Monday, March 17, 2014

താന്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു: വിഎസ്

ആലപ്പുഴ: താന്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും തന്നോട് ചെയ്യുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രചരണം തുടങ്ങിയിട്ടല്ലേയുള്ളൂവെന്നും പ്രചരണപരിപാടികള്‍ മുന്നോട്ട് പോകുമ്പോള്‍ അത് പറയാമെന്നും കഴിഞ്ഞ ദിവസം താന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ വിഎസിനും സംശയം എന്ന നിലയ്ക്കാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. രാജ്യത്ത് മൂന്നാംമുന്നണിയ്ക്കായി നിലകൊള്ളുന്ന ആര്‍ എസ്പിയുടെ കേരളഘടകം എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് പോയതിനെക്കുറിച്ച് അവരുടെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. മുന്നണിവിട്ടുപോകല്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തയാളാണ് എന്‍ കെ പ്രേമചന്ദ്രന്‍. നേരംവെളുത്തപ്പോള്‍ പ്രേമചന്ദ്രനെ കണ്ടില്ലെന്നും അദ്ദേഹം കെപിസിസി ഓഫീസിലെത്തിയെന്നും വിഎസ് പരിഹസിച്ചു. മുന്നണി വിട്ടുപോകാനുള്ള കാരണം ആര്‍എസ്പി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സ്വതന്ത്രരെ ഇതിന് മുന്‍പും സിപിഐ എം മല്‍സരരംഗത്തിറക്കിയിട്ടുണ്ടെന്ന് വിഎസ് ഒരു ചോദ്യത്തിന് മറുപടി നല്‍കി. 1957ലെ ഇഎംഎസ് സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, ഡോ. എ ആര്‍ മേനോന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്നിവരെ സ്വതന്ത്രസ്ഥാനാര്‍ഥികളായാണ് പാര്‍ട്ടി മല്‍സരിപ്പിച്ചത്. ചരിത്രത്തിലിടം പിടിച്ച 57ലെ സര്‍ക്കാരില്‍ ഇഎംഎസിനോടൊപ്പം മികച്ച പ്രവര്‍ത്തനമാണ് ഇവരും കാഴ്ചവച്ചതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment