Wednesday, March 19, 2014

ജനസമ്മതിയുടെ കരുത്തില്‍ ശ്രീമതി

കണ്ണൂര്‍: ഏവരും സ്നേഹപൂര്‍വം ടീച്ചര്‍ എന്നേ വിളിക്കാറുള്ളൂ. എവിടെ ചെന്നാലും പരിചിത മുഖങ്ങള്‍, കുശലാന്വേഷണം-പി കെ ശ്രീമതി കണ്ണൂരിന് വെറുമൊരു സ്ഥാനാര്‍ഥിയല്ല; ജനഹൃദയങ്ങളില്‍ ഇടംനേടിയ ജനകീയ നേതാവാണ്. ജനപ്രതിനിധിയായും ഭരണാധികാരിയായും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെയും മഹിളാ അസോസിയേഷന്റെയും നേതാവായും പല തലങ്ങളില്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും ശ്രീമതിയെ തങ്ങളിലൊരാളായേ കണ്ണൂരിലെ സാധാരണ ജനങ്ങള്‍ കണ്ടിട്ടുള്ളൂ. ആ ബന്ധത്തില്‍ ഒന്നും തടസ്സമല്ല. ആര്‍ക്കും സമീപിക്കാം. ഏതു പരാതിയും സങ്കടവും സന്തോഷവും പറയാം. ഒരമ്മയെപ്പോലെ; സഹോദരിയെപ്പോലെ കേള്‍ക്കാനും ഇടപെടാനും ടീച്ചറുണ്ടാകും.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടീച്ചര്‍ വന്നപ്പോള്‍ അവരുടെ തിളങ്ങുന്ന വിജയം ഒരു ജനതയുടെയാകെ ആവശ്യമായി മാറി. വീട്ടിലെപ്പോലെ സ്വീകരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ പതിവുചിട്ടകള്‍ വഴിമാറുകയാണ്. സ്ഥാനാര്‍ഥിയുടെ കക്ഷിരാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയ്ക്കൊപ്പം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിപുലപ്പെട്ട എല്‍ഡിഎഫ് അടിത്തറയും ജനവിധി നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളാകും. അഞ്ചുകൊല്ലം മുമ്പ് ഒരൊഴുക്കില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലെത്തിയ സിറ്റിങ് എംപി കെ സുധാകരനാണ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി. ഇത്തവണ സുധാകരന്‍ ഒരൊഴുക്കും തനിക്കനുകൂലമായി കാണുന്നില്ല. കാസര്‍കോട് മണ്ഡലത്തിലേക്ക് കൂടുമാറി ഭാഗ്യപരീക്ഷണം നടത്താന്‍ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോള്‍ കണ്ണൂരില്‍ തുടര്‍ന്നു. ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചതിനാല്‍ മത്സരിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തുറന്നുപറഞ്ഞ് പരാജയത്തിന് മുന്‍കൂര്‍ ജാമ്യമെടുത്തു. വികസന മുരടിപ്പാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. സിറ്റിങ് എംപി ഒറ്റ വികസന പദ്ധതിയും കൊണ്ടുവന്നില്ല; അത് കോണ്‍ഗ്രസുകാരും സമ്മതിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, അഴീക്കല്‍ പോര്‍ട്ട്, ദേശീയ പാത എന്നീ കാര്യങ്ങളില്‍ എംപിക്ക് ഒന്നും ചെയ്യാനായില്ല. