Saturday, March 15, 2014

ബാലറ്റ്പെട്ടിയില്‍നിന്ന് വോട്ടിങ് യന്ത്രത്തിലേക്ക്

ആദ്യ തെരഞ്ഞെടുപ്പു കമീഷണറായിരുന്ന സുകുമാര്‍ സെന്നാണ് 1952ല്‍ വോട്ടിങ് രീതി തയ്യാറാക്കിയത്. ഓരോ സ്ഥാനാര്‍ഥിക്കും ഓരോ ബാലറ്റ് പെട്ടി. പെട്ടിക്കു മുകളില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും. ഇഷ്ടമുള്ള വോട്ട് രേഖപ്പെടുത്തിയശേഷം ആ സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ ബാലറ്റിടും. തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം അന്യംനില്‍ക്കുന്നതായിരുന്നു സംവിധാനം. അശാസ്ത്രീയ വോട്ടിങ് രീതി 1962ല്‍ അവസാനിപ്പിച്ചു. ഒരു ബാലറ്റ് പെട്ടിയില്‍ എല്ലാവരും ബാലറ്റ് പേപ്പര്‍ ഇടണമെന്ന നിര്‍ദേശം വന്നു. ഇതിലൂടെ വോട്ടിങ്ങിലെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു. സ്ഥാനാര്‍ഥികളുടെ എണ്ണം പെരുകുന്നത് ബുദ്ധിമുട്ടുണ്ടാക്കി. പലയിടത്തും വര്‍ത്തമാനപത്രങ്ങളേക്കാള്‍ വലുപ്പമുള്ള ബാലറ്റ് പേപ്പറുകള്‍ ഉണ്ടായി. വോട്ടെണ്ണാന്‍ ദിവസങ്ങളെടുത്തു.

ഇതോടെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാധ്യത ആരാഞ്ഞത്. 1981ല്‍ കേരളത്തില്‍ പറവൂര്‍ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ചു. പല കേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുംശേഷം 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാഗികമായും 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു. ഇപ്പോഴും പൂര്‍ണമായും സുതാര്യമാണെന്നു പറയാനാകില്ല. സുതാര്യത ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പു കമീഷന്‍ വോട്ടര്‍ ഓഡിറ്റിങ് സംവിധാനം പുതുതായി കൊണ്ടുവന്നിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയതിനുശേഷം വോട്ടര്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക പേപ്പര്‍ നല്‍കും. വോട്ടിങ് മെഷീനില്‍നിന്ന് വരുന്ന ഈ പേപ്പറില്‍ വോട്ടര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാണിച്ചിട്ടുണ്ടാകും.

നേരത്തെ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം നിലവിലുണ്ടായിരുന്ന ചില രാജ്യങ്ങള്‍ പേപ്പര്‍ വോട്ടിങ്ങിലേക്ക് തിരിച്ചുപോയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഹോളണ്ട്, ജര്‍മനി എന്നിവയാണ് ഈ രാജ്യങ്ങള്‍. കംപ്യൂട്ടര്‍ ഹാക്കിങ്ങിന്റെ കാലത്ത് ഇലക്ട്രോണിക് വോട്ടിങ് സുതാര്യമാകില്ലെന്ന കാരണം പറഞ്ഞാണ് ഇവര്‍ പേപ്പര്‍ വോട്ടിങ്ങിലേക്ക് മടങ്ങിയത്. - കെആര്‍

deshabhimani

No comments:

Post a Comment