Wednesday, March 19, 2014

ആറ്റിങ്ങലിന്റെ "സമ്പത്ത് " ലോക്സഭയുടെയും

വര്‍ഷങ്ങള്‍ക്കുമുമ്പ്, ജയിലില്‍ കിടന്ന അച്ഛന്‍ കെ അനിരുദ്ധനുവേണ്ടി വോട്ടുചോദിച്ചെത്തി ജനങ്ങളുടെ വാത്സല്യപാത്രമായ മൂന്നു വയസ്സുകാരന്‍ ഇന്ന് ആറ്റിങ്ങലിന്റെ പ്രിയ സമ്പത്ത്. പാര്‍ലമെന്റില്‍ എങ്ങനെ ഇടപെടണമെന്ന് തെളിയിച്ച്, എ സമ്പത്ത് വീണ്ടും ആറ്റിങ്ങലിന്റെ സമ്മതി തേടുമ്പോള്‍ ഫലമെന്താകുമെന്ന സംശയമില്ല- നിറഞ്ഞ പുഞ്ചിരിയോടെ മണ്ഡലത്തില്‍ എങ്ങും ഓടിയെത്തുന്ന ഈ ജനപ്രതിനിധിക്കൊപ്പംതന്നെ നാടിന്റെ വാത്സല്യവും സ്നേഹവും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സമ്പത്ത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെയാകെ സമ്പത്തായി മാറിയത് വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെയാണ്.

ജനകീയപ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഓടിയെത്തുകയും ആശ്വസിപ്പിക്കുകയും മാത്രമല്ല, അവ പരിഹരിക്കുന്നതിന് ലോക്സഭയെ പോരാട്ടവേദിയാക്കുകകൂടി ചെയ്തതാണ് സമ്പത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ സവിശേഷത. സ്ഥാനാര്‍ഥിയായല്ല, തങ്ങളുടെ വരുംകാലത്തേക്കുള്ള പ്രതിനിധിയായിത്തന്നെ മണ്ഡലത്തിലെ ജനത സമ്പത്തിനെ നിശ്ചയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ സമ്പത്തിന്റെ ഭൂരിപക്ഷം എത്രയാകുമെന്ന തര്‍ക്കമേയുള്ളൂ. മഹിളാ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി എസ് ഗിരിജാകുമാരിയും രംഗത്തുണ്ട്. മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാണ് സമ്പത്തിന്. കൊച്ചുകുട്ടികള്‍ക്കുപോലും പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ രാജ്യത്തുതന്നെ മുന്നില്‍. പ്രതിപക്ഷ എംപി എന്ന പരിമിതിയെയും തടസ്സങ്ങളെയും അതിജീവിച്ച് 20.50 കോടി രൂപയുടെ വികസനപ്രവര്‍ത്തനം. കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ഇവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും വന്‍കുതിപ്പ് നല്‍കിയ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചത് സമ്പത്താണ്. സമ്പത്തിന്റെ ലോക്സഭയിലെ പ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രശംസകിട്ടി. സഹകരണമേഖലയെ തകര്‍ക്കുന്ന സഹകരണ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സമ്പത്ത് സര്‍ക്കാരിനെ വെട്ടിലാക്കി. ഒടുവില്‍ സര്‍ക്കാരിന് ഔദ്യോഗിക ഭേദഗതി വോട്ടിനിട്ട് തള്ളേണ്ടിവന്നു. ഈ വിഷയത്തില്‍ സ്പീക്കറുടെ താക്കീതും സര്‍ക്കാരിന് കിട്ടി. ഭക്ഷ്യസുരക്ഷാ ബില്ലിനെതിരെ 47 ഭേദഗതി അവതരിപ്പിച്ചു. തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 280 രൂപയാക്കണമെന്നും പിഎഫ്, ഇഎസ്ഐ, പെന്‍ഷന്‍, പ്രസവാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ലോക്സഭയില്‍ നിരന്തരം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. സ്കൂളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കണമെന്ന സമ്പത്തിന്റെ ആവശ്യം സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്തു. ആറ്റിങ്ങല്‍ കലാപവും മാറുമറയ്ക്കല്‍ സമരവും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതും സമ്പത്തിന്റെ ഇടപെടലിലാണ്.

സുശീല ഗോപാലന്റെ പിന്‍ഗാമിയായി 1996ലെ തെരഞ്ഞെടുപ്പിലാണ് സമ്പത്ത് ലോക്സഭയിലേക്ക് ആദ്യ ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട ബിന്ദുകൃഷ്ണയെ ആറ്റിങ്ങലില്‍ അടിച്ചേല്‍പ്പിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദും കഴിഞ്ഞതവണ തോറ്റ ബാലചന്ദ്രനുമടക്കം അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ ആറ്റിങ്ങല്‍ സീറ്റിനായി ചരടുവലിക്കുന്നതിനിടയിലാണ് ബിന്ദു കൃഷ്ണയുടെ പ്രവേശം. ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് ബിന്ദു നടത്തിയ സ്ത്രീമുന്നേറ്റയാത്ര വിവാദമായിരുന്നു. യാത്രയ്ക്കിടെ മാനന്തവാടിയില്‍ കോടതിവിധി നടപ്പാക്കാനെത്തിയ എസ്ഐയെ അവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് എസ്ഐയെ സ്ഥലംമാറ്റി പ്രതികാരവും ചെയ്തു. ഇത് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ദേശീയരാഷ്ട്രീയത്തിന്റെ അലകുംപിടിയും മാറ്റി ഇടത്-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം യാഥാര്‍ഥ്യമാക്കാന്‍ സമ്പത്തിന്റെ വിജയം സുനിശ്ചിതമാക്കും എന്ന പ്രതിജ്ഞയിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment