Tuesday, March 18, 2014

വഞ്ചനയുടെ ബോണസ് കൊല്ലം സീറ്റ്

പ്രേമചന്ദ്രന് എന്നിട്ടും മനസിലാകുന്നില്ല-കണ്ണടച്ചു പാലുകുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന്. ആര്‍എസ്പി ഏതു രൂപത്തിലാണ് വഞ്ചനാപരമായ സമീപനം സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞുകൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ശരിക്കും അത് വിശദീകരിച്ച് പ്രേമചന്ദ്രനെ ബോധ്യപ്പെടുത്തേണ്ടത് ആര്‍എസ്പിയുടെ ജനറല്‍സെക്രട്ടറി ടി ജെ ചന്ദ്രചൂഡനാണ്. അദ്ദേഹം പ്രേമചന്ദ്രസംഘത്തിന്റെ ചവിട്ടുനാടകത്തിന് മൂകസാക്ഷിയായശേഷം പുറത്തിറങ്ങിയിട്ടില്ല. ഒന്നും മിണ്ടിയിട്ടുമില്ല. ""ഒരു സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസുമായി യോജിക്കാന്‍ കേരളത്തിലെ നേതാക്കള്‍ തീരുമാനിച്ചത് നിര്‍ഭാഗ്യകരവും വഞ്ചനാപരവുമാണ്""എന്ന് ആദ്യം പറഞ്ഞത് ആര്‍എസ്പി കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ക്ഷിതി ഗോസ്വാമിയാണ്. ഗോസ്വാമിയോട് ചോദിക്കാനുള്ള ഭാഷയും കൈവിട്ടോ പ്രേമചന്ദ്രന്‍ ?

പിന്നില്‍നിന്നു കുത്തിയിട്ടില്ല എന്നും പ്രേമചന്ദ്രന്‍ ആണയിടുന്നുണ്ട്. അതുശരിയാണ്. കുത്ത് മുന്നില്‍നിന്നുതന്നെയാണ്. ചിരിച്ചുകൊണ്ടുതന്നെ. ആ ചിരിക്കുപിന്നിലെ കാപട്യം തിരിച്ചറിയപ്പെട്ടില്ല എന്നതാണ് സംഭവിച്ച പിശക്. രണ്ട് എംഎല്‍എമാരെ യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടി, വിലയും കൂലിയും കണക്കുപറഞ്ഞു വാങ്ങിയശേഷമാണ് "കൊല്ലം സീറ്റ്നാടകം" കളിച്ചത്. മൂന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത സീറ്റ്, ഇപ്പോള്‍ കിട്ടിയില്ല എന്ന് പരിഭവിച്ച് ബഹളംവച്ചതും രോഷംകൊണ്ടതും സിപിഐ എമ്മിനുമേല്‍ കുതിര കയറിയതും "ഇനി കൊല്ലം കിട്ടിയാലും തൊടില്ല" എന്നു പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടിയുടെ മടയില്‍ കയറിയതും വെറും വഞ്ചനയായി വിശേഷിപ്പിക്കാവുന്നതല്ല. എ പി അബ്ദുള്ളക്കുട്ടിയാണ് ഒരുകണക്കിന് പ്രേമചന്ദ്രനേക്കാള്‍ ഭേദം. രണ്ടുപേരും ഇടതുപക്ഷത്തിന്റെ വിയര്‍പ്പും അധ്വാനവുംകൊണ്ട് ജനപ്രതിനിധികളായവരാണ്. അബ്ദുള്ളക്കുട്ടി ജില്ലാ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ് വരെയെത്തിയശേഷം, സ്വന്തം പാര്‍ടിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടി. പക്ഷേ, ചാട്ടത്തിനു മുമ്പ് പാര്‍ടിയില്‍നിന്ന് വേറിട്ടതാണ് തന്റെ രാഷ്ട്രീയമെന്ന് പലവട്ടം പറഞ്ഞിരുന്നു. അങ്ങനെ കാലുമാറ്റത്തിന് കളമൊരുക്കിയിരുന്നു.

