Monday, March 17, 2014

ആര്‍എസ്പി എംഎല്‍എമാര്‍ രാജിവച്ച് ജനവിധി തേടണം: വി എസ്

നെയ്യാറ്റിന്‍കരയിലെ ആദ്യത്തെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെപ്പോലെ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍എസ്പി എംഎല്‍എമാരായ എ എ അസീസും കോവൂര്‍ കുഞ്ഞുമോനും തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കൊല്ലം ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

30 കൊല്ലം എല്‍ഡിഎഫ് വക്താവായിരുന്ന പ്രേമചന്ദ്രന്‍, ഒരു ദിവസം കെപിസിസി ഓഫീസിലെ ഉറക്കം കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. സോളാര്‍ അഴിമതിയില്‍ പങ്കാളിയായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ രാപ്പകല്‍ സത്യഗ്രഹത്തില്‍ പ്രേമചന്ദ്രനും എല്‍ഡിഎഫ് നേതാക്കളുടെ കൂടെക്കിടന്ന് ഉറങ്ങുകയായിരുന്നു. രാവിലെ പ്രേമചന്ദ്രന്‍ എഴുന്നേറ്റ് എങ്ങോട്ടോ പോയി. കെപിസിസി ഓഫീസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ബന്ധപ്പെട്ടുകഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്റെ അഭിപ്രായം മാറി.

ഇനി സോളാര്‍ അഴിമതിയെക്കുറിച്ച് പ്രേമചന്ദ്രന് എന്താണു പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ജനം ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. സോളാര്‍ വിഷയത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി ഒരക്ഷരം മിണ്ടുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളകിമറിഞ്ഞ മലയോര മേഖലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കൊണ്ടുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. ഭൂമി ഇടപാടില്‍ 450 കോടി തട്ടിയ ഗണ്‍മാന്‍ സലിംരാജിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്കും പൊലീസിനും ഭയമാണോ എന്ന് ഹെക്കോടതിക്ക് ചോദിക്കേണ്ടിവന്നു.

മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പത്തുവര്‍ഷത്തെ കേന്ദ്രഭരണവും ജനജീവിതം ദുസ്സഹമാക്കി. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ തക്കംപാര്‍ത്ത് അധികാരത്തിലേറാന്‍ കൊടുംവര്‍ഗീയതയുടെ വക്താവായി സ്വയം പ്രഖ്യാപിച്ച് നരേന്ദ്രമോഡി രംഗത്തുണ്ട്- വി എസ് ഓര്‍മിപ്പിച്ചു.

deshabhimani

No comments:

Post a Comment