Saturday, March 15, 2014

രാജേഷിന്റെ വിജയം വികസനത്തിന് അനിവാര്യം

രാജ്യത്തെ മികച്ച യുവ എംപിക്കുള്ള പുരസ്കാരം നേടിയ എം ബി രാജേഷ് വിജയിക്കേണ്ടത് നാടിന്റെ വികസനത്തിന് അനിവാര്യമെന്ന് മുന്‍മന്ത്രിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ശിവദാസമേനോന്‍ പറഞ്ഞു. രാജേഷിന്റെ വിജയത്തിനുവേണ്ടി തെരഞ്ഞെടുപ്പ്രംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ എം ബി രാജേഷ് മഞ്ചേരിയിലെ വസതിയിലെത്തി കണ്ടപ്പോഴാണ് അവശതപോലും മറന്ന് ശിവദാസമേനോന്‍ ആവേശഭരിതനായത്.

എല്‍ഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ് പാലക്കാട് ജില്ല വികസനമെന്തെന്ന് അറിഞ്ഞത്. മലമ്പുഴ റിങ് റോഡ്, ശ്രീകൃഷ്ണപുരം എന്‍ജിനിയറിങ് കോളേജ്, വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കഞ്ചിക്കോട് 400 കെവി സബ് സ്റ്റേഷന്‍, ചെര്‍പ്പുളശേരി ട്രഷറി എന്നിങ്ങനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ശിവദാസമേനോന്‍ ഓര്‍മിച്ചു. അരമണിക്കൂറോളം സൗഹൃദം പങ്കുവച്ച ശേഷമാണ് മടങ്ങിയത്. രാജേഷ് വിജയിച്ചാലേ മണ്ഡലത്തിന്റെ വികസനത്തുടര്‍ച്ച സാധ്യമാകുവെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. രാവിലെ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പര്യടനം ആരംഭിച്ചത്. മണ്ണമ്പറ്റ വിടിബി കോളേജ്, ശ്രീകൃഷ്ണപുരം എന്‍ജിനിയറിങ് കോളേജ്, കോട്ടപ്പുറം എസ് എന്‍ ട്രസ്റ്റ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുവനേതാവിന് ഊഷ്മള സ്വീകരണം നല്‍കി. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സമരസഹായ സമിതി സംഘടിപ്പിച്ച റാലി രാജേഷ് ഉദ്ഘാടനം ചെയ്തു. എടത്തറ ജിയുപി സ്കൂള്‍ വാര്‍ഷികാഘോഷപരിപാടിയില്‍ക്കൂടി പങ്കെടുത്താണ് വെള്ളിയാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചത്.

കര്‍ഷകര്‍ ആരുടെ വാക്ക് വിശ്വസിക്കും

പാലക്കാട്: മുഖ്യമന്ത്രി എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് ആണയിടുമ്പോഴും പരിസ്ഥിതിയെക്കുറിച്ച് "എല്ലാം അറിയുന്ന" പാലക്കാട്ടെ സ്ഥാനാര്‍ഥി പറയുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന് ഇറക്കിയ വിജ്ഞാപനത്തിന് മാറ്റമില്ലെന്നാണ്. ഹരിത ട്രൈബ്യൂണല്‍ വിധിക്കുമുന്നില്‍ ഓഫീസ് മെമ്മോറാണ്ടമൊക്കെ നിഷ്പ്രഭമാകുമെന്നര്‍ഥം. ആദ്യം ഉരുണ്ടുകളിച്ചുവെങ്കിലും മാധ്യമങ്ങളുടെ കുത്തിക്കുത്തിയുള്ള ചോദ്യത്തിനു മുന്നില്‍ സത്യം പറഞ്ഞുപോയി. ഇങ്ങനെ വന്നാല്‍ പാലക്കാട് ജില്ലയിലെ വലിയൊരു ഭാഗത്തെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകും. അട്ടപ്പാടിയും നെല്ലിയാമ്പതിയും പറമ്പിക്കുളവും മാത്രമല്ല, പാലക്കാട് നഗരത്തിന്റെ ഒരുഭാഗംവരെ പരിസ്ഥിതിലോല പ്രദേശമാകും. ജീവിക്കാന്‍വച്ച മണ്ണും മണല്‍ത്തരിയും അന്യമാകും. എന്നും മുന്നില്‍ക്കാണുന്ന നാട്ടുകാരോട് തങ്ങള്‍ക്കു മറുപടി പറയാനാവില്ല എന്നതിനാലാവാം തദ്ദേശവാസികളായ കോണ്‍ഗ്രസ് നേതാക്കള്‍, വയനാടന്‍ചുരം ഇറങ്ങിവന്ന സ്ഥാനാര്‍ഥിക്കു മുന്നില്‍ കണ്ണുമടച്ച് "നല്ലപിള്ള"യായി കൈകെട്ടിനില്‍ക്കുന്നത്.

