Saturday, March 15, 2014

ഇവിടെ വിരിയും ഇടത് പുഞ്ചിരി

വികസനമോ സ്തംഭനമോ?

കൊച്ചി: വികസനമാണ് ചര്‍ച്ചയെങ്കില്‍ തെരഞ്ഞെടുപ്പിനു മുമ്പേ യുഡിഎഫ് എറണാകുളത്ത് അടിയറവ് പറയേണ്ടിവരും. ഇന്ത്യയുടെ വ്യവസായഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന എറണാകുളത്ത് വ്യവസായമേഖല അക്ഷരാര്‍ഥത്തില്‍ സ്തംഭനത്തിലാണ്. വ്യവസായങ്ങളുടെ ശവപ്പറമ്പായ മെട്രോ മേഖലയുടെ നിരന്തരമായ രോദനം കേള്‍ക്കാന്‍ കേന്ദ്രസഹമന്ത്രിയായിട്ടും കെ വി തോമസിനു കഴിഞ്ഞില്ല. ഇവയ്ക്കൊന്നും പരിഹാരം കാണാതെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുമായി ഫ്ളക്സുകളിലും പരസ്യങ്ങളിലുംമാത്രം നിറയുന്ന കെ വി തോമസിന്റെ "വികസനം" ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. കോണ്‍ഗ്രസിന്റെ സടകൊഴിഞ്ഞ സിംഹം കെ വി തോമസിനെതിരെ ജനകീയ ഉദ്യോഗസ്ഥന്‍ എന്ന വിശേഷണവുമായി ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി അങ്കത്തട്ടിലിറങ്ങുന്നത്.

കൊച്ചി കോര്‍പറേഷനും പറവൂര്‍, കളമശേരി, ഏലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളും 24 പഞ്ചായത്തുകളുമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇടത്-വലത് മുന്നണികളെ മാറിമാറി വരിച്ച മണ്ഡലമാണ് എറണാകുളം. കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എം തോമസാണ്് എറണാകുളത്തുനിന്ന് പാര്‍ലമെന്റിലെത്തിയത്. 1962ലും അദ്ദേഹം വിജയിച്ചു. 1967ല്‍ സിപിഐ എമ്മിലെ വി വിശ്വനാഥമേനോനിലൂടെ മണ്ഡലം ഇടതുപക്ഷത്തായി. 1971, 1977 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ ഹെന്‍റി ഓസ്റ്റിനും 1980ല്‍ സേവ്യര്‍ അറയ്ക്കലുംവിജയിച്ചു. 1984 മുതല്‍ 1991 വരെ തുടര്‍ച്ചയായി മൂന്നുവട്ടം എറണാകുളത്തുനിന്ന് വിജയിച്ച കെ വി തോമസ് 1996ല്‍ ഇടതുപക്ഷ സ്വതന്ത്രന്‍ സേവ്യര്‍ അറയ്ക്കലിനോട് തോറ്റു. 1997ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വതന്ത്രന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനെ തെരഞ്ഞെടുത്തു. 1998, 1999 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ ജോര്‍ജ് ഈഡന്‍ വിജയിച്ചു. 2003ലെ ഉപതെരഞ്ഞെടുപ്പിലും 2004 ലും ഡോ. സെബാസ്റ്റ്യന്‍ പോളിലൂടെ വീണ്ടും ഇടത്തോട്ട് ചാഞ്ഞു. 5,52,754 പുരുഷന്മാരും 5,77,286 സ്ത്രീകളും ഉള്‍പ്പെടെ മണ്ഡലത്തില്‍ 11,30,040 വോട്ടര്‍മാരുണ്ട്. 2009ല്‍ 10,08,696 വോട്ടര്‍മാരുണ്ടായിരുന്നു. യുഡിഎഫ് വന്‍ മുന്നേറ്റം നടത്തിയ 2009ല്‍ തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവര്‍ പ്രചരിപ്പിക്കുന്ന എറണാകുളത്ത് സിപിഐ എമ്മിലെ സിന്ധു ജോയിയോട് കെ വി തോമസ് കഷ്ടിച്ചാണ് കടന്നുകൂടിയത്. 11,790 വോട്ടായിരുന്നു ഭൂരിപക്ഷം.

അഞ്ജുനാഥ്

ഇവിടെ വിരിയും ഇടത് പുഞ്ചിരി

ചാലക്കുടി: അറബിക്കടലിലേക്ക് കാല്‍നീട്ടി പശ്ചിമഘട്ടത്തില്‍ തലചായ്ച്ച് വിശാലമായാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ കിടപ്പ്. ഇടതുവശത്തേക്കു ചായാന്‍ പ്രയാസമില്ലെന്ന് പലപ്പോഴും തെളിയിച്ച മുകുന്ദപുരത്തിന്റെ പിന്‍ഗാമി. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് തൃശൂരിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ നിറസാന്നിധ്യമായ മലയാളികളുടെ പ്രിയതാരം ഇന്നസെന്റാണ് ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഞ്ചുവര്‍ഷം തൃശൂരിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടും ഒന്നും ചെയ്യാനാവാത്തതിന്റെ പേരില്‍ ജനങ്ങള്‍ കൈയൊഴിഞ്ഞ പി സി ചാക്കോയാണ് മണ്ഡലം മാറി ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത്.