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിലും എംപി നൂറുശതമാനം പരാജയം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലയിലെ മലയോര ജനതയുടെ ജീവിതം പ്രതിസന്ധിയിലായപ്പോള്‍ സുധാകരന്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ രക്ഷകനാട്യത്തില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ കൈയേറ്റത്തിനുവരെ മുതിര്‍ന്നു. ചാലയില്‍ വാതക ടാങ്കര്‍ കത്തിയുണ്ടായ ദുരന്തത്തില്‍ സംസ്ഥാനം ഒന്നടങ്കം ദുരിതാശ്വാസത്തിനിറങ്ങിയപ്പോള്‍ എംപിയെമാത്രം കണ്ടില്ല. പാര്‍ലമെന്റില്‍ ശബ്ദമുയരാറില്ല. കണ്ണൂരില്‍ കാണാറുമില്ല. രാഷ്ട്രീയ എതിരാളികളെ കൊല്ലലും കൊല്ലിക്കലും സുധാകരന്റെ ഹോബിയാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. ക്രൂരതയ്ക്കിരയായവരില്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല-കോണ്‍ഗ്രസുകാരും ഒട്ടേറെ. മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പരസ്യമായി പറഞ്ഞ കഥകള്‍ മാത്രം മതി-സ്ഥാനാര്‍ഥിയുടെ അപരമുഖം തെളിയാന്‍. മുന്‍ ഡ്രൈവര്‍ പ്രശാന്ത്ബാബു വെളിപ്പെടുത്തിയത് കൊലപാതകത്തിന്റെയും ബോംബു നിര്‍മാണത്തിന്റെയും ക്രിമിനല്‍-മാഫിയാ വാഴ്ചയുടെയും കഥകള്‍. ജഡ്ജിമാരെ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളെന്നും കൈക്കൂലിക്കാരെന്നും വിളിച്ചധിക്ഷേപിച്ചും ബലാത്സംഗക്കേസിലെ പ്രതിയായ എ പി അബ്ദുള്ളക്കുട്ടിയെ പ്രചാരണത്തിനിറക്കിയും സുധാകരന്‍ വാര്‍ത്ത സൃഷ്ടിക്കുന്നു. ബിജെപിക്ക് ഇക്കുറി കണ്ണൂരിലെ പോരാട്ടം മാനം കാക്കാനുള്ളതാണ്്. നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും പാര്‍ടിവിട്ടതിന്റെ ക്ഷീണം എത്രയെന്ന് വോട്ടുപെട്ടിയിലാണ് തെളിയുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഴുപതിനായിരത്തോളം വോട്ട് നേടിയ അവര്‍ പി സി മോഹനനെയാണ് മത്സരിപ്പിക്കുന്നത്. കണ്ണൂരിലെ ചിത്രം വ്യക്തമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അര ലക്ഷത്തിലേറെ വേട്ടിന്റെ ലീഡ് പാര്‍ലമെന്റ് മണ്ഡലത്തിലുണ്ട്. അത്രതന്നെ വോട്ട് ഇത്തവണ വര്‍ധിച്ചു. വര്‍ഗീയ രാഷ്ട്രീയത്തോട് കൂട്ടത്തോടെ വിടപറഞ്ഞ് ഇടതുപക്ഷത്തെത്തിയ അനേകര്‍. തെറ്റിദ്ധരിക്കപ്പെട്ട് സിപിഐ എം വിരുദ്ധപാളയത്തില്‍ പോയവര്‍ തിരിച്ചെത്തുന്നു. മലയോര മേഖലയില്‍ യുഡിഎഫ് വിരുദ്ധ വികാരം അലയടിക്കുന്നു. മാര്‍ക്സിസ്റ്റ് വിരുദ്ധ കെട്ടുകഥകള്‍ പലതും തകര്‍ന്നുവീണിരിക്കുന്നു. എല്ലാറ്റിനും പുറമെയാണ് സ്ഥാനാര്‍ഥികളുടെ താരതമ്യം. വികസന വിരുദ്ധനും "പ്രവാസി"യുമായ എംപിയെ ഇനിയും സഹിക്കാനാവില്ലെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തെളിയിച്ച മുന്‍ ആരോഗ്യ- സാമൂഹ്യക്ഷേമ മന്ത്രി പി കെ ശ്രീമതിയുടെ ജനസമ്മതി പ്രകടമായിത്തന്നെ മുന്നിട്ടു നില്‍ക്കുന്നു-ബഹുകാതം.

പി സുരേശന്‍ deshabhimani

No comments:

Post a Comment