Wednesday, March 12, 2014

രാഹുലിന്റേത് അഴിമതിക്കാരുടെ പട്ടിക

കഴിഞ്ഞ സെപ്തംബറില്‍ ന്യൂഡല്‍ഹി ഇന്ത്യന്‍ പ്രസ്ക്ലബ്ബില്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്റെ വാര്‍ത്താസമ്മേളനത്തിനിടെ കയറിവന്ന് "ഓര്‍ഡിനന്‍സ് കീറല്‍" നാടകം കളിച്ച രാഹുല്‍ ഗാന്ധി ഒരുക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക അഴിമതിക്കാരുടെ പട്ടിക. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യതയില്‍നിന്ന് സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സാണ് അന്ന് നേരത്തെ തയ്യാറാക്കിയ പ്രകാരം അന്ന് രാഹുല്‍ വലിച്ചു കീറിയത്. എന്നാല്‍, അഴിമതിയുടെ പ്രതീകങ്ങളായ അശോക് ചവാന്‍, പവന്‍കുമാര്‍ ബന്‍സല്‍, സുരേഷ് കല്‍മാഡിയുടെ ഭാര്യ മീനാക്ഷി കല്‍മാഡി എന്നിവരുള്‍പ്പെടെയുള്ളവര്‍ രാഹുലിന്റെ പട്ടികയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഷ്ട്രീയരംഗത്തെത്തിയ വ്യക്തിയാണ് സുരേഷ് കല്‍മാഡി. രാജ്യസഭാംഗമായും പാര്‍ലമെന്റംഗമായും നിലയുറപ്പിച്ച അദ്ദേഹം ഒളിമ്പിക് അസോസിയേഷന്‍ തലവനായി. കായികമേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയതില്‍ കല്‍മാഡിയുടെ പങ്ക് ചെറുതല്ല. അതിന്റെ മൂര്‍ത്തരൂപമായിരുന്നു 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്. ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന കല്‍മാഡിയുടെ നേതൃത്വത്തില്‍ വെട്ടിച്ചത് കോടികള്‍. ഗെയിംസിന് കൊടിയിറങ്ങി അധികം വൈകിയില്ല, അഴിമതിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കല്‍മാഡി അഴിക്കുള്ളില്‍. പത്ത് മാസം കഴിഞ്ഞാണ് പുറംലോകം കണ്ടത്. ഇതിനിടെ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ കയ്പറിഞ്ഞു. കല്‍മാഡിയെ കളത്തിലിറക്കിയാല്‍ ജനം പൊറുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനമെങ്കിലും കല്‍മാഡിയെ പിണക്കുന്നത് ആലോചിക്കാന്‍ പോലും രാഹുലിനും സംഘത്തിനുമാകില്ല. കോമണ്‍വെല്‍ത്ത് അഴിമതിയില്‍ നല്ലൊരു പങ്ക് ഒഴുകിയെത്തിയത് കോണ്‍ഗ്രസിന്റെ ഖജനാവിലേക്കായിരുന്നു. അതിനാല്‍ കല്‍മാഡിയുടെ ഭാര്യ മീനാക്ഷി കല്‍മാഡിയെ മത്സരിപ്പിക്കാനാണ് തീരുമാനം. കല്‍മാഡി പ്രതിനിധാനംചെയ്ത പുണെ ലോക്സഭ മണ്ഡലത്തില്‍നിന്നുതന്നെയാകും ഭാര്യയും ജനവിധി തേടുക.

യുപിഎ ഭരണകാലത്ത് അഴിമതിയുടെ കറപുരണ്ട മറ്റൊരു പ്രമുഖനാണ് റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സല്‍. കൈക്കൂലിക്കേസില്‍ മരുമകന്‍ വിജയ് സിംഗ്ല സിബിഐയുടെ പിടിയിലായതോടെയാണ് ബന്‍സലിന്റെ അഴിമതി പുറംലോകമറിഞ്ഞത്. റെയില്‍വേയില്‍ സ്ഥാനക്കയറ്റം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു വിജയ് സിംഗ്ല 90 കോടി കൈക്കൂലി വാങ്ങിയത്. ഇതിനുപിന്നാലെ ബന്‍സലിനെതിരെയുള്ള ആരോപണങ്ങളുടെ കെട്ടഴിഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും ഒടുക്കം മന്ത്രിസ്ഥാനം പോയി. ഈ തെരഞ്ഞെടുപ്പില്‍ ബന്‍സലിനെ കൈവിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. സിറ്റിങ് സീറ്റായ ചണ്ഡീഗഢ് ഇക്കുറിയും നല്‍കി. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലൂടെയും പെയ്ഡ് ന്യൂസ് വിവാദത്തിലൂടെയുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെ രാജ്യമറിഞ്ഞത്. 2011ലെ സിഎജി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ നടത്തിയ അഴിമതി വെളിച്ചം കണ്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്ക് നേതൃത്വം നല്‍കിയ അശോക് ചവാനെ നാന്ദേഡില്‍ മത്സരിപ്പിക്കാനാണ് നീക്കം.

സുജിത് ബേബി deshabhimani

No comments:

Post a Comment