പൂര്‍വരൂപമായ മുകുന്ദപുരത്തിന് രാഷ്ട്രീയത്തിലെ അതികായരുടെ ചരിത്രം ഏറെ പറയാനുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോനും കെ കരുണാകരനും ഇ ബാലാനന്ദനും തുടങ്ങി ലോനപ്പന്‍ നമ്പാടന്‍വരെ മുകുന്ദപുരത്തുനിന്ന് ലോക്സഭയിലെത്തി. 2009ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്തത് 7,92,767 വോട്ട്. യുഡിഎഫ്് സ്ഥാനാര്‍ഥി കെ പി ധനപാലന്‍ 3,99,035 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പി ജോസഫ് 3,27,356 ഉം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി കെ വി സാബുവിന് 45,367 വോട്ട് ലഭിച്ചു. മണ്ഡലത്തില്‍ 5,50,669 പുരുഷന്മാരും 5,70,464 സ്ത്രീകളും ഉള്‍പ്പെടെ 11,21,133 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 69,015 വോട്ടര്‍മാര്‍ കൂടുതല്‍. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നാരായണന്‍കുട്ടിമേനോനിലൂടെ തുടങ്ങുന്നതാണ് മുകുന്ദപുരത്തിന്റെ ഇടതുചായ്വ്. 1980ല്‍ ഇ ബാലാനന്ദനുശേഷം യുഡിഎഫ് മണ്ഡലമായി അറിയപ്പെട്ട മുകുന്ദപുരം 2004ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോനപ്പന്‍ നമ്പാടനെ വിജയിപ്പിച്ചത് 1,17,097 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. നമ്പാടന്‍ മാഷ് ചെറുപുഞ്ചിരിയുമായെത്തി ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ കാലിടറിയത് പത്മജ വേണുഗോപാലിന്. നന്മയുടെ പക്ഷത്തുനിന്നുള്ള ആത്മാര്‍ഥമായ പുഞ്ചിരി കണ്ടില്ലെന്നു നടിക്കാന്‍ ഇക്കുറിയും ചാലക്കുടിക്കാര്‍ക്കാവില്ലെന്നുറപ്പ്. എംപിയെന്ന നിലയില്‍ കെ പി ധനപാലന്‍ മണ്ഡലത്തിനായി എന്തു ചെയ്തു എന്നതാണ് തെരഞ്ഞെടുപ്പില്‍ ഉയരുന്ന പ്രധാന ചോദ്യം. യുഡിഎഫിനു മുന്നില്‍ കീറാമുട്ടിയായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന രണ്ടു വില്ലേജുകള്‍ ചാലക്കുടിയിലുണ്ട്- അതിരപ്പിള്ളിയും പരിയാരവും. തീരപരിപാലന നിയമത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന കയ്പമംഗലത്തെ തീരവാസികളും ചാലക്കുടിയിലെ വോട്ടര്‍മാരാണ്.

