Wednesday, March 19, 2014

മോഡിയുടെ ഓഫീസിനെതിരെ സിബിഐ അന്വേഷണം

പ്രാണേഷ് പിള്ളയെയും ഇസ്രത്ത് ജഹാനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്ന കേസ് അട്ടിമറിക്കാന്‍ നരേന്ദ്രമോഡിയുടെ അനുയായികളായ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചന സിബിഐ വിശദമായി അന്വേഷിക്കും. കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് സിബിഐയുടെ പുതിയ തീരുമാനം.

ആഭ്യന്തര ഉപമന്ത്രി പ്രഫുല്‍ പട്ടേലും നിയമ ഉപമന്ത്രി പ്രദീപ് സിന്‍ഹ ജഡേജയും ഐപിഎസ് ഉദ്യോഗസ്ഥന്‍ എ കെ ശര്‍മയും കേസ് അട്ടിമറിക്കുന്നതിനായി 2011ല്‍ നടത്തിയ രഹസ്യയോഗത്തിന്റെ ശബ്ദരേഖ പുറത്തായതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. യോഗത്തില്‍ പങ്കെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിംഗാളാണ് ശബ്ദം റെക്കോഡ് ചെയ്തതെന്നാണ് സൂചന. വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യാനായിരുന്നു രഹസ്യയോഗം. ഗുജറാത്ത് ഹൈക്കോടതി, കേസില്‍ അന്തിമവിചാരണ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു മോഡിയുടെ ഗൂഢാലോചന. 2013 ഫെബ്രുവരിയില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് സിംഗാള്‍ ശബ്ദരേഖ സിബിഐക്ക് കൈമാറിയത്. കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തര ഉപമന്ത്രി പ്രഫുല്‍ പട്ടേല്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസ് അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ.

അന്വേഷണം പുരോഗമിക്കവെ പ്രത്യേക അന്വേഷണസംഘത്തെ പിരിച്ചുവിട്ട് കേസ് സിബിഐക്ക് കൈമാറണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പട്ടേലിനെയും ജഡേജയെയും ശര്‍മയെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2004 ജൂണിലാണ് മലയാളിയായ പ്രാണേഷ് പിള്ളയെയും ഇസ്രത്ത് ജഹാനെയും മറ്റു രണ്ടു പേരെയും ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്. അതിനിടെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ശരിവച്ച മെട്രോപ്പൊളിറ്റന്‍ കോടതി ഉത്തരവിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചു. മെട്രോപ്പൊളിറ്റന്‍ കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതായി സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് മാധ്യമങ്ങളോട് പറഞ്ഞു. മോഡിയെയും മറ്റ് 59 പേരെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കണമെന്നാണ് സാക്കിയയുടെ ആവശ്യം. സാക്കിയയുടെ ഹര്‍ജിയില്‍ 20ന് വിചാരണ തുടങ്ങും.

deshabhimani

No comments:

Post a Comment