Saturday, March 15, 2014

മാറ്റത്തിന് കാതോര്‍ത്ത് മാവേലിക്കര

മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമായ മാവേലിക്കര ഇക്കുറി രാഷ്ട്രീയ സദാചാരവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലാണ്. എല്‍ഡിഎഫിലെ ചെങ്ങറ സുരേന്ദ്രനും യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് പ്രധാന പോരാട്ടം. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സോളാര്‍ വിവാദത്തില്‍ അകപ്പെട്ടതോടെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര കര്‍ഷകരും തീരപരിപാലന നിയമത്തിനെതിരെ കായല്‍ തീരദേശവാസികളും ഉയര്‍ത്തുന്ന പ്രതിഷേധത്തില്‍ ഉലയുകയാണ് മാവേലിക്കര.

1962ലാണ് മാവേലിക്കര മണ്ഡലം നിലവില്‍ വന്നതെങ്കിലും 2008ലെ പുനര്‍നിര്‍ണയത്തോടെ ഇതിന്റെ ഘടനയാകെ മാറി. സിപിഐ എമ്മിന്റെ സി എസ് സുജാത ഉള്‍പ്പെടെ വിജയിച്ച പഴയ മാവേലിക്കര മണ്ഡലത്തില്‍പ്പെട്ട പന്തളം, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളും അടൂര്‍ ലോക്സഭാ മണ്ഡലവും പുനര്‍നിര്‍ണയത്തോടെ ഇല്ലാതായി. പട്ടികജാതി സംവരണ മണ്ഡലമായിരുന്ന അടൂര്‍ ഇല്ലാതായതോടെ മാവേലിക്കര സംവരണ മണ്ഡലമായി. പഴയ അടൂരില്‍നിന്ന് കൊട്ടാരക്കരയും പത്തനാപുരവും മുമ്പ് കോട്ടയത്തിന്റെ ഭാഗമായിരുന്ന ചങ്ങനാശേരിയും പഴയ കൊല്ലത്ത് ഉള്‍പ്പെട്ടിരുന്ന കുന്നത്തൂരും ആലപ്പുഴയുടെ ഭാഗമായിരുന്ന കുട്ടനാടും നേരത്തെ മാവേലിക്കരയില്‍ ഉള്‍പ്പെട്ടിരുന്ന മാവേലിക്കര, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങള്‍കൂടി ചേര്‍ന്നതാണ് മണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ച ഇടങ്ങളാണ് ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ കുട്ടനാട്, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര എന്നിവ. 12,22,049 സമ്മതിദായകരാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 79,056 വോട്ടര്‍മാരുടെ വര്‍ധന.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തീരപരിപാലന നിയമവും കുട്ടനാട് പാക്കേജുമൊക്കെയാണ് ചര്‍ച്ചയില്‍ ചൂടുപിടിക്കുന്നത്. കൊല്ലംജില്ലയിലെ തെന്മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശമാണ്. ലോവര്‍ കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തീരപരിപാലന നിയമത്തിന്റെ കുരുക്കിലും അകപ്പെട്ടു. കുട്ടനാട് പാക്കേജ് അട്ടിമറിക്കപ്പെട്ടതും ചര്‍ച്ചയാകും. ഇതിലൊന്നും കൊടിക്കുന്നില്‍ സുരേഷിന് ഒന്നും ചെയ്യാനായില്ല. സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്നതും കൊടിക്കുന്നിലിന് തിരിച്ചടിയായി.

ജി അനില്‍കുമാര്‍ deshabhimani

No comments:

Post a Comment