മാധ്യമങ്ങളുടെ മുന്നില്‍ മുഖാമുഖത്തിന് എത്തിയപ്പോള്‍ അപ്രിയമായ ചോദ്യങ്ങളൊന്നും ഉണ്ടാവില്ലെന്നായിരുന്നു സ്ഥാനാര്‍ഥി കരുതിയത്. വയനാട്ടില്‍ റവന്യുഭൂമി കൈവശംവച്ചതടക്കമുള്ള ചോദ്യങ്ങള്‍ മുന്നിലിട്ടപ്പോള്‍ സ്ഥാനാര്‍ഥിയാണെന്ന കാര്യം മറന്നുപോയി. റവന്യുഭൂമി താനും മകനും കൈവശപ്പെടുത്തിയിട്ടില്ല. 1940ല്‍ അച്ഛന്‍ കൈയടക്കിയ ഭൂമി വിട്ടുകൊടുക്കാതിരിക്കാനാണ് കോടതിയിലടക്കം കയറിയിറങ്ങി പെടാപ്പാട്പെടുന്നത്. സര്‍, റവന്യുഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെ, അത് കൈവശംവയ്ക്കുന്നത് തെറ്റല്ലെ. വയനാട്ടിലെ ആദിവാസികള്‍ക്ക് വിട്ടുകൊടുത്തുകൂടെ എന്ന് ആരും ചേദിച്ചില്ല. ചോദിച്ചുവെങ്കില്‍ കൊടുക്കില്ല. എന്ന് ഉറപ്പിച്ചുപറയുമായിരുന്നു. ഏതുപോലെയെന്നാല്‍, മാതൃഭൂമിയിലെ ജീവനക്കാരുടെ ശമ്പളപരിഷ്കാരം നടപ്പാക്കില്ലെന്നു പറഞ്ഞതുപോലെ, പത്രമാധ്യമങ്ങളിലുള്ളവര്‍ക്ക് വേജ്ബോര്‍ഡ് നടപ്പാക്കുന്ന കാര്യം തന്നോട് ചോദിക്കരുതെന്നു പറയുന്നതുപോലെ. ജനാധിപത്യവാദിയും സാംസ്കാരികപ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനുമൊക്കെത്തന്നെ, എന്നാല്‍ സ്വന്തംകാര്യംവരുമ്പോള്‍ "കളി"വേറെയാണ്. ഇങ്ങോട്ടു വരുന്നതൊക്കെ പോന്നോട്ടെ. ലോക്സഭാ എംപിയായില്ലെങ്കില്‍, രാജ്യസഭാ എംപിയാക്കുമെന്ന് ഉമ്മച്ചന്‍ വാക്ക് തന്നിട്ടുണ്ടല്ലോ. ജനങ്ങള്‍ ജനങ്ങളുടെ പാട്ടിനു പോകട്ടെ.

deshabhimani

No comments:

Post a Comment