Wednesday, March 12, 2014

അച്ചടിവ്യവസായത്തെ തകര്‍ക്കാന്‍ സര്‍ക്കാരും; അച്ചടി കേരളത്തിനു പുറത്തേക്ക്

അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദഗ്ധതൊഴിലാളികളുടെ ക്ഷാമവും സംസ്ഥാനത്തെ അച്ചടിവ്യവസായത്തെ തകര്‍ക്കുന്നു. സര്‍ക്കാരിന്റെ അച്ചടിജോലികള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസ്ഥാനത്തിനു പുറത്തള്ള പ്രസുകള്‍ക്ക് നല്‍കുന്നതും വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. പത്തു ലക്ഷം രൂപമുതല്‍ കോടികള്‍വരെ മുടക്കി സ്ഥാപിച്ച 6000ത്തോളം ചെറുകിട-ഇടത്തരം പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നോട്ടീസ്, ബില്ല്, ടിക്കറ്റ് എന്നിവയുടെ അച്ചടിയാണ് പ്രസുകള്‍ക്ക്പ്രധാന വരുമാനമാര്‍ഗം. സാധാരണ കടകളില്‍പ്പോലും ബില്ലുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ബസുകളില്‍ ടിക്കറ്റ് മെഷീനുകളും വന്നതോടെ പ്രസുകളുടെ ജോലി കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമാണ് പ്രസുകള്‍ക്ക് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലെ പ്രസുടമകള്‍ ചിലരെ സ്വാധീനിച്ച് സര്‍ക്കാരിന്റെ അച്ചടിജോലികള്‍ കൊണ്ടുപോകുന്നതും വ്യവസായത്തിനു വിനയാകുന്നു. അംഗീകരിച്ച ടെന്‍ഡറുകളും ഇവിടുത്തെ പ്രസുകള്‍ക്ക് സൗകര്യമില്ലെന്ന കാരണത്താല്‍ തള്ളുന്നതും പതിവാണ്.

പാഠപുസ്തകങ്ങളുടെ അച്ചടിക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ പരമാവധി താമസിപ്പിച്ച് സര്‍ക്കാരിന്റെ പ്രത്യേക അനുമതിവാങ്ങി അന്യസംസ്ഥാനത്തെ പ്രസുകള്‍ക്ക് നല്‍കുകയാണ് പതിവ്. ചെറിയ ലാഭവും ചിലര്‍ക്ക് ലഭിക്കുന്ന കമീഷനുമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. പേപ്പറിന്റെയും മഷിയുടെയും വില അടിക്കടി വര്‍ധിപ്പിച്ച് കേരളത്തിലെ വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഒന്നര വര്‍ഷത്തിനിടയില്‍ എല്ലാ മാസവും രണ്ടുമുതല്‍ മൂന്നുവരെ ശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്. അച്ചടിയന്ത്രം വൃത്തിയാക്കാനുപയോഗിക്കുന്ന മണ്ണെണ്ണയുടെ ലഭ്യതക്കുറവും വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. ചെറിയ സ്ഥാപനത്തിനുപോലും ഒരു മാസത്തേക്ക് അഞ്ചുമുതല്‍ 10 വരെ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ലിറ്ററിന് 100 രൂപവരെ നല്‍കിയാണ് മണ്ണെണ്ണ വാങ്ങുന്നത്. വിലവര്‍ധനയടക്കമുള്ള പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച് പ്രസ് ഉടമകളുടെ സംഘടനയായ പ്രിന്റേഴ്സ് അസോസിയേഷന്‍ ബുധനാഴ്ച സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

deshabhimani

No comments:

Post a Comment