Monday, March 17, 2014

ഭള്ള് പറഞ്ഞാല്‍ വോട്ട് കിട്ടുമോ?

ആറുപതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും ജനങ്ങള്‍ക്കുവേണ്ടി ചെയ്തതൊന്നും പറയാനില്ലാത്തവര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും കള്ളം പ്രചരിപ്പിച്ചും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ചിന്തയിലാണെന്ന് തോന്നുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചില സ്വതന്ത്ര വേഷക്കാര്‍ നടത്തുന്ന പ്രസംഗം പോലെയാണത്രെ യുഡിഎഫ് കന്നി അങ്കക്കാരന്റെ പ്രസംഗം. ഞാന്‍ ജയിച്ചാല്‍ കോളേജില്‍ വിമാനത്താവളം നിര്‍മിക്കും, കോളേജ് ഓഡിറ്റോറിയം സിനിമാ തിയറ്ററാക്കും, ക്ലാസ് കട്ട് ചെയ്യുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും എന്നൊക്കെയായിരിക്കും ചില വിദ്വാന്മാരുടെ പ്രസംഗം. കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാര്‍ഥി മാധ്യമക്കാരോട് നടത്തിയ പ്രസംഗം ഏതാണ്ടിതുപോലെയായിരുന്നുവെന്നാണ് മാധ്യമ സുഹൃത്തുക്കള്‍ പറഞ്ഞത്. ഇവര്‍ പൊതുവേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ഇനി എന്തൊക്കെയാവും പറയുക എന്നറിയില്ല. പാര്‍ലമെന്റ് അംഗത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റും, എന്തെല്ലാം അധികാരം ഉണ്ട്, സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണ് എന്നൊക്കെ മനസിലാക്കാനുള്ള മിനിമം യോഗ്യതയെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്.

വ്യവസായത്തിന് പറ്റിയ മണ്ണ് പതിറ്റാണ്ടുകളായി ഇവിടെ ഉള്ളതാണ്. കോണ്‍ഗ്രസ് തന്നെയാണ് ഇക്കാലമത്രയും കേന്ദ്രം ഭരിച്ചത്. വ്യവസായത്തിന് ഏറ്റവും അനുയോജ്യ സ്ഥലത്ത് എന്തുകൊണ്ട് വ്യവസായം തുടങ്ങിയില്ല? പ്രതിപക്ഷം ജയിക്കുന്നിടത്ത് ഒന്നും തുടങ്ങേണ്ടതില്ലെന്ന ജനാധിപത്യം എവിടെനിന്നാണ് ഇവര്‍ പഠിച്ചത്? ഇനി ഈ പറയുന്ന ഭൂമിയൊക്കെ ജില്ലക്ക് പുറത്തുള്ളവര്‍ക്ക് പതിച്ച് കൊടുക്കാന്‍ ഐ ഗ്രൂപ്പ് മന്ത്രി തീരുമാനിച്ച വിവരമൊന്നും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിക്ക് ഉണ്ടാകാനും സാധ്യതയില്ല. എന്തായാലും ഗീര്‍വാണത്തിനിടയില്‍ ഒരു സത്യം പറഞ്ഞു. 10 വര്‍ഷത്തെ എംപിയുടെ നേട്ടങ്ങളും രണ്ടു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും വിലയിരുത്തി വേണം വോട്ട് ചെയ്യാനെന്ന്. ഇതുകേട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരിപാടി കഴിഞ്ഞയുടനെ എംപിയുടെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന ബുക്ക്ലെറ്റ് സ്ഥാനാര്‍ഥിക്ക് നല്‍കിയിട്ട് ആദ്യം ഇതൊക്കെ വായിച്ച് പഠിക്കണമെന്ന് പറഞ്ഞതെന്തായാലും നന്നായി.

