Monday, March 17, 2014

അരക്ഷിതം പെണ്‍ജീവിതം

ഇന്ത്യ ലോകത്തിനു മുമ്പില്‍ തലകുനിച്ച ദിവസമായിരുന്നു 2012 ഡിസംബര്‍ 16; രാജ്യത്തെ പെണ്‍ജീവിതം എത്രത്തോളം അരക്ഷിതമാണെന്ന് കാട്ടിത്തന്ന രാത്രി. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഒരുകൂട്ടമാളുകളുടെ കാമഭ്രാന്തിനിരയായത് അന്നായിരുന്നു. സുഹൃത്തിനൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയെ ബസ് ജീവനക്കാരടക്കമുള്ള ആറുപേര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചു. സുഹൃത്തിനെ മര്‍ദിച്ച് ജീവച്ഛവമാക്കി. ഡല്‍ഹി പൊലീസിന്റെയും മറ്റ് അര്‍ധസേനയുടെയും വിപുല സാന്നിധ്യമുണ്ടായിട്ടുപോലും ഒരു പെണ്‍കുട്ടി തന്റെ മാനത്തിന് ജീവന്‍ നല്‍കേണ്ടിവന്നു. ക്രൂരമായ ശാരീരികപീഡനത്തിന് വിധേയയായ അവള്‍ ഡിസംബര്‍ 29ന് ലോകത്തോട് വിടപറഞ്ഞു. ഇന്ത്യയൊന്നാകെ പീഡനത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം നിന്നു, പ്രതിഷേധിച്ചു. പതിനായിരങ്ങള്‍ പ്രതിഷേധവുമായി രാഷ്ട്രപതിഭവന്റെ പടി വരെയെത്തി. സംഭവത്തില്‍ നടപടിയെടുക്കേണ്ട അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചോദിച്ചത് "ആറുമണിക്കു ശേഷം പെണ്‍കുട്ടികള്‍ എന്തിനു പുറത്തിറങ്ങുന്നു" എന്നായിരുന്നു.

പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണവും കോണ്‍ഗ്രസിന്റെതന്നെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും ഒരു നടപടിക്കും തയ്യാറായില്ല. പ്രതിഷേധം ശക്തമായപ്പോള്‍ സ്ത്രീപീഡനം തടയാനുള്ള നിയമം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ജെ എസ് വര്‍മകമ്മിറ്റിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ കമ്മിറ്റിയാകട്ടെ വിരല്‍ചൂണ്ടിയത് ഭരണനേതൃത്വത്തിന് നേരെയും. ബലാത്സംഗമടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്ന വസ്തുത ഉറപ്പിക്കുന്നതായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഈ സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുംമുന്‍പ് ഡല്‍ഹിയില്‍ പീഡന പരമ്പരയാണ് അരങ്ങേറിയത്. കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി. തെക്കന്‍ ഡല്‍ഹിയില്‍ നേപ്പാളി യുവതിയെ അബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്ത് റോഡരികില്‍ തള്ളി മണിക്കൂറുകള്‍ക്കകമാണിത്. രണ്ടിടങ്ങളിലും കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന്റെ വക ശ്രമങ്ങളും നടന്നു. രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ ഈ സംഭവങ്ങളില്‍മാത്രം ഒതുങ്ങിയില്ല. ഡല്‍ഹിയിലെ മുറിവുണങ്ങുംമുന്‍പ് ഒഡിഷയിലും ബിഹാറിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും കേരളത്തില്‍വരെ സ്ത്രീകളും കുട്ടികളും പീഡനത്തിനിരയായിക്കൊണ്ടിരുന്നു- പിഞ്ചുകുട്ടികളെന്നോ വൃദ്ധകളെന്നോ വ്യത്യാസമില്ലാതെ തുടരുന്ന ലൈംഗികാക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുംബൈയിലെ തിരക്കേറിയ നഗരത്തില്‍ വനിതാഫോട്ടോഗ്രാഫര്‍ കൂട്ടബലാത്സംഗത്തിനിരയായതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സമ്മതിക്കേണ്ടി വന്നു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതരത്തിലുള്ള ഒരു ബില്‍ പാര്‍ലമെന്റിനുമുന്നില്‍ വന്നു. എന്നാല്‍, കാലമേറെ കഴിഞ്ഞിട്ടും അതു പാസാക്കാനുള്ള താല്‍പ്പര്യം പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ കാണിച്ചില്ല. ഇവരുടെ സ്ത്രീസുരക്ഷ വാക്കുകളില്‍മാത്രം. ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികളെ പെട്ടെന്ന് ശിക്ഷിക്കാനും ഇരയാകുന്ന സ്ത്രീകളെ കൂടുതല്‍ പീഡിപ്പിക്കാതിരിക്കാനും ഫാസ്റ്റ് ട്രാക്ക് സംവിധാനമുണ്ടാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശംപോലും പാലിച്ചില്ല.

ഇതെല്ലാം നടപ്പാക്കേണ്ട യുപിഎ ഭരണനേതൃത്വത്തിലെ മന്ത്രിമാരിലും എംപിമാരിലും പലരും പീഡനാരോപണങ്ങളുടെ നിഴലിലാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമൊക്കെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവരില്‍ പലരും ബലാല്‍സംഗക്കുറ്റത്തിന് വിചാരണ നേരിടുന്നവര്‍. നയന സാഹ്നിയും ജെസിക്ക ലാലും ഭന്‍വാരി ദേവിയും കോണ്‍ഗ്രസ് നേതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ സംശയകരമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും ഈ അടുത്തകാലത്ത്. എന്നാല്‍, അതിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.

സ്ത്രീധനിരോധനവും ഭ്രൂണപരിശോധനാ നിരോധനവും ബാലവിവാഹ നിരോധനവുമടക്കം സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമം നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍, അവ കൃത്യമായി നടപ്പാക്കുന്നില്ല. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും സ്ത്രീവിരുദ്ധമനോഭാവവും ഇതിന് പലപ്പോഴും കാരണമാകുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ചെയ്യാന്‍പോലും തയ്യാറാകാത്ത അനീതി ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുന്നുമുണ്ട്. 2012 നവംബറിലാണ് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍നിന്ന് 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗംചെയ്തത്. പരാതിപ്പെട്ട് 14 ദിവസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ തയ്യാറായത്. നീതി ലഭിക്കാതെ ആ പെണ്‍കുട്ടി ആത്മഹത്യചെയ്തു. പശ്ചിമബംഗാളില്‍ പീഡനത്തിനിരയായ യുവതി കേസ് കെടുത്തെങ്കിലും പൊലീസ് തിരിഞ്ഞുനോക്കിയില്ല. കേസ് കൊടുത്തതിനെത്തുടര്‍ന്ന് പീഡിപ്പിച്ചവര്‍ വീണ്ടുമെത്തി യുവതിയെ ചുട്ടുകൊന്നതിനും ഇന്ത്യ സാക്ഷിയായി. ലോകത്ത് സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ എന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീധനപ്രശ്നം കാരണം ഓരോ ഒന്നരമണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യവും നമ്മുടേതു തന്നെ. ക്രൈം ക്യാപിറ്റല്‍ എന്ന വിശേഷണത്തില്‍നിന്ന് ഡല്‍ഹി മുക്തമായിട്ടുമില്ല.

വന്ദന കൃഷ്ണ ദേശാഭിമാനി

No comments:

Post a Comment