Wednesday, March 12, 2014

കര്‍ഷകര്‍ വിധിയെഴുതും

ഇടുക്കി: കര്‍ഷകദ്രോഹത്തിനെതിരെ വിധിയെഴുതാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ലമെന്റ് മണ്ഡലമായ ഇടുക്കി തയ്യാറെടുക്കുന്നു. ഏലം, റബര്‍, കുരുമുളക്, തേയില മേഖലയിലെ നാണ്യവിള കര്‍ഷകര്‍, കുടിയേറ്റ പാരമ്പര്യമുള്ള ഇടത്തരം ദരിദ്ര കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കൈത കൃഷിക്കാര്‍ തുടങ്ങിയവരാണ് മണ്ഡലത്തിലെ നിര്‍ണായക ശക്തി. അതിര്‍ത്തി തോട്ടംമേഖലയിലെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും, 25ല്‍പരം പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അത്ര ചെറുതല്ലാത്ത സ്വാധീനം ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്.

കസ്തൂരിരംഗന്‍ ശുപാര്‍ശ നടപ്പാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കവും ഉത്തരവും ഏറെ ബാധിക്കുന്നത് മലയോര നിവാസികളെ. കൂടാതെ പട്ടയപ്രശ്നം, റബര്‍ വിലയിടിവ്, കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം എന്നിവ മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളാണ്. വിവിധ വിഷയങ്ങളുയര്‍ത്തി കര്‍ഷക സംഘടനകളെല്ലാം മാസങ്ങളായി സമരമുഖത്താണ്.

ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി, തൊടുപുഴ, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മണ്ഡലം. കോട്ടയം-എറണാകുളം ജില്ലകളിലെ താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത ഇടുക്കി ജില്ല രൂപീകരിച്ചത് 1972ലാണെങ്കിലും ഇടുക്കി പാര്‍ലമെന്റ് മണ്ഡലം രൂപംകൊള്ളുന്നത് 1977ല്‍. രൂപംകൊണ്ട ഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, റാന്നി മണ്ഡലങ്ങള്‍ ഒഴിവായി പകരം എറണാകുളത്തെ രണ്ട് മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്തത് 2009ലെ ലോക്സഭ തെരഞ്ഞെടുപ്പോടെയാണ്. 1977ല്‍ മണ്ഡലം രൂപീകരിച്ചശേഷം നടന്ന 10 തെരഞ്ഞെടുപ്പില്‍ മൂന്നുതവണ എല്‍ഡിഎഫും ഏഴുതവണ യുഡിഎഫുമാണ് വിജയിച്ചിട്ടുള്ളത്. 1980ല്‍ ടി എസ് ജോണിനെ എല്‍ഡിഎഫിലെ എം എം ലോറന്‍സ് 7033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി മണ്ഡലം എല്‍ഡിഎഫിന് അനുകൂലമാക്കിയത്. തുടര്‍ന്ന് 1999ലും 2004ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് യഥാക്രമം 9298, 69384 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി ജെ കുര്യനെയും ബെന്നി ബഹനാനെയും പരാജയപ്പെടുത്തി. 1977ല്‍ സി എം സ്റ്റീഫന്‍, 84 പി ജെ കുര്യന്‍, 89ലും 91ലും പാലാ കെ എം മാത്യു, 96 എ സി ജോസ്, 98 പി സി ചാക്കോ, 2009 പി ടി തോമസ് എന്നിവരാണ് വിജയിച്ചത്.

deshabhimani

No comments:

Post a Comment