Tuesday, March 18, 2014

യുഡിഎഫിന്റെ അഴിമതി: നിലപാടെടുക്കുന്നത് പ്രശ്നമാകുമെന്നു പ്രേമചന്ദ്രന്‍

യുഡിഎഫില്‍ നിന്നുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിപ്രശ്നങ്ങളില്‍ നിലപാട് എടുക്കേണ്ടിവരുന്നത് സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍. ഇത്തരമൊരു അവസ്ഥയില്‍ ആര്‍എസ്പിയുടെ നിലപാട് ജനങ്ങളോടു വിശദീകരിക്കുക ബുദ്ധിമുട്ടാകുമെന്നും കൊല്ലം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ദീര്‍ഘകാലം എല്‍ഡിഎഫിന്റെ ഭാഗമായിരുന്നശേഷം പെട്ടെന്നു യുഡിഎഫിലേക്കുപോയ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിന് ഉണ്ടായ നയവ്യതിയാനമാണ് മുന്നണിയില്‍നിന്നു ഘടകകക്ഷികള്‍ വിട്ടുപോകാന്‍ ഇടയാക്കിയതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, സിപിഐ എമ്മിന്റെ നയവ്യതിയാനം ഉഭയകക്ഷി ചര്‍ച്ചയിലും മുന്നണിവേദികളിലും ഉന്നയിക്കാതെ യുഡിഎഫില്‍ ചേക്കേറിയതും അതിനു തെരഞ്ഞെടുപ്പുഘട്ടത്തില്‍ തീരുമാനം എടുത്തത് ശരിയായോ എന്നു ചോദിച്ചപ്പോള്‍ മറുപടി പറയാതെ പ്രേമചന്ദ്രന്‍ ഉരുണ്ടുകളിച്ചു.

യുഡിഎഫില്‍ നിന്നു ജെഎസ്എസും കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളും എല്‍ഡിഎഫിലേക്കു വന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ മൗനമായിരുന്നു മറുപടി. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ജനകീയബദല്‍ കെട്ടിപ്പടുക്കുമെന്നാണല്ലോ ആര്‍എസ്പി ദേശീയസമ്മേളനം പ്രഖ്യാപിച്ചതെന്നും അതിനു കടകവിരുദ്ധമായ സംസ്ഥാനഘടകത്തിന്റെ തീരുമാനം ശരിയോ എന്നചോദ്യവും ഉയര്‍ന്നു. പാര്‍ടി സംസ്ഥാനകമ്മിറ്റി ഐകകണ്ഠ്യേനയാണ് മുന്നണിവിടാന്‍ തീരുമാനിച്ചതെന്നായിരുന്നു മറുപടി. യുഡിഎഫ് ഘടകകക്ഷികള്‍ കോണ്‍ഗ്രസില്‍നിന്ന് അവഗണന നേരിടുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. തങ്ങള്‍ക്കും അത്തരം സാഹചര്യം നേരിടേണ്ടിവന്നേക്കാം. ആറന്മുള വിമാനത്താവളം ഉള്‍പ്പെടെയുള്ള അഴിമതിപ്രശ്നങ്ങളില്‍ വി എം സുധീരന്‍ നേരത്തെ ചില നിലപാടുകള്‍ എടുത്തിരുന്നു. അദ്ദേഹം കെപിസിസി പ്രസിഡന്റായശേഷം അതൊക്കെ സംഘടനാതലത്തില്‍ ഉന്നയിച്ചുവരികയാണ്. തങ്ങളും ഈ നിലപാട് പിന്തുടരും. ഒരുമണിക്കൂറിലേറെ നീണ്ട മുഖാമുഖത്തില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് പ്രേമചന്ദ്രന്‍ നടത്തിയത്. കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ ഏതെങ്കിലും തരത്തിലുള്ള വാക്കുകള്‍ പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരും മുഖാമുഖത്തില്‍ പരാമര്‍ശിച്ചില്ല.

deshabhimani

No comments:

Post a Comment