരുപാര്‍ടിയും കൈകോര്‍ത്ത സംഭവങ്ങള്‍ നിരവധി. തെലങ്കാന രൂപീകരണ ബില്‍ പാസാക്കിയത് ഒടുവിലത്തെ സംഭവം. 2010ലെ ബജറ്റില്‍ പെട്രോളിയം വില കൂട്ടിയപ്പോള്‍ അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം അവതരിപ്പിച്ചു. അതിനെ പരാജയപ്പെടുത്താന്‍ യുപിഎക്കൊപ്പം ബിജെപിയും വോട്ട് ചെയ്തു. അന്നത് പാസായിരുന്നെങ്കില്‍ പെട്രോളിയം വില പിന്‍വലിച്ചേനെ. സര്‍ക്കാര്‍ രാജിവക്കേണ്ടിയും വരുമായിരുന്നു. എന്നാല്‍, ബിജെപി അന്ന് കോണ്‍ഗ്രസിനെ രക്ഷിച്ചു. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ അതിനെതിരെ ബിജെപി ശബ്ദിച്ചില്ല.

2008ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് ആ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ രക്ഷിച്ചത്. മുന്‍ എസ്പി നേതാവ് അമര്‍സിങ്ങ് അതിന് ഇടനിലക്കാരനായി. ഡല്‍ഹി വിമാനത്താവള നിര്‍മാണ അഴിമതിക്കെതിരെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അതിനെതിരെയും ബിജെപി മിണ്ടിയില്ല. ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഇരു കക്ഷികളുടെയും ബന്ധമാണ് ഈ നിശബ്ദതയ്ക്കു കാരണം. ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 40 ശതമാനമായി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നവഉദാരവല്‍ക്കരണ ബില്ലുകള്‍ മുഴുവന്‍ പാര്‍ലമെന്റ് പാസാക്കിയത് കോണ്‍ഗ്രസ്- ബിജെപി സഹകരണത്തിലൂടെ. ഇടതുപക്ഷം ഭേദഗതികള്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിനെ വോട്ട് ചെയ്ത് രക്ഷിച്ച് ബിജെപി "മഹാമനസ്കത" കാട്ടി.

കൃഷ്ണ- ഗോദാവരി തടത്തിലെ ഡി-6 ബ്ലോക്കില്‍നിന്ന് റിലയന്‍സ് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഏപ്രില്‍ ഒന്നുമുതല്‍ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കാന്‍ മുഖ്യപ്രതിപക്ഷമായ ബിജെപി തയ്യാറായിട്ടില്ല. അരവിന്ദ് കെജ്രിവാളിന്റെ സമ്മര്‍ദശേഷവും റിലയന്‍സിന് പ്രകൃതിവാതകം ഖനംചെയ്യാന്‍ കഴിഞ്ഞതുതന്നെ 1999ല്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നയപ്രകാരം. വാതക വില സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരം. ഇരുപാര്‍ടിയും സര്‍ക്കാരിനെ വിമര്‍ശിച്ചു. വൊഡഫോണ്‍ കമ്പനി 11,200 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയപ്പോള്‍ അത് പിരിച്ചടുക്കാന്‍ സുപ്രീംകോടതി നടത്തിയ നീക്കത്തെ തടയാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൈകോര്‍ത്തു. സഹാറ കമ്പനി ആയിരക്കണക്കിനു നിക്ഷേപകരുടെ 20,000 കോടി മുക്കിയപ്പോഴും മൗനം പാലിച്ചു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച പൊതുമേഖലാ ഓഹരിവില്‍പ്പന പ്രത്യേക മന്ത്രാലയമുണ്ടാക്കി തീവ്രമാക്കിയത് എന്‍ഡിഎ ഭരണത്തില്‍. അരുണ്‍ഷൂരിയായിരുന്നു രാജ്യത്തെ ആദ്യത്തെ ഓഹരിവില്‍പ്പനമന്ത്രി. ബാല്‍കോ വിറ്റപ്പോള്‍ കോണ്‍ഗ്രസ് അതിനെ പിന്തുണച്ചു. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ഇലക്ട്രിസിറ്റി ആക്ടിനെ ഇരുപാര്‍ടിയും പിന്തുണച്ചു. അമേരിക്കന്‍ വിധേയത്വത്തിലും ഇരുപാര്‍ടികളും ഒരേ തട്ടില്‍. അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തെ വിമര്‍ശിക്കാതിരിക്കാന്‍ ഇരു പാര്‍ടികളും പ്രത്യേകം ശ്രദ്ധിച്ചു.

കോണ്‍ഗ്രസ് വര്‍ഗീയകക്ഷിയല്ലെങ്കിലും ഭൂരിപക്ഷവര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ പലപ്പോഴും മടികാണിക്കുന്നു. വര്‍ഗീയതയ്ക്ക് വളമേകാനും ഉത്സുകരാണ് കോണ്‍ഗ്രസ് നേതൃത്വം. അയോധ്യയില്‍ സമാധാനം സ്ഥാപിക്കുമെന്ന് പറഞ്ഞ യുപിയിലെ ബിജെപി മുഖ്യമന്ത്രി കല്യാണ്‍സിങ്ങിനെ നരസിംഹറാവു സര്‍ക്കാര്‍ കണ്ണടച്ച് വിശ്വാസിച്ചതു കൊണ്ടായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മഹാരാഷ്ട്രയിലും മറ്റുമുണ്ടായ ഭീകരവാദാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് മേധാവിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന കാര്യം അസീമാനന്ദ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.

എന്‍ഐഎക്ക് വിടരുതെന്ന ബിജെപിയുടെ വാദം കോണ്‍ഗ്രസും അംഗീകരിച്ചു. ബിജെപി സമ്മര്‍ദത്തിനു വഴങ്ങി ഹിന്ദുഭീകരവാദമെന്ന പദപ്രയോഗംപോലും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പിന്‍വലിച്ചു. ഒരു യുവതിയെ നരേന്ദ്രമോഡി നിരീക്ഷിച്ചപ്പോള്‍ അതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ജഡ്ജിയെ നിയമിച്ചിട്ടില്ല.

വി ബി പരമേശ്വരന്‍ deshabhimani

1 comment:

  1. ഒരേ നാണയത്തിന്റെ രണ്ടു വശം കോണ്‍ഗ്രസ്സും , ബി ജെ പി യും ആണോ. ശരിക്കും ചിന്തിച്ചാൽ ഇടതു പക്ഷവും , വലതു പക്ഷവും ഒറ്റ നാണയം തന്നെ യല്ലേ. കേന്ദ്രത്തിൽ കൊണ്ഗ്രെസിന്റെ കൂടെ നില്കുകയും , ഇനിയും കൊണ്ഗ്രെസ്സിനെ തങ്ങി നിറുത്തുവാൻ ശ്രമിക്കുന്ന ഇടതു പക്ഷം അല്ലെ കപട ശരിക്കും കപട നാണയം. സ്വയം തിരിച്ചറിയു .

    ReplyDelete