Monday, March 17, 2014

നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ ജനം വിചാരിക്കണം: ജ. കമാല്‍ പാഷ

കൊച്ചി: ജനങ്ങള്‍ വിചാരിച്ചാലേ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനിതാ കമീഷന്‍ ആര്‍ഭാടവിവാഹത്തിനെതിരെ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീധനംപോലുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ കര്‍ക്കശ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍കഴിയില്ല. ആര്‍ഭാടവും ധൂര്‍ത്തും കൂടിയതോടെ വിവാഹം വാണിജ്യവല്‍ക്കരിക്കപ്പെട്ടു. മാര്‍ക്കറ്റില്‍ മത്സരം വന്നതോടെ പുരുഷന്മാര്‍ക്ക് വില കൂടി. സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ലെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള, ആര്‍ഭാടപൂര്‍വമായ വിവാഹാഘോഷങ്ങളില്‍നിന്ന് മതമേലധ്യക്ഷന്മാരും സമൂഹത്തിലെ ഉന്നതരും മാറിനിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹധൂര്‍ത്ത് ഒഴിവാക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുക, ധൂര്‍ത്തിനെതിരെ നിയമനിര്‍മാണം നടത്തുക, സല്‍ക്കാരത്തില്‍ മദ്യം ഒഴിവാക്കുക, പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, പ്ലാസ്റ്റിക്മാലിന്യം കുറയ്ക്കുക, കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുക, വിവാഹത്തോടനുബന്ധിച്ച് പിന്‍വലിക്കുന്ന തുകയുടെയും സ്വര്‍ണത്തിന് ചെലവാകുന്ന തുകയുടെയുംരേഖകള്‍ സൂക്ഷിക്കുക, ഈ തുകയും സ്വര്‍ണവും നിയമപരമായി രേഖപ്പെടുത്തുക, അഞ്ചുവര്‍ഷത്തേക്ക് മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക, ചെലവാക്കുന്നതിന് മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ശിക്ഷാനടപടി ഉറപ്പാക്കുക, ആഡംബരനികുതിയും സെസും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന വനിതാ കമീഷന്‍ അംഗം ലിസി ജോസ് അധ്യക്ഷയായി. അഡ്വ. കെ കെ പ്രീത വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് വിതയത്തില്‍, ഡോ. കൊച്ചുറാണി ജോസഫ്, അഭിഭാഷകരായ ഭദ്രാകുമാരി, ലേഖ സുരേഷ്, കെ ആര്‍ ദീപ, കൗണ്‍സിലര്‍മാരായ രത്നമ്മ രാജു, അഡ്വ. വി കെ മിനിമോള്‍, റംല മാഹിന്‍ എന്നിവര്‍ പങ്കെടുത്തു.

കേസുകള്‍ കോണ്‍ഗ്രസിന്റെ വഴിയേ

പറവൂര്‍, കോതമംഗലം, കോഴിക്കോട് അടക്കമുള്ള കേസുകള്‍ പൊലീസ് കൈകാര്യംചെയ്ത രീതികൊണ്ട് ദുര്‍ബലമാകുകയും കുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി നാട്ടില്‍ സൈ്വരവിഹാരം നടത്തുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി പൈശാചികമായി കൊല്ലപ്പെട്ട നിലമ്പൂര്‍ കേസിന്റെ ഗതിയും ആ വഴിക്കാണ്്. യുഡിഎഫ് സര്‍ക്കാര്‍ ഇതാദ്യമായല്ല സ്ത്രീപീഡനക്കേസുകള്‍ അട്ടിമറിക്കുന്നത്. 2011ല്‍ രജിസ്റ്റര്‍ചെയ്ത പറവൂര്‍ കേസിന്റെ ഗതി പ്രതികള്‍ക്ക് അനുകൂലമാക്കിയതും യുഡിഎഫാണ്. സൂര്യനെല്ലി കേസിന്റെ അനുഭവവും മറ്റൊന്നല്ല. തുടക്കത്തില്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. അത് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ രക്ഷിക്കാനാണെന്ന ആരോപണവും ഉണ്ടായി. ഐസ്ക്രീം പാര്‍ലര്‍, കൊട്ടിയം, വിതുര, കിളിരൂര്‍, കോതമംഗലം തുടങ്ങിയ നിരവധി കേസുകളില്‍ ഇത്തരത്തില്‍ പ്രതികളെ രക്ഷിക്കാനും ഉന്നതര്‍ പ്രതിയാകാതിരിക്കാനുമുള്ള ഇടപെടല്‍ നടന്നതായി കാണാം.

