Saturday, March 15, 2014

കര്‍ണാടകത്തിന് പുതിയ കോച്ച് ഫാക്ടറി

കേരളത്തിന് വാഗ്ദാനം ചെയ്ത കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലയിലൊതുങ്ങിയപ്പോള്‍ കര്‍ണാടകത്തില്‍ പുതിയ കോച്ച് ഫാക്ടറിക്ക് അതിവേഗ നടപടി. കേന്ദ്രസര്‍ക്കാരിന്റെ രഹസ്യ തീരുമാനം പുറത്തുവന്നതോടെ, കഞ്ചികോട്ടെ കോച്ച് ഫാക്ടറിക്കുള്ള കാത്തിരിപ്പിന് ഏറെക്കുറേ വിരാമമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും ചേര്‍ന്ന് കേരള ജനതയെ വഞ്ചിക്കുകയായിരുന്നു.

ബംഗളൂരുവിനടുത്ത കോലാറില്‍ കോച്ച് ഫാക്ടറിക്ക് ഫെബ്രുവരി 28നാണ് കേന്ദ്രക്യാബിനറ്റ് അംഗീകാരം നല്‍കിയത്. 1460.92 കോടി ചെലവില്‍ നടപ്പാക്കുന്നപദ്ധതിയില്‍ 50 ശതമാനം പങ്കാളിത്തം കര്‍ണാടക സര്‍ക്കാരിന്റേതാണ്. പദ്ധതിക്കാവശ്യമായ 1118.38 ഏക്കര്‍ ഭൂമി കര്‍ണാടക സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. 2019ല്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ടാണ് പദ്ധതി നീക്കുന്നത്. പ്രതിവര്‍ഷം 500 കോച്ചുകള്‍ ഈ ഫാക്ടറിയില്‍നിന്ന് പുറത്തിറക്കാനാകും. കേരളത്തില്‍ കോച്ച് ഫാക്ടറിക്കുവേണ്ടി മുറവിളികൂട്ടുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കോലാറില്‍ കോച്ച് ഫാക്ടറിസ്ഥാപിക്കാന്‍ എല്ലാ നടപടിയും അതീവ രഹസ്യമായി പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ കണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് ക്യാബിനറ്റ് ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് ജനുവരിയില്‍ കര്‍ണാടക സര്‍ക്കാരും റെയില്‍വേയും ധാരണാപത്രം ഒപ്പുവച്ചു. ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാനുള്ള കരാറിലും കര്‍ണാടക സര്‍ക്കാരും റെയില്‍വേയും ഒപ്പുവയ്ക്കുകയായിരുന്നു.

അതേസമയം, 2012 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പാലക്കാട് കോട്ടമൈതാനിയില്‍ ശിലയിട്ട കോച്ച്ഫാക്ടറിക്ക് രണ്ടുവര്‍ഷത്തിനിടെ ചെയ്തത് മതില്‍കെട്ടല്‍ മാത്രമാണ്. ഇത്, പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ നാടകമെന്ന ആരോപണം ഇപ്പോള്‍ യാഥാര്‍ഥ്യമായി. മൂന്നുപതിറ്റാണ്ടുനീണ്ട മുറവിളിക്കുശേഷം 2008-09 വര്‍ഷത്തിലെ റെയില്‍വേ ബജറ്റിലാണ് കേന്ദ്രം കഞ്ചിക്കോട് റെയില്‍വേ കോച്ച്ഫാക്ടറിക്ക് അനുമതി നല്‍കിയത്. ആഗോളകരാര്‍ വിളിച്ച് നിര്‍മാണക്കമ്പനിക്ക് രൂപംനല്‍കുമെന്നായിരുന്നു ഇതുവരെ റെയില്‍വേയും കേരള മുഖ്യമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാരും റെയില്‍വേയും ഒന്നും ചെയ്യില്ലെന്ന് വ്യക്തമായതോടെ എം ബി രാജേഷ് എംപി പൊതുമേഖലാ സ്ഥാപനമായ സെയിലിനെക്കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കാന്‍ ശ്രമിച്ചു. അതിനും കേന്ദ്രസര്‍ക്കാര്‍ പാരവച്ചു. ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ ഒരു പരാമര്‍ശംപോലും പദ്ധതി സംബന്ധിച്ചുണ്ടായില്ല.

deshabhimani

No comments:

Post a Comment