Saturday, March 15, 2014

കുട്ടനാട് പാക്കേജ് ഇഴയുന്നു

കുട്ടനാടിന്റെ നവോത്ഥാന പദ്ധതിയായ കുട്ടനാട് പാക്കേജ് പ്രവര്‍ത്തനം മന്ദഗതിയില്‍. നെല്ല്, മത്സ്യ, മൃഗ സംരക്ഷണ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2008ലാണ് കുട്ടനാട് പാക്കേജ് ജന്മമെടുത്തത്. തുടക്കത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇപ്പോള്‍ പാടേ നിലച്ച മട്ടാണ്. പദ്ധതി പ്രദേശങ്ങളിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെയും പ്രതിനിധികള്‍ കേന്ദ്ര പദ്ധതിയായ കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. കേന്ദ്ര സഹമന്ത്രിമാരായ മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴയിലെ കെ സി വേണുഗോപാല്‍, കോട്ടയം എംപിയായ ജോസ് കെ മാണി എന്നിവര്‍ കുട്ടനാട് പാക്കേജിനോടും കര്‍ഷകരോടും കാട്ടിയ കടുത്ത അവഗണനയാണ് പദ്ധതി വഴിമുട്ടാന്‍ കാരണം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 64 പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പദ്ധതിക്കു കീഴില്‍ വരുന്നത്. ആലപ്പുഴയില്‍ 64ഉം കോട്ടയത്ത് 27ഉം പത്തനംതിട്ടയില്‍ അഞ്ചും പഞ്ചായത്തുകളുണ്ട്. ഇതുവരെ 287 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളേ നടപ്പായുള്ളു. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി കേന്ദ്രം ഒരു രൂപപോലും നല്‍കിയില്ല. 2014 ജനുവരിയില്‍ ഇറങ്ങിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് 2,513 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണത്തിന് 268 കോടി രൂപ അനുവദിച്ചെങ്കിലും പണി നടന്നില്ല. 1967ല്‍ 60,921 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കുട്ടനാട്ടില്‍ 2013 ലെത്തിയപ്പോള്‍ 35,000 ഹെക്ടറായി കുറഞ്ഞു. നെല്ല് ഉല്‍പ്പാദനത്തില്‍ കുട്ടനാടിന്റെ വിഹിതം 1967ല്‍ 37 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 15 ശതമാനത്തിലെത്തി. ഈ രീതി തുടര്‍ന്നാല്‍ 2020 ആകുമ്പോള്‍ കുട്ടനാട് നെല്‍കൃഷി ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകും. പ്ര

ത്യേക കാര്‍ഷിക മേഖലയായി കുട്ടനാടിനെ സംരക്ഷിക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പായില്ല. തണ്ണീര്‍മുക്കം ബണ്ട് പൊളിച്ചുപണിത് യഥാസമയം തുറക്കുകയും അടയ്ക്കുകയും ചെയ്യുകയെന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. കുട്ടനാടന്‍ പാടശേഖരത്തിലേക്ക് പമ്പയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ കനാലുകളുടെ ആഴംകൂട്ടല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിനായി പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനായിരുന്നു നിര്‍ദേശം. കുട്ടനാടിന്റെ ജൈവവ്യവസ്ഥ നിലനിര്‍ത്തി കണ്ടല്‍കാടുകള്‍ ഉള്‍പ്പെടെ നട്ടുവളര്‍ത്തി ബണ്ട് നിര്‍മിക്കണമെന്നതും സാക്ഷാല്‍കരിച്ചില്ല. പകരം കോണ്‍ക്രീറ്റ് ബണ്ടുകളാണ് നിര്‍മിക്കുന്നത്. കുട്ടനാടിനെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര്‍ഷിക കേന്ദ്രമാക്കാനാണ് പാക്കേജിന്റെ ലക്ഷ്യം. എന്നാല്‍ കേന്ദ്ര കൃഷി, ജലവിഭവ വകുപ്പുകളില്‍നിന്ന് തുക വാങ്ങിയെടുത്ത് പദ്ധതി തുടരാന്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുളള മൂന്ന് എംപിമാര്‍ക്കും കഴിഞ്ഞിട്ടില്ല

deshabhimani

No comments:

Post a Comment