പ്രേമചന്ദ്രന്‍ പഞ്ചായത്തംഗത്വം മുതല്‍ പാര്‍ലമെന്റംഗത്വവും സംസ്ഥാന മന്ത്രിസ്ഥാനവും നേടിയത് ഇടതുപക്ഷത്തോടൊപ്പം നിന്നാണ്. ഇടതുപക്ഷ നിലപാടുകള്‍ പറഞ്ഞാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. വൈകുന്നേരങ്ങളില്‍ ടിവി ക്യാമറകള്‍ക്കുമുന്നിലിരുന്ന് ചര്‍ച്ച നടത്തുന്നയാളിന്റെ സൗന്ദര്യവും ശബ്ദവുമല്ല- പറയുന്ന നിലപാടുകളാണ് ജനം അംഗീകരിക്കുന്നത്. അതുകൊണ്ടാണ്, യുഡിഎഫിനുവേണ്ടി ചര്‍ച്ചയ്ക്കെത്തുന്ന സുന്ദര ശരീരങ്ങള്‍ പലതും തോറ്റുമടങ്ങുന്നത്. പ്രധാന "രാഷ്ട്രീയ പ്രവര്‍ത്തനം" ചാനല്‍ചര്‍ച്ചയായതുകൊണ്ട്, അസീസിനെയും ചന്ദ്രചൂഡനെയും അറിയാത്തവര്‍ക്കും പ്രേമചന്ദ്രന്‍ പരിചിതനായി. അതാണ്; അതുമാത്രമാണ് മൂലധനം. അതിനപ്പുറം അബ്ദുള്ളക്കുട്ടിയോളം വരില്ല രാഷ്ട്രീയ നിലവാരമെന്നതിന്, കൂറുമാറ്റം പറഞ്ഞുറപ്പിച്ചിട്ടും "ഇടതുപക്ഷ ഗീര്‍വാണത്തിന്" കുറവുണ്ടായില്ല എന്നത് തെളിവ്. നെയ്യാറ്റിന്‍കരയിലെ സെല്‍വരാജ് കൂറുമാറിയപ്പോള്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. അതിനേക്കാള്‍ വലിയ "ഡീല്‍" ആണ് എ എ അസീസിനെയും കോവൂര്‍ കുഞ്ഞുമോനെയും യുഡിഎഫിന് കൊണ്ടുകൊടുത്തത്. ആ ഇടപാടിന്റെ ബോണസാണ് പ്രേമചന്ദ്രന് കിട്ടിയ "കൊല്ലം സീറ്റ്".

രാഷ്ട്രീയ അന്തസ്സിന്റെ ഒരംശമെങ്കിലും, ആത്മാഭിമാനത്തിന്റെ ചെറുകണികയെങ്കിലും ഉണ്ടെങ്കില്‍ എല്‍ഡിഎഫിന്റെ വോട്ടുകൊണ്ടു നേടിയ എംഎല്‍എ സ്ഥാനം ഉപേക്ഷിച്ചുവേണമായിരുന്നു പോകാന്‍. അതിന് തയ്യാറാകാത്തത്, ഈ ഇടപാടിലെ മുഖ്യ കൈമാറ്റവസ്തു എംഎല്‍എ സ്ഥാനങ്ങളാണ് എന്നതുകൊണ്ടാണ്. അതാണ് വഞ്ചന. അതാണ് നെറികേട്. അവസാനിമിഷംവരെ തികഞ്ഞ അര്‍പ്പണബോധത്തോടെ ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അവകാശപ്പെടുന്ന പ്രേമചന്ദ്രന്‍, ഒരു സീറ്റുതര്‍ക്കം ഊതിവീര്‍പ്പിച്ച് വൈകാരികാന്തരീക്ഷമുണ്ടാക്കി യുഡിഎഫ് സര്‍ക്കാരിന് രണ്ട് എംഎല്‍എമാരെ കൊണ്ടുകൊടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയല്ല എന്ന്പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തന്നെ ഏര്‍പ്പാടുചെയ്യേണ്ടിവരും.

"സീറ്റാണ് മുഖ്യലക്ഷ്യമെങ്കില്‍ അവസരവാദപരമായി ആരുമായും കൂട്ടുകൂടാം. എന്നാലത് ജനവിരുദ്ധ നയങ്ങളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് മനസിലാക്കണം" എന്ന് ക്ഷിതി ഗോസാമി പറഞ്ഞത്, കേരളത്തിലെ അസീസ് പക്ഷം ആര്‍എസ്പിയോടാണ് എന്ന ഓര്‍മയെങ്കിലും പ്രേമചന്ദ്രന് ഉണ്ടാകണം. ""ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ എല്ലാ സീമകളും ലംഘിച്ച് സാമുദായിക സമ്മര്‍ദശക്തികള്‍ക്ക് വിടുപണി ചെയ്യുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയവും കേരളവും എത്തിച്ചേര്‍ന്നു. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തേക്കാള്‍ വ്യക്തിഗതമായ തന്റെ അധികാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, കേരളം പുലര്‍ത്തിപ്പോന്ന എല്ലാ സാമുദായികേതരമൂല്യങ്ങളും കാറ്റില്‍ പറത്തി"" എന്നു പറഞ്ഞ പ്രേമചന്ദ്രന്റെ പുതിയ നടപ്പിലും ഇരിപ്പിലും ചിരിയിലും കൈകൂപ്പലിലും വഞ്ചനയല്ലാതെ മറ്റെന്താണ് കേരളം കാണുന്നത്? സോളാര്‍ തട്ടിപ്പു വീരന്‍ എന്ന് വിളിച്ച നാവുകൊണ്ട്, പ്രിയനേതാവേ എന്ന് ഉമ്മന്‍ചാണ്ടിയെ വിളിക്കുന്ന പ്രേമചന്ദ്രന്‍ രാഷ്ട്രീയ വഞ്ചനകളുടെ ചരിത്രത്തില്‍ അത്ഭുതങ്ങളുടെ അധ്യായമാണ് എഴുതിയത്. ഒരു സീറ്റിനുവേണ്ടിയാണ് ഈ വഞ്ചന നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കൂടി കളിച്ചതിലാണ് അതിസാമര്‍ഥ്യം. മറ്റു കൂറുമാറ്റങ്ങള്‍ കോടികളുടെ കണക്കുകള്‍കൊണ്ട് വിമര്‍ശിക്കപ്പെട്ടപ്പോള്‍, ഇവിടെ അതിന് അതിവൈകാരികതയുടെയും "ആര്‍എസ്പി ബോധ"ത്തിന്റെയും പരിവേഷം നല്‍കാന്‍ ഈ സംഘത്തിന് കഴിഞ്ഞു. മാധ്യമസഹായത്തോടെ യഥാര്‍ഥ കച്ചവടം മൂടിവയ്ക്കപ്പെട്ടു. അത് എല്ലാകാലത്തേക്കുമുള്ള തെളിവു നശിപ്പിക്കലാകും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ തെറ്റിയത്. സത്യം പതുക്കെ പുറത്തുവരുന്നു. യുഡിഎഫിനകത്തുനിന്നുതന്നെ വെളിപ്പെടുത്തലുകള്‍ വന്നുതുടങ്ങി. ആര്‍എസ്പി ഇടതുപക്ഷത്തുനില്‍ക്കണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ കൂറുമാറ്റക്കാരെ ഉപേക്ഷിച്ചുതുടങ്ങി. അതുകൊണ്ടാണ്, വെകിളിപിടിച്ച്, "എന്തു വഞ്ച" എന്ന് ചോദിക്കുന്നത്. ആ ചോദ്യം സ്വയം ചോദിച്ച് ഉത്തരം വിഴുങ്ങാവുന്നതേയുള്ളൂ.

പി എം മനോജ് ദേശാഭിമാനി

No comments:

Post a Comment