Monday, March 17, 2014

എഫ്സിഐ ഗോഡൗണ്‍ നവീകരണം: കേന്ദ്രമന്ത്രിയുടെ ഒത്താശയോടെ 70 ലക്ഷം ധൂര്‍ത്തടിച്ചു

എഫ്സിഐ ഗോഡൗണുകളുടെ നവീകരണം ഉദ്ഘാടനത്തിന് ടെന്‍ഡര്‍ വിളിക്കാതെ കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസിന്റെ ഒത്താശയോടെ ലക്ഷങ്ങളുടെ ധൂര്‍ത്ത്. ഇടുക്കിയിലെ അറക്കുളത്തും വയനാട്ടിലെ മീനങ്ങാടിയിലും ഗോഡൗണുകളുടെ നവീകരണത്തിന് തറക്കല്ലിടാനും പിന്നീട് ഉദ്ഘാടനത്തിനുമായി 70 ലക്ഷത്തില്‍പ്പരം രൂപയാണ് അനധികൃതമായി ചെലവഴിച്ചത്. നാലു ലക്ഷത്തിലധികം രൂപ ചെലവഴിക്കാന്‍ ടെന്‍ഡര്‍ വിളിക്കണമെന്നിരിക്കെയാണ് മൂന്ന് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ടെന്‍ഡറില്ലാതെ പണം ധൂര്‍ത്തടിച്ചത്.

ചടങ്ങുകളുടെ നടത്തിപ്പ് എറണാകുളത്തും തിരുവനന്തപുരത്തുമുള്ള സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഇടപെട്ടതായും ആക്ഷേപമുണ്ട്. പുതിയ ഗോഡൗണുകളുടെ തറക്കല്ലിടലും ഉദ്ഘാടനവും ആഘോഷമാക്കാറുണ്ട്. അറക്കുളത്തും മീനങ്ങാടിയിലും ഗോഡൗണുകള്‍ വിപുലീകരിക്കുക മാത്രമായിരുന്നു. ആദ്യ മൂന്നു ചടങ്ങുകള്‍ക്ക് ടെന്‍ഡറില്ലാതെ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചത് വിവാദമായതോടെയാണ് മീനങ്ങാടിയിലെ ഗോഡൗണ്‍ നവീകരിച്ചശേഷമുള്ള ഉദ്ഘാടനത്തിന് ടെന്‍ഡര്‍ വിളിച്ചത്.

മറ്റിടങ്ങളില്‍ പന്തലിന് 13 ലക്ഷത്തില്‍പ്പരം രൂപ ചെലവായിടത്ത് മീനങ്ങാടിയില്‍ ആറുലക്ഷം രൂപ ക്വോട്ട് ചെയ്തതോടെയാണ് അഴിമതിയും ധൂര്‍ത്തും പുറത്തായത്. ഈ നാലു ചടങ്ങിലും കെ വി തോമസ് പങ്കെടുത്തിരുന്നു. ചടങ്ങുകളോടനുബന്ധിച്ച് എഫ്സിഐ ഉദ്യോഗസ്ഥര്‍ നടത്തിയ ബോട്ട്യാത്രയും വിവാദമായിട്ടുണ്ട്. 2013 മാര്‍ച്ച് രണ്ടിന് അറക്കുളത്തെ ഗോഡൗണ്‍ വിപുലീകരണത്തിന്റെ തറക്കല്ലിടലിന് 22 ലക്ഷം രൂപ ചെലവായി. സ്റ്റേജ്, അലങ്കാരം, ടാക്സി, ഭക്ഷണം എന്നീ ഇനത്തിലായിരുന്നു ചെലവ്. കൊച്ചിയില്‍നിന്നുള്ള സ്വകാര്യ ഏജന്‍സി നിര്‍മിച്ച സ്റ്റേജിനുമാത്രം 13,80,000 രൂപയായി.

ഇടുക്കിയിലെ പരിപാടിക്ക് 1,14,000 രൂപ ചെലവാക്കി കളമശേരിയില്‍നിന്ന് ടാക്സി വിളിച്ചതും വിവാദമായി. നവംബര്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറക്കുളം ഗോഡൗണ്‍ ഉദ്ഘാടനംചെയ്തു. കെ വി തോമസിന്റെ പേഴ്സണല്‍ സ്റ്റാഫ് ഇടപെട്ട് സ്റ്റേജ് നിര്‍മാണച്ചുമതല തിരുവനന്തപുരത്തെ സ്വകാര്യ ഏജന്‍സിക്കു നല്‍കി. സ്റ്റേജിനുമാത്രം 1,14,000 രൂപ ചെലവായെന്നാണ് കണക്ക്. ഉദ്ഘാടനച്ചടങ്ങിന് 21 ലക്ഷം രൂപയും പൊടിച്ചു. വയനാട് മീനങ്ങാടി ഗോഡൗണ്‍ വിപുലീകരണത്തിന്റെ തറക്കല്ലിടലിനും ഇതേ ഏജന്‍സിയെയാണ് സ്റ്റേജ് നിര്‍മാണം ഏല്‍പ്പിച്ചത്. 2013 മെയ് അഞ്ചിനായിരുന്നു ഉദ്ഘാടനം.

സ്റ്റേജിനും അലങ്കാരത്തിനും 13,16,000 രൂപയായി. 21 ലക്ഷത്തോളമാണ് മൊത്തം ചെലവ്. മൂന്നു ചടങ്ങുകളുടെയും നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയും നടന്നതായി ആക്ഷേപം ഉയര്‍ന്നപ്പോഴാണ് മീനങ്ങാടി ഗോഡൗണ്‍ ഉദ്ഘാടനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചത്. ആറുലക്ഷം രൂപയാണ് ടെന്‍ഡര്‍ തുക ക്വോട്ട്ചെയ്തത്. ആദ്യ മൂന്നു ചടങ്ങുകളുടെയും പന്തലുകള്‍ക്ക് ചെലവാക്കിയ തുകയുടെ ആറിലൊന്നു മാത്രമാണിത്.

അനിത പ്രഭാകരന്‍ ദേശാഭിമാനി

No comments:

Post a Comment