ആനന്ദ് ശിവന്‍

തീരമേഖലയില്‍ പ്രതീക്ഷ പകര്‍ന്ന്

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സാധാരണക്കാരാണ്. വിസ്തൃതമായ തീരദേശ മേഖലയാണ് മണ്ഡലത്തിന്റെ ഭൂമിശാസ്ത്ര സവിശേഷത. ഇടതുപക്ഷ സ്വതന്ത്രന്‍ വി അബ്ദുള്‍റഹ്മാനും സിറ്റിങ് എംപി ലീഗിലെ ഇ ടി മുഹമ്മദ് ബഷീറും തമ്മിലാണ് ഇക്കുറി മത്സരം. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പുതുവെളിച്ചം പകര്‍ന്ന ധിഷണാശാലികള്‍ക്ക് ജന്മമേകിയ നാടിന്റെ മനസ്സില്‍ ഇടതുപക്ഷത്തിന് മായാത്ത സ്ഥാനമുണ്ട്. 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കേരളഗാന്ധി കെ കേളപ്പന്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി സ്ഥാനാര്‍ഥിയായും 1962ല്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി പൊന്നാനിയുടെ പ്രിയപുത്രന്‍ ഇ കെ ഇമ്പിച്ചിബാവയും ജയിച്ചു. 1967ല്‍ സിപിഐ എമ്മിന്റെ സി കെ ചക്രപാണിയും 1971ല്‍ സിപിഐ എമ്മിലെ എം കെ കൃഷ്ണനും പൊന്നാനിയെ പ്രതിനിധീകരിച്ചു. 1977 മുതല്‍ ഏഴ് തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗിലെ ജി എം ബനാത്ത്വാലയും 1991ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും പൊന്നാനിയുടെ എംപിയായി. 2004ല്‍ ഇ അഹമ്മദും കഴിഞ്ഞതവണ ഇ ടി മുഹമ്മദ് ബഷീറും വിജയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയം എളുപ്പമല്ലെന്ന് ലീഗ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെയും അവര്‍ ഭയക്കുന്നു. ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം രൂക്ഷമായ മണ്ഡലമാണ് പൊന്നാനി. ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാന്തരം വര്‍ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ജനം മറന്നിട്ടില്ല. ഇടുതുപക്ഷ സ്ഥാനാര്‍ഥിയായി വി അബ്ദുള്‍ റഹ്മാന്‍ എത്തിയതും ലീഗിനും യുഡിഎഫ് കേന്ദ്രങ്ങള്‍ക്കും അപ്രതീക്ഷിത തിരിച്ചടിയായി. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി മണ്ഡലം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി, തിരൂര്‍, കുറ്റിപ്പുറം മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ഇ ടി മുഹമ്മദ് ബഷീറിനെ തിരൂരില്‍ സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി തോല്‍വിയുടെ രുചിയറിഞ്ഞതും പൊന്നാനിയുടെ ഭാഗമായ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിലാണ്. കഴിഞ്ഞതവണ ഇ ടി മുഹമ്മദ് ബഷീര്‍ 82,864 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

പകരം വീട്ടാന്‍ കര്‍ഷകമണ്ണ്

കല്‍പ്പറ്റ: വടക്ക് തിരുനെല്ലി ബ്രഹ്മഗിരി മലനിരകള്‍മുതല്‍ ചാലിയാറിന്റെ തീരം കടന്ന് തെക്ക് മലപ്പുറം ജില്ലയിലെ വണ്ടൂര്‍വരെ പരന്നുകിടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ രണ്ടാമങ്കമാണ് ഇത്. മൂന്ന് ജില്ലകളില്‍ ഉള്‍പ്പെടുന്ന മണ്ഡലം 2009ലാണ് നിലവില്‍ വന്നത്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മാനന്തവാടി, കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട വയനാട് ജില്ലയിലെ കല്‍പ്പറ്റ, ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ എന്നീ അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ചേര്‍ത്താണ് വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ചത്.

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ടതും സോളാര്‍ വിവാദവും ഏറെ ചര്‍ച്ചചെയ്യപ്പെടും. രാഷ്ട്രീയ വൈരത്തിന്റെ ഇരകളായി രണ്ടു സഹോദരങ്ങള്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് (കുനിയില്‍ ഇരട്ടക്കൊലപാതകം) ഈ മണ്ണിലാണ്. ആദിവാസിമേഖലയോടുള്ള അനാസ്ഥയും സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം ഐ ഷാനവാസിനെ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചിട്ടും മണ്ഡലത്തെ അവഗണിച്ചതിന് പകരം ചോദിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണ്. വയനാടുകാര്‍ കൈയൊഴിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസിനെതിരെ എല്‍ഡിഎഫിലെ സത്യന്‍ മൊകേരിയെന്ന ഊര്‍ജ്വസ്വലനായ പൊതുപ്രവര്‍ത്തകനാണ് ഇക്കുറി അങ്കത്തിനിറങ്ങുന്നത്.

കര്‍ഷകരുടെ ഉറക്കംകെടുത്തുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട നിരവധി പഞ്ചായത്തുകള്‍ മണ്ഡലത്തിലുണ്ട്. വയനാട് ജില്ലയിലെ 13 ഗ്രാമത്തിനു പുറമെ നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി മണ്ഡലങ്ങളിലെ ഭൂരിഭാഗം പഞ്ചായത്തും പരിസ്ഥിതിലോല മേഖലയിലാണ്. വനാതിര്‍ത്തിയിലെ വന്യമൃഗ ഭീഷണിയും കാര്‍ഷികരംഗത്തെ തകര്‍ച്ചയും ആദിവാസികളുടെ ഭൂമിപ്രശ്നവും മാത്രമല്ല, വികസനം എത്താത്ത ഗ്രാമങ്ങളുടെ ദുരവസ്ഥയും മുഖ്യ ചര്‍ച്ചയാകും. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പാകാത്തത് എംപിയുടെ അനാസ്ഥമൂലമാണെന്നാണ് പരാതി. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മുത്തങ്ങയിലെ രാത്രിയാത്ര നിരോധനം നീക്കുന്നതിനും എംപി ഒന്നുംചെയ്തില്ല. 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ ഷാനവാസ് വിജയിച്ചത്. 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലത്തിലും യുഡിഎഫിന് വോട്ട് കുറഞ്ഞു. 12,29,815 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്.

പി ഒ ഷീജ deshabhimani

No comments:

Post a Comment