ഇപ്പോള്‍ കൂടുതല്‍ അപകടമായിരിക്കുന്നത് ചില മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും സ്ത്രീപീഡന കഥകളാണ്. പരസ്ത്രീഗമനവും ഗാര്‍ഹികപീഡനവും ആരോപിക്കപ്പെട്ടാണ് മന്ത്രി ഗണേശ്കുമാറിന് മന്ത്രിസ്ഥാനം പോയത്. മുഖ്യമന്ത്രിതന്നെ ഗണേശ്കുമാറിിന്റെ ഭാര്യയുടെ പരാതി ഒതുക്കിയെന്ന ആക്ഷേപവുമുണ്ട്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പലരും ക്രിമിനലുകളും സ്ത്രീപീഡകരുമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കണമെങ്കില്‍ താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ഒരു പേഴ്സണല്‍ സ്റ്റാഫ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെതിരെ ഭൂമി തട്ടിപ്പുകേസ് മാത്രമല്ല സ്ത്രീപീഡനവും ഉയര്‍ന്നുവന്നു. കോഴിക്കോട്ടുവച്ച് യുവതിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അയാള്‍. മന്ത്രി ജയലക്ഷ്മിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാള്‍ ആദിവാസി യുവതിയെ തൊഴില്‍ വാഗ്ദാനംചെയ്ത് പീഡിപ്പിച്ച കഥയും സമര്‍ഥമായി ഒതുക്കി. സരിത നായരുടെ മൊഴിയിലും കേന്ദ്രമന്ത്രിമാരടക്കം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന സൂചനയുണ്ടായി. എന്നാല്‍, 21 പേജുള്ള ആ പരാതി രണ്ട് പേജായി മാറുന്നതും യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതി അപ്രത്യക്ഷമാകുന്നതും നാം കണ്ടു.

അയ്യോ...! കോണ്‍ഗ്രസ് ഓഫീസ്...!!!

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നിര്‍ഭയപദ്ധതി ഉദ്ഘാടനംചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി കേരളത്തില്‍ കാലുകുത്തിയപ്പോഴായിരുന്നു നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയുടെ കൊലപാതകം. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരി രാധയാണ് കൊലചെയ്യപ്പെട്ടത്. ആ ഓഫീസിലെ പല രഹസ്യങ്ങളും രാധയ്ക്ക് അറിയാം അതിനാലാണ് കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കേസില്‍ നിയമം "കോണ്‍ഗ്രസിന്റെ" വഴിക്കാണ്. കൊലയില്‍ പങ്കുള്ള മന്ത്രിപുത്രനായ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യംചെയ്യണമെന്ന് രാധയുടെ സഹോദരന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിന്റെ "ബധിരകര്‍ണ"ങ്ങളില്‍ പതിഞ്ഞില്ല.

അനന്തപുരിയിലെ അബ്ദുള്ളശയനം

ബലാത്സംഗക്കേസില്‍ പ്രതിയായ എംഎല്‍എക്ക് പൊലീസ് സംരക്ഷണം നല്‍കി ഒളിപ്പിക്കുന്നത് ലൈവായി ടിവി ചാനലില്‍ കാണാന്‍ കേരളജനതയ്ക്കായി. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കാണ് ഈ സര്‍ക്കാര്‍ സഹായം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തെന്ന് തുടക്കംമുതല്‍ ഒടുക്കംവരെ സവിസ്തരം എഴുതി പരാതി നല്‍കിയിട്ടും എംഎല്‍എ സുരക്ഷിതന്‍.

കരഞ്ഞുതളര്‍ന്ന മന്ത്രിപത്നിമാര്‍

മന്ത്രിയായ ഗണേശ്കുമാര്‍ തന്നെ മര്‍ദിച്ചെന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ബോധിപ്പിച്ച ഭാര്യ യാമിനി തങ്കച്ചി പരാതിയെ കുറിച്ച് മാധ്യമങ്ങളോടും വാചാലയായി. മുഖ്യമന്ത്രി തന്റെ സങ്കടം മാറ്റുമെന്ന പ്രത്യാശയും അവര്‍ പങ്കുവച്ചു. പക്ഷേ, മുഖ്യമന്ത്രി ഗണേശ്കുമാറിന് അനുകൂല തീരുമാനമെടുത്തു. പണംകൊണ്ട് നാണം മറയ്ക്കുന്ന കോണ്‍ഗ്രസ് സംസ്കാരം ഒരിക്കല്‍ക്കൂടി വെളിച്ചത്തുവന്നു. കേന്ദ്രമന്ത്രിയുടെ ഭാര്യ സുനന്ദപുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ട്വിറ്ററില്‍ അവര്‍ എഴുതിയത്, ശശി തരൂരിന്റെ പാക് ബന്ധത്തെക്കുറിച്ച് ആരോപണമുന്നയിച്ചായിരുന്നു. വിമാനത്താവളത്തില്‍നിന്ന് കരഞ്ഞ്് ഓടിപ്പോയ സുനന്ദയുടെ മുഖം ആരും മറന്നിട്ടില്ല. എന്നിട്ടും ശശി തരൂരിനെ പാര്‍ടി വക്താവായി അവരോധിക്കാനും വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും കോണ്‍ഗ്രസിന് മടിയുണ്ടായില്ല.

ഞെട്ടിക്കുന്ന കണക്കുകള്‍

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം പതിന്മടങ്ങ് വര്‍ധിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുപ്പത്തയ്യായിരത്തിലേറെ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഇരുപതിനായിരത്തിലേറെ ബലാത്സംഗങ്ങളും. നിരവധി പെണ്‍വാണിഭങ്ങള്‍ നാട്ടുകാരുടെ ജാഗ്രതമൂലം വെളിച്ചത്തുവന്നു. യുഡിഎഫ് അധികാരമേറ്റശേഷം 320 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇതില്‍ 289 എണ്ണം നേരിട്ടുള്ള കൊലപാതകവും 31 എണ്ണം മോഷണശ്രമത്തിനിടെയുമായിരുന്നു. 35,243 സ്ത്രീപീഡനക്കേസുണ്ടായി. റെയില്‍വേ പൊലീസിന്റെ പരിധിയില്‍ 204 സ്ത്രീപീഡനമുണ്ടായി. സ്ത്രീധനപീഡനക്കേസുകളും നിരവധി. 13,388 എണ്ണം. 2952 ബലാത്സംഗങ്ങളുണ്ടായി. മോഷണശ്രമത്തിനിടെ മൂന്നു ബലാത്സംഗവും റിപ്പോര്‍ട്ട് ചെയ്തു. 1375 പെണ്‍കുട്ടികളെ ഇക്കാലയളവില്‍ കാണാതായി. ആഭ്യന്തരമന്ത്രിയുടെ മൂക്കിനു താഴെ തിരുവനന്തപുരം റൂറലില്‍ 336 പെണ്‍കുട്ടികളെ കാണാതായി. 432 വിദ്യാര്‍ഥിനികള്‍ ആത്മഹത്യചെയ്തു. 11,148 മോഷണവും 3452 പിടിച്ചുപറി കേസും രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തരമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ 2013 ജനുവരി മുതല്‍ നവംബര്‍ വരെ ബലാത്സംഗവും കൈയേറ്റവും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12,689 കേസാണ്. 2012ല്‍ 13,002 കേസാണ് രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് സ്റ്റേഷനില്‍ ദളിത് യുവതിയുടെ മുടി മുറിച്ചു

വനിതാ സെല്ലില്‍ പരാതി നല്‍കിയ ദളിത് യുവതി സുമയെ മൊഴിയെടുക്കാനെന്ന വ്യാജേന സ്റ്റേഷനില്‍ എത്തിച്ചാണ് പൊലീസ് പീഡിപ്പിച്ചത്. പത്തനാപുരം കുന്നിക്കോട് തേക്കിന്‍മുകള്‍ ശ്രീകൃഷ്ണവിലാസത്തില്‍ സുരേഷിന്റെ ഭാര്യ സുമയ്ക്കാണ് ഈ ദുരനുഭവം. സുമയുടെ മുടി മുറിച്ചത് കൊട്ടാരക്കര വനിതാ സെല്ലിലെ പൊലീസുകാരി. മൊഴി നല്‍കാനാണ് പൊലീസുകാര്‍ ജീപ്പില്‍ കയറ്റി കൊണ്ടുവന്നത്. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ വച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനാലാണ് സുമയെ ക്രൂരമായി മര്‍ദിച്ചശേഷം മുടി മുറിച്ചെടുത്തത്.

deshabhimani

No comments:

Post a Comment