Tuesday, March 18, 2014

തൊഴിലുറപ്പില്ല കൂലിയും

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പുതുക്കുമ്പോഴും തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ നടപടിയില്ല. നാട് തെരഞ്ഞെടുപ്പിന്റെ തിരക്കിലമരുമ്പോള്‍ ഉള്ള തൊഴിലും മുടങ്ങുമെന്ന അവസ്ഥയിലാണ് തൊഴിലാളികള്‍. 312 കോടിരൂപയാണ് സംസ്ഥാനത്ത് കൂലിയിനത്തില്‍ കുടിശ്ശിക. ജില്ലയില്‍ 18.92 കോടിയോളം. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവര്‍ക്കുപോലും കൂലി നല്‍കാതെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷം നൂറുദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ ആവിഷ്കരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് പ്രതിസന്ധിയിലായത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാരാണ് പദ്ധതി നിയമം നടപ്പാക്കിയത്. 2005 സെപ്തംബര്‍ അഞ്ചിനാണ് തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്. പദ്ധതിയുടെ അടിസ്ഥാനയം സര്‍ക്കാര്‍തന്നെ അവതാളത്തിലാക്കുകയാണ്. 200 ദിവസമെങ്കിലും തൊഴില്‍ നല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. നടത്തിപ്പിലെ വീഴ്ചക്കൊപ്പം കൂലിയും കിട്ടാതായതോടെ തൊഴിലാളികളുടെ ജീവിതമാണ് ഇരുട്ടിലായത്. 180 രൂപയാണ് ഇപ്പോള്‍ കൂലി. ജീവിതച്ചെലവും വിലക്കയറ്റവും കാരണം പൊറുതിമുട്ടുന്ന വര്‍ക്ക് ഇത് അപര്യാപ്തം. അസംഘടിത മേഖലയിലെ അവിദഗ്ധ തൊഴിലാളിക്കും മറുനാടന്‍ തൊഴിലാളിക്കും സംസ്ഥാനത്ത് 500- 600 രൂപ കൂലി ലഭിക്കുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളിക്ക് നാമമാത്രക്കൂലി. ഇത് 320 രൂപയെങ്കിലുമാക്കണമെന്നാണ് ഈ മേഖലയിലെ പ്രമുഖ സംഘടനയായ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

കേരളത്തില്‍ 27,85,969 ലക്ഷം കുടുംബം പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 16,23,831 കുടുംബം കഴിഞ്ഞ ജനുവരി 31 വരെ തൊഴിലിനായി അപേക്ഷിച്ചതില്‍ തൊഴില്‍ ലഭിച്ചത് 14,03,281 കുടുംബത്തിനുമാത്രം. മറ്റുള്ളവര്‍ക്ക് തൊഴില്‍രഹിത വേതനത്തിന് നിയമപരമായി അര്‍ഹതയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവംമൂലം ലഭിക്കുന്നില്ല. കൂലിക്കുടിശ്ശികക്കുപുറമെ പിഴപ്പലിശയിനത്തില്‍ 7.63 കോടിരൂപയും നല്‍കാനുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പ്രതിസന്ധിയിലായ ക്ഷീരമേഖലയ്ക്ക് സഹായമാകുന്നതിനൊപ്പം പദ്ധതിയിലെ തൊഴിലാളികള്‍ക്ക് അവസരം വര്‍ധിക്കുന്നതിനും ഇത് ഇടയാക്കും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഇപ്പോള്‍ നിര്‍ജീവമാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് പണം കൃത്യമായി വാങ്ങുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കുടിശ്ശികത്തുകയുടെ കാര്യത്തിലും കള്ളക്കളി നടത്തുകയാണ്. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ കുടിശ്ശിക സംബന്ധിച്ച് അവതരിപ്പിച്ചത് കള്ളക്കണക്കാണ്. കൂലി കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. കൂലി കൃത്യമായി കിട്ടാതാകുമ്പോള്‍ തൊഴിലാളികള്‍ പിന്മടങ്ങുന്നതോടെ പദ്ധതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്.

ഒരു ഉറപ്പുമില്ലാത്ത തൊഴില്‍

എത്ര നല്ലരീതിയില്‍ തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിച്ചവരാ നമ്മള്‍. ഇപ്പോ ഈ തൊഴിലിന് ഒരു ഉറപ്പുമില്ലാതായെന്ന് ചെറുതാഴം പഞ്ചായത്തിന് കീഴില്‍ തൊഴിലുറപ്പ് പണിയെടുക്കുന്ന മേലേതിയടത്തെ എം ശ്രീജ പറയുന്നു. അന്നന്നത്തെ ആഹാരത്തിന് വേണ്ടി പണിയെടുക്കുന്നവരാണ് എല്ലാ തൊഴിലാളികളും. കൂലി കിട്ടാതായതോടെ കുടുംബങ്ങള്‍ പട്ടിണിയായിത്തുടങ്ങി. എല്ലാ തൊഴിലാളികളും കൂലി കിട്ടാത്തതില്‍ മനംമടുത്ത് നില്‍ക്കുകയാണ്. എന്‍ജിനീയറോടും മറ്റും അന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തുന്നു. അവര്‍ക്ക് തന്നെ ശമ്പളം കിട്ടുന്നില്ല പോലും. മുന്‍പൊക്കെ കൃത്യമായി കിട്ടിയിരുന്നതാണ്. അന്ന് ഭര്‍ത്താവിന് പണിയില്ലെങ്കിലും കുടുംബം പട്ടിണിയാവില്ല. ഇപ്പോ കുറെ മാസമായി കൂലി തരാത്തത് കാരണം എല്ലാവരും കഷ്ടപ്പെടുകയാണ് - ശ്രീജ പറഞ്ഞു.

ഒരുറപ്പും നല്‍കാത്ത ജോലി

100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചയാളാണ് ഞാന്‍. കഴിഞ്ഞ നാലുമാസമായി കൂലി നല്‍കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ല. അയ്യായിരത്തോളം രൂപ കിട്ടാന്‍ ബാക്കി. ഇങ്ങനെ നരകിപ്പിക്കാന്‍ എന്തിനാണ് ഇത്തരമൊരു സര്‍ക്കാര്‍"?- മാടത്തിയിലെ അമ്പത് പിന്നിട്ട സി പി കമലാക്ഷിയുടെ ചോദ്യം കേന്ദ്രസര്‍ക്കാരിന് നേര്‍ക്കുള്ള പ്രതികരണമാവുന്നു. "രണ്ടു മക്കളടങ്ങിയ കുടുംബത്തെ പട്ടിണിയില്ലാതെ പോറ്റാനാണ് പദ്ധതിയില്‍ ചേര്‍ന്നത്. 22 ദിവസമായി കൂലി കിട്ടിയിട്ട്. കൂലി നല്‍കാന്‍ പഞ്ചായത്തിന് പണം നല്‍കേണ്ട സര്‍ക്കാര്‍ ഇതുവരെ തുക നല്‍കിയില്ല. 45 ലക്ഷമാണ് പായം പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പില്‍ കൂലിയിനത്തില്‍ നല്‍കാതെ പിടിച്ചുവച്ചത്. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കാരായ ഞങ്ങളോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്."- പായം ചീങ്ങാക്കുണ്ടത്തെ എം രജനി പറഞ്ഞു. വിളമന ഉദയഗിരിയിലെ മോളിക്കും കിട്ടാനുണ്ട് അയ്യായിരത്തോളം രൂപ. പണം ഇന്ന് കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷവച്ച് കുറെ ദിവസമായി നടക്കുന്നു. "പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ അടുപ്പ് പുകയുന്നുവെന്ന് ഉറപ്പാക്കാതെ എന്ത് ജനക്ഷേമമാണ് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ കൊട്ടിഘോഷിക്കുന്നത്?- മോളി ചോദിക്കുന്നു.

പ്രഖ്യാപനങ്ങള്‍ കടലാസില്‍

പെരിങ്ങോം: കൂലിയിനത്തില്‍ ആയിരക്കണക്കിന് രൂപ കുടിശ്ശിക ലഭിക്കാത്തതിന്റെ കദനകഥയാണ് മലയോര മേഖലയിലെ തൊഴിലാളികള്‍ക്ക് പറയാനുള്ളത്. മടക്കാംപൊയിലിലെ പുത്തന്‍പുരക്കല്‍ വത്സമ്മ രാജുവിന് ഒക്ടോബര്‍ മുതലുള്ള കൂലി ലഭിക്കാനുണ്ട്. കൂലി ലഭിക്കാനായി നിരവധി തവണ ബാങ്കുകളിലും പഞ്ചായത്തിലും കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുന്നു. അരവഞ്ചാലിലെ പലേരി പത്മനാഭന്‍ (75) കൂലിയിനത്തിലുള്ള കുടിശ്ശിക വര്‍ധിച്ചതോടെ പണിനിര്‍ത്തി. സഹകരണ ബാങ്കിലെ അക്കൗണ്ടിലൂടെ തൊഴിലുറപ്പ് കൂലി ലഭിക്കുകയില്ല എന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയെങ്കിലും ആറുമാസത്തിലധികമായി കൂലി കിട്ടാറില്ലെന്ന് പുക്കലിലെ കെ പ്രേമ സാക്ഷ്യപ്പെടുത്തുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയുടെ കൂലി വിതരണം ചെയ്യാത്തത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട്മൂലമാണ്. ഇത് പഞ്ചായത്തുകളുടെ ചുമലില്‍ ഇടാനുള്ള നീക്കമാണ് നടക്കുന്നത്. തൊഴിലുറപ്പ് കൂലി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായി മടക്കാംപൊയിലിലെ പാലവിള പുത്തന്‍പുരയില്‍ ഫാത്തിമാബീവി പറയുന്നു. തൊഴിലുറപ്പ് കൂലി കുടിശ്ശിക വരുത്താതെ വിതരണം ചെയ്യുമെന്ന പ്രഖ്യാപനങ്ങള്‍ വരുന്നുണ്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങിനില്‍ക്കുകയാണെന്നും ഫാത്തിമബീവി സാക്ഷ്യപ്പെടുത്തുന്നു.

deshabhimani

No comments:

Post a Comment