എംപിയായാല്‍ ഉടനെ വന്‍കിട വ്യവസായം കൊണ്ടുവന്ന് കാസര്‍കോടിനെ വ്യവസായ നഗരമാക്കുമെന്ന് വീമ്പിളക്കുന്നതിനു മുമ്പ് ഇവിടെ മൂന്നു കൊല്ലം മുമ്പ് മൈലാട്ടിയില്‍ ഉദ്ഘാടനം ചെയ്ത ചെറിയൊരു തുണിമില്ലുണ്ട്. 17 കോടി മാത്രമെ ചെലവായുള്ളൂ. അതൊന്ന് പോയി കാണണം. മൂന്നു കൊല്ലമായി യുഡിഎഫ് ജില്ലയില്‍ വികസന കുതിച്ചുചാട്ടം നടത്തിയിട്ടും ഒരു മീറ്റര്‍ നൂലുപോലും ഇവിടെ ഉല്‍പാദിക്കാന്‍ കഴിഞ്ഞില്ല. യന്ത്രങ്ങളെല്ലാം തുരുമ്പെടുത്തത് മിച്ചം. യുഡിഎഫ് ഭരണത്തിന്റെ നേട്ടം ജില്ലക്കാര്‍ക്ക് നന്നായി ബോധ്യമായിട്ടുണ്ട്. മൂന്നു ബജറ്റിലും ജില്ലക്കുവേണ്ടി പദ്ധതിയൊന്നും അനുവദിക്കാത്തതിനെതിരെ ഭരണപക്ഷ എംഎല്‍എ നിയമസഭയില്‍ പൊട്ടിത്തെറിച്ചത് കാസര്‍കോടുകാര്‍ അറിഞ്ഞതാണ്. കോഴിക്കോടുകാരനായ സ്ഥാനാര്‍ഥിക്ക് അതൊന്നും അറിയേണ്ട കാര്യമില്ല. ഐടി രംഗത്ത് വന്‍ സാധ്യതയാണത്രെ ജില്ലയില്‍. ആര്‍ക്കാണ് തര്‍ക്കം. ഇതിനായി യുഡിഎഫ് എന്ത് ചെയ്തു? സ്ഥാനാര്‍ഥി പര്യടനത്തിനിടയില്‍ ചീമേനിയിലൊന്ന് പോയി നോക്കണം. അവിടെ നൂറേക്കര്‍ സ്ഥലം വേലികെട്ടി വെച്ചിട്ടുണ്ട്. അതില്‍ ഒരു തറക്കല്ലും ഉണ്ട്. മൂന്നര വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഇട്ടതാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്ക് തുടങ്ങാനുള്ള സ്ഥലമാണത്. അതിനു മുകളില്‍ ഒരു കല്ല് പോലും വെക്കാത്തതാണ് യുഡിഎഫിന്റെ മൂന്നു കൊല്ലത്തെ നേട്ടം. എന്നിട്ടും ചപ്പടാച്ചിക്ക് ഒരു കുറവുമില്ല. അതാക്കും ഇതാക്കും എന്നൊക്കെ പറയാം. എന്തായാലും ജയിക്കില്ല. എന്നാല്‍ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയെങ്കിലും ആവാമല്ലോ എന്നാവും യുഡിഎഫ് കരുതുന്നത്.

ജില്ലയുടെ വികസനം എല്‍ഡിഎഫ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന അപക്വം: സിപിഐ എം

കാസര്‍കോട്: കേന്ദ്രത്തില്‍ തുടര്‍ച്ചയായി മുപ്പത് വര്‍ഷവും കേരളത്തില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കാലവും ഭരണം നടത്തിയ കോണ്‍ഗ്രസിന്റെ നേതാവായ യുഡിഎഫ് സ്ഥാനാര്‍ഥി കാസര്‍കോടിന്റെ വികസന പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്വം എല്‍ഡിഎഫിനുമേല്‍ കെട്ടിവച്ച് നടത്തിയ പ്രസ്താവന അപക്വവും വസ്തുതാ വിരുദ്ധവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.

ജില്ലയെക്കുറിച്ചുള്ള പ്രാഥമിക വിവരം പോലും അന്വേഷിക്കാതെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന. കേരള രൂപീകരണത്തിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിലെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസര്‍കോട് ജില്ല പല കാരണങ്ങളാല്‍ പിന്നോക്കമായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തിലുള്ള 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജില്ലയില്‍ ശ്രദ്ധേയമായ വികസന പദ്ധതികള്‍ക്ക് അടിത്തറയിട്ട കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. പിന്നീട് പല ഘട്ടത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാറുകളെ അപേക്ഷിച്ച് 1980, 1987, 1996, 2006 വര്‍ഷങ്ങളില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാറുകളുടെ കാലത്താണ് ജില്ലയില്‍ വികസന രംഗത്ത് സുപ്രധാന നേട്ടങ്ങള്‍ ഉണ്ടായത്. ജില്ലയില്‍ ആദ്യത്തെ സര്‍ക്കാര്‍ കോളേജ് 1957 ല്‍ ഇ എം എസ് സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാമത്തെ സര്‍ക്കാര്‍ കോളേജ് ലഭിക്കാന്‍ 23 വര്‍ഷം കഴിഞ്ഞ് 1980 കളിലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലം വരെ കാത്തിരിക്കേണ്ടി വന്നു. വികസനവുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി കാര്യങ്ങള്‍ ഇവിടത്തെ ജനങ്ങളുടെ മനസില്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യം യുഡിഎഫ് സ്ഥാനാര്‍ഥി മനസിലാക്കുന്നത് ഉചിതമായിരിക്കും- പ്രസ്താവനയില്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ രാജിവച്ചുവെന്നത് കള്ളപ്രചാരണം: സിപിഐ എം

കുറ്റിക്കോല്‍: ബേഡകം ഏരിയയിലെ കുണ്ടംകുഴി, ബീംബുങ്കല്‍ ഭാഗങ്ങളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ബേഡകം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കുടുംബങ്ങളില്‍നിന്നും ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ബിഎംഎസ് ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവര്‍ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമാണ് ബിജെപി സ്വീകരണം നല്‍കിയത്. കാലാകാലങ്ങളിലായി ബിജെപിയോടൊപ്പം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് സ്വീകരണം നല്‍കിയതിനെ സിപിഐ എം പ്രവര്‍ത്തകര്‍ രാജിവച്ചതായി ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ബേഡകത്തെയും ജില്ലയിലെയും സിപിഐ എം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment