Wednesday, March 19, 2014

ഔദ്യോഗിക വെബ്സൈറ്റ് വഴി തെര. പ്രചാരണം

പെരുമാറ്റച്ചട്ടം കാറ്റില്‍പറത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റുവഴി തെരഞ്ഞെടുപ്പു പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലടക്കം നടത്തുന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും വെബ്സൈറ്റില്‍ നല്‍കുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അടക്കമുള്ള യുഡിഎഫ് അനുകൂല പത്രങ്ങളില്‍ വരുന്ന വാര്‍ത്തയും ഔദ്യാഗിക വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരചട്ടലംഘനമാണ്.

ഈ മാസം അഞ്ചുമുതലാണ് തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിനുശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്  പൂര്‍ണമായി തെരഞ്ഞടുപ്പു പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ഇതൊടെ മുഖ്യമന്ത്രിതന്നെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏഴാംഭാഗത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ഞായറാഴ്ച യുഡിഎഫിന്റെ തിരുവനന്തപുരം ജില്ലാ കണ്‍വന്‍ഷനിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അതേപടി വെബ്സൈറ്റിലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും സിപിഐ എമ്മിനും എതിരായ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുടനീളം. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസംഗവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. മണ്ഡലം കണ്‍വന്‍ഷന്റെ വിശദാംശങ്ങളും പങ്കെടുത്തവരുടെ പേരുവിവരങ്ങളും ഉണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ്ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയുടെ മാതൃഭൂമി വാര്‍ത്തയും വെബ്സൈറ്റിലുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ "ഭരണനേട്ട"ങ്ങളും മറ്റുമാണ് പരാമര്‍ശം. തെരഞ്ഞെടുപ്പു വിഷയമാക്കി ഡല്‍ഹിയില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തയും വെബ്സൈറ്റിലുണ്ട്. ഇതുകൂടാതെ വിവിധ ഡിസിസികളുടെ പ്രചാരണ ജാഥകള്‍, വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയും വാര്‍ത്താരൂപത്തിലും മറ്റുമായി സൈറ്റിലുണ്ട്. വിവിധ ലിങ്കുകളിലായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി, സര്‍ക്കാരിന്റെ 1000 ദിവസങ്ങള്‍ തുടങ്ങിയവയും വിശദാംശങ്ങള്‍ ചേര്‍ത